ഹിന്ദു യുവാവിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് പണമില്ലാതെ വലഞ്ഞ കുടുംബത്തിന് താങ്ങായി അയല്‍ക്കാരായ മുസ്ലീങ്ങള്‍; മൃതദേഹം ചുമന്നതും ചിതയൊരിക്കതുമെല്ലാം ഇവര്‍ തന്നെ
India
ഹിന്ദു യുവാവിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് പണമില്ലാതെ വലഞ്ഞ കുടുംബത്തിന് താങ്ങായി അയല്‍ക്കാരായ മുസ്ലീങ്ങള്‍; മൃതദേഹം ചുമന്നതും ചിതയൊരിക്കതുമെല്ലാം ഇവര്‍ തന്നെ
ന്യൂസ് ഡെസ്‌ക്
Wednesday, 26th April 2017, 3:34 pm

 

 

മാല്‍ഡ: ശവസംസ്‌കാരത്തിനാവശ്യമായ പണം ഇല്ലാതെ ബുദ്ധിമുട്ടിയ ഹിന്ദു യുവാവിന്റെ സംസ്‌കാര ചടങ്ങുകള്‍ നടത്തിയത് അയല്‍ക്കാരായ ഇസ്‌ലാം മത വിശ്വാസികള്‍. മത വിദ്വേഷത്തിന്റെയും വര്‍ഗീയതയുടെയും വാര്‍ത്തകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോഴാണ് മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമ ഉദാഹരണമായി പശ്ചിമബംഗാളില്‍ നിന്ന് വാര്‍ത്ത പുറത്ത് വരുന്നത്.


Also read ‘എന്റെ ചങ്കും പറിച്ച് കൊടുക്കും’; ധോണിക്ക് വേണ്ടി തന്റെ പൈജാമ വരെ താന്‍ വില്‍ക്കുമെന്ന് ഷാരൂഖ് ഖാന്‍ 


രാജ്യത്തെ തന്നെ ഏറ്റവും ദരിദ്രമായ ജില്ലകളിലൊന്നാണ് പശ്ചിമബംഗാളിലെ മാല്‍ഡ. എന്നാല്‍ മനുഷ്യത്വത്തിന്റെ കാര്യത്തില്‍ തങ്ങള്‍ സമ്പന്നരാണെന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം ഉണ്ടായ വാര്‍ത്ത. തിങ്കളാഴ്ചയായിരുന്നു ബിശ്വജിത്ത് രജക് എന്ന 35കാരന്‍ മരണപ്പെടുന്നത്. അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ ബുദ്ധിമുട്ടിയ കുടുംബത്തിന് സഹായത്തിനെത്തിയ മുസ്‌ലിം യുവാക്കള്‍ ഹിന്ദു മതാചാരപ്രകരാമാണ് ബിശ്വജിത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്.

മൃതദേഹം മൂന്ന് കിലോമീറ്ററോളം ചുമന്നു കൊണ്ടു പോയ യുവാക്കള്‍ നദീ തീരത്ത് ചിതയൊരുക്കി ഹിന്ദുമതാചാരപ്രകാരമാണ് ശവസംസ്‌കാരം നടത്തിയത്. ദരിദ്രരായ യുവാവിന്റെ വീട്ടുകാര്‍ക്ക് ചടങ്ങുകള്‍ നടത്താനാവശ്യമായ പണം കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് അയല്‍ക്കാര്‍ രംഗത്തിറങ്ങുന്നത്.

 


Dont miss വോട്ടിങ് മെഷീനിലെ ക്രമക്കേട്: ആംആദ്മിയുടെ പരാതി ഉയരുന്നത് തോല്‍വിയ്ക്ക് ശേഷമല്ല; പല തവണ ആവര്‍ത്തിച്ച കാര്യങ്ങള്‍  


കൊല്‍ക്കത്ത നഗരത്തില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെയുള്ള ഷെയിക്പുര ഗ്രാമത്തിലാണ് സംഭവം നടക്കുന്നത്. ലിവര്‍ ക്യാന്‍സര്‍ മൂലമായിരുന്നു ബിശ്വജിത്ത് മരണപ്പെടുന്നത്. തിങ്കളാഴ്ച രാവിലെ യുവാവ് മരണപ്പെട്ടിട്ട് ചൊവ്വാഴ്ചയായിട്ടും കുടുംബത്തിന് ശവസംസ്‌കാരത്തിനാവശ്യമായ കാര്യങ്ങള്‍ ഒരുക്കുവാന്‍ കഴിഞ്ഞിരുന്നില്ല.

തുടര്‍ന്ന് വീട്ടിലെത്തിയ സമീപവാസികള്‍ ബിശ്വജിത്തിന്റെ പിതാവ് നാഗെന്‍ രജകിനോട് മകന്റെ ചടങ്ങുകള്‍ തങ്ങള്‍ നടത്തിക്കൊള്ളാം എന്ന് അറിയിക്കുകയായിരുന്നു. സമീപത്തെ പള്ളിയിലെ മൗലവിയും സംസ്‌കാര ചടങ്ങുകള്‍ക്കായ് എത്തിയിരുന്നു. ചിതയൊരുക്കുന്നതിനാവശ്യമായ പണവും ഗ്രാമവാസികള്‍ തന്നെയാണ് ഒരുക്കിയത്.

 

6000ത്തോളം വീടുകളുള്ള ഗ്രാമത്തിലെ രണ്ടു ഹിന്ദു കുടുംബങ്ങളില്‍ ഒന്നാണ് രജക് ഫിമിലിയുടേത്. ബംഗ്ലാദേശ്- ഇന്ത്യ അതിര്‍ത്തിയോട് ചേര്‍ന്ന് നില്‍ക്കുന്ന ജില്ലയാണ് മാല്‍ഡ.

“തനിക്ക് ശവസംസ്‌കാരകത്തിനാവശ്യമായ പണമോ ആള്‍ ബലമോ ഉണ്ടായിരുന്നില്ല. എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു താന്‍. ഇവര്‍ വന്നില്ലായിരുന്നില്ലെങ്കില്‍ മകന്റെ അന്ത്യകര്‍മ്മങ്ങള്‍ എങ്ങനെ നടത്തുമെന്നതിനെക്കുറിച്ച് തനിക്കൊരു പിടിയുമുണ്ടായിരുന്നില്ല” കണ്ണീര്‍ തുടച്ച് കൊണ്ട് നാഗെന്‍ രജക് പറഞ്ഞു.

“അവന്‍ തങ്ങള്‍ക്ക് സഹോദരന്‍ തന്നെയായിരുന്നു. മതവിദ്വേഷത്തെ കുറിച്ച് ഒരു മതവും പറയുന്നില്ല. അവര്‍ മറ്റൊരു മതത്തിലാണ് വിശ്വസിക്കുന്നതെന്ന് കരുതി തങ്ങള്‍ മാറി നിന്നിരുന്നെങ്കില്‍ അള്ളാഹു ഒരിക്കലും തങ്ങളോട് പൊറുക്കില്ലായിരുന്നു” ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയ ഹാജി അബ്ദുല്‍ ഖാലെഖ് പറഞ്ഞു.

ഇവര്‍ തന്നെയായിരുന്നു ബിശ്വജിത്തിന്റെ ആശുപത്രി ചിലവുകളും വഹിച്ചിരുന്നത്. ഭാര്യയും മൂന്ന് കുട്ടികളുമാണ് പിതാവിനെ കൂടാതെ ബിശ്വജിത്തിനുള്ളത്.