'ട്രൗസറിട്ട് കളിക്കാന്‍ പാടില്ലെന്ന് ചിലര്‍ പറയുന്നു, കളി മാത്രം നോക്കൂ'; സമസ്തയെ തള്ളി ലീഗ് നേതാക്കള്‍
Kerala News
'ട്രൗസറിട്ട് കളിക്കാന്‍ പാടില്ലെന്ന് ചിലര്‍ പറയുന്നു, കളി മാത്രം നോക്കൂ'; സമസ്തയെ തള്ളി ലീഗ് നേതാക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th November 2022, 4:29 pm

കോഴിക്കോട്: ഫുട്ബോള്‍ താരാരാധന ഇസ്‌ലാമിക വിരുദ്ധമാണെന്ന സമസ്ത ഖുത്വബ കമ്മിറ്റിയുടെ നിലപാടിനെതിരെ മുസ്‌ലിം ലീഗ് നേതാക്കളായ പി.എം.എ. സലാമും എം.കെ. മുനീറും രംഗത്ത്.

സമസ്തയുടെ നിലപാട് അവരുടേത് മാത്രമാണെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.

ലീഗിന് ഫുട്ബോള്‍ താരാരാധന ഇസ്‌ലാമിക വിരുദ്ധമാണെന്ന അഭിപ്രായമില്ല. വിഷയത്തില്‍ മുസലിം ലീഗിലുള്ള പലര്‍ക്കും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകുമെന്നും സലാം കൂട്ടിച്ചേര്‍ത്തു.

ആരോ നടത്തിയ പ്രസ്താവനകള്‍ മുസ്‌ലിം സമുദായത്തിന്റെ തലയില്‍ കെട്ടി വെക്കരുതെന്ന് മുസ്‌ലിം ലീഗ് നേതാവ് എം.കെ. മുനീര്‍ എം.എല്‍.എ പറഞ്ഞു.

ആ ചര്‍ച്ചകള്‍ ഗുണകരമാകില്ല. ആരെങ്കിലും നടത്തുന്ന പ്രഭാഷണം മുസ്‌ലിം സമുദായത്തിന്റെ തലയില്‍ കെട്ടി വയ്ക്കരുത്. ഓരോരുത്തര്‍ക്കും വ്യക്തിപരമായ അഭിപ്രായം ഉണ്ട്. അത് സമുദായത്തിന്റെ അഭിപ്രായമായി പ്രതിഫലിപ്പിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ട്രൗസര്‍ ഇട്ട് കളിക്കാന്‍ പാടില്ല എന്ന് ചിലര്‍ പറയുന്നു. കളി മാത്രം നോക്കുക, വേറൊന്നും നോക്കാതിരിക്കാന്‍ ശ്രമിക്കുക. എം.എസ്.എഫ് പരിപാടിയിലായിരുന്നു മുനീറിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസവും വിഷയത്തില്‍ പ്രതികരണവുമായി എം.കെ. മുനീര്‍ എത്തിയിരുന്നു. നന്നായി കളിക്കുന്നവരെയാണ് ഇഷ്ടപ്പെടുന്നത്. മതവും ജാതിയും രാഷ്ട്രീയവും നോക്കാറില്ല. ഫുട്ബോള്‍ ഒരു കായിക ഇനമാണ്. അതിന്റെ ആവേശത്തെ പെട്ടെന്ന് അണച്ച് കളയാന്‍ സാധിക്കില്ലെന്നുമാണ് മുനീര്‍ പറഞ്ഞത്.

അതേസമയം, കളിയെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ ഉള്‍ക്കൊള്ളുന്നതിന് പകരം വ്യക്തിയോട് ആരാധനയും ആ രാഷ്ട്രത്തോട് ദേശീയ പ്രതിബദ്ധതയും പാടില്ലെന്നാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞത്.

‘ലോകകപ്പിലെ മിക്ക കളികളും ഇന്ത്യയില്‍ രാത്രിയിലും അര്‍ധരാത്രിക്ക് ശേഷവുമാണ് നടക്കുന്നത്. രാത്രിയാവുന്നതുവരെയുള്ള സമയങ്ങളില്‍ കളി കാണുന്നവര്‍ പകലിലും രാത്രിയിലും നടക്കുന്ന ജമാഅത്ത് നമസ്‌കാരങ്ങള്‍ക്ക് ഭംഗം വരാത്ത വിധമായിരിക്കണം അത് കാണേണ്ടത്. ഫുട്ബോള്‍ ലഹരി ഒരിക്കലും ജമാഅത്ത് നമസ്‌കാരത്തില്‍നിന്ന് ഒരു വിശ്വാസിയെയും പിറകോട്ടെടുപ്പിക്കരുത്,’ എന്നാണ് ഖുത്വുബ കമ്മിറ്റിയുടെ പ്രസ്താവനയിലുള്ളത്.

പള്ളികളില്‍ വെള്ളിയാഴ്ച ജുമഅക്ക് ശേഷം ഇതുസംന്ധിച്ച് നിര്‍ദേശം നല്‍കുമെന്ന് ഖുത്വുബ സംസ്ഥാന കമ്മിറ്റിസംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായിയും പറഞ്ഞിരുന്നു.

Content Highlight: Muslimleague Leaders against Samastha Statement on Football World Cup