ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Crime
ഗുജറാത്തില്‍ ബജ്‌റംഗദള്‍ ആക്രമണത്തില്‍ പരിക്കേറ്റ മുസ്‌ലിം യുവാവ് മരിച്ചു
ന്യൂസ് ഡെസ്‌ക്
Tuesday 13th March 2018 10:44pm

അഹമ്മദാബാദ്: ഗാന്ധിനഗറിലെ ഛത്രാലില്‍ ബജ്‌റംഗദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് ഫര്‍സാന്‍ സൈയാദ് മരിച്ചു. മാര്‍ച്ച് 5ന് ആക്രമിക്കപ്പെട്ട ഫര്‍സാനും മാതാവ് റോഷന്‍ബീവിയും വി.എച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.വീടിനകത്ത് കഴിയണമെന്ന ബജ്‌റംഗദളിന്റെ ഭീഷണി അനുസരിക്കാത്തതിനെ തുടര്‍ന്നാണ് ഫര്‍സാനും മാതാവും ആക്രമിക്കപ്പെട്ടതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ആക്രമികള്‍ ഫര്‍സാന്റെ മാതാവിന്റെ മൂന്നു വിരലുകള്‍ വെട്ടിമാറ്റിയിരുന്നു. റോഷന്‍ ബീവി ഇപ്പോഴും ചികിത്സയിലാണ്. ആക്രമണത്തില്‍ ഫര്‍സാന്റെ തലയോട്ടിയടക്കം തകര്‍ന്നിരുന്നു.

‘ഡിസംബര്‍ ആറിന് മുസ്‌ലിം മേഖലയിലൂടെ ജാഥ നടത്തിയത് മുതലാണ് സംഘര്‍ഷം ആരംഭിച്ചത്’ ഫര്‍സാന്റെ അമ്മാവനായ അഹമ്മദ് ഹുസൈന്‍ സാബിര്‍ പറഞ്ഞു.

 

 

‘ഛത്രലില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാകുന്നതായി അധികൃതരെ അറിയിച്ചിരുന്നു. പക്ഷെ സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ക്രമസമാധാനം നടപ്പിലാക്കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതാണ് ഫര്‍സാന്റെ മരണത്തിന് കാരണം.’ അഭിഭാഷകനായ ഷംഷാദ് പത്താന്‍ പറയുന്നു. ഫര്‍സാന്റെ മരണത്തെ തുടര്‍ന്ന് മുസ്‌ലിം സംഘടനകള്‍ ആശുപത്രി പരിസരത്ത് പ്രതിഷേധിക്കുകയും സംഭവത്തില്‍ പ്രതികളായവരെ അറസ്റ്റ് ചെയ്യുന്നത് വരെ മൃതദേഹം ഏറ്റുവാങ്ങാന്‍ വിസമ്മതിക്കുകയും ചെയ്തിരുന്നു.

മേഖലയില്‍ സംഘര്‍ഷമുണ്ടാകുന്നതായി കളക്ടര്‍ക്കും എസ്.പിക്കും നിരവധി പരാതികള്‍ നല്‍കിയിരുന്നെങ്കിലും നടപടിയൊന്നും സ്വീകരിച്ചിരുന്നില്ലെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്ത് കൊണ്ട് ജിഗ്നേഷ് മെവാനി പറഞ്ഞു.

 

Advertisement