സി.പി.ഐ.എം ഫലസ്തീൻ ഐക്യദാർഢ്യ റാലിക്ക് മുസ്‌ലിം ലീഗിന്റെ ആശംസ; പങ്കെടുക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി, വിളിച്ചതിൽ നന്ദി
Kerala News
സി.പി.ഐ.എം ഫലസ്തീൻ ഐക്യദാർഢ്യ റാലിക്ക് മുസ്‌ലിം ലീഗിന്റെ ആശംസ; പങ്കെടുക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി, വിളിച്ചതിൽ നന്ദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th November 2023, 2:23 pm

കോഴിക്കോട്: സി.പി.ഐ.എമ്മിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുസ്‌ലിം ലീഗ് പങ്കെടുക്കില്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.

റാലിയിലേക്ക് ക്ഷണിച്ചതിന് നന്ദിയുണ്ടെന്നും പരിപാടിയെ സ്വാഗതം ചെയ്യുന്നുവെന്നും വാർത്താ സമ്മേളനത്തിൽ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

‘അവർ നല്ല പരിപാടി നടത്തട്ടെ, നന്ദിയുണ്ട്. യു.ഡി.എഫിലെ ഒരു കക്ഷി എന്ന നിലയിൽ സാങ്കേതികമായി ഞങ്ങൾക്ക് അതിൽ പങ്കെടുക്കാൻ സാധിക്കില്ല. പരിപാടി നടത്തുന്നത് നല്ലതാണ്. ഞങ്ങളത് സ്വാഗതം ചെയ്യുന്നു. ആര് പങ്കെടുത്താലും അതിലും ഞങ്ങൾക്ക് സന്തോഷമേയുള്ളൂ.

അത് തന്നെയാണ് ബഷീർ സാഹിബ്‌ പറഞ്ഞത്‌. എല്ലാ വിഷയങ്ങളും മുന്നണി രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരേണ്ട. ഫലസ്തീൻ വിഷയം വേറെയാണ്,’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഫലസ്തീൻ വിഷയത്തിൽ എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സാഹചര്യമാണ് ഉള്ളത് എന്ന കാര്യമാണ് യോഗത്തിൽ ചർച്ച ചെയ്തത് എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

‘ഫലസ്തീൻ വിഷയത്തിൽ ഞങ്ങൾക്ക് വ്യക്തമായ നിലപാടുണ്ട്. ഇന്ന് ഫലസ്തീനുമായി ബന്ധപ്പെട്ട് ഒരുപക്ഷേ ലോകത്ത് തന്നെ നടന്ന ഏറ്റവും വലിയ റാലിയാണ് കോഴിക്കോട് കടപ്പുറത്ത് തങ്ങൾ ഉദ്ഘാടനം ചെയ്തത്. റാലിക്ക് ശേഷം ഞങ്ങൾ സുവ്യക്തമായി പറഞ്ഞതാണ്, ഇത് എല്ലാ രാഷ്ട്രീയ വിവാദങ്ങൾക്കും അതീതമായി എല്ലാവരും ഒറ്റക്കെട്ടായി പിന്തുണ നൽകേണ്ട വിഷയമാണ് എന്ന്.

അന്നും അതിന് ശേഷമുള്ള പത്രസമ്മേളനത്തിലും അത് ഞങ്ങൾ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. ഫലസ്തീനിൽ നടക്കുന്ന ക്രൂരതകൾ പതിന്മടങ്ങ് വർധിച്ചിരിക്കുകയാണ്.

ആ സാഹചര്യത്തിലാണ് ബഷീർ സാഹിബും അഭിപ്രായം പറഞ്ഞത്‌. ഫലസ്തീൻ വിഷയത്തിൽ ആര് പിന്തുണ കൊടുത്താലും റാലി നടത്തിയാലും നല്ല വാക്ക് പറഞ്ഞാലും അതിനെ സ്വാഗതം ചെയ്യണം എന്ന് ബഷീർ സാഹിബ് പറഞ്ഞതും അതുകൊണ്ടാണ്. ഞങ്ങൾ ഇന്ന് ചർച്ച ചെയ്തത് ഇതാണ്,’ അദ്ദേഹം പറഞ്ഞു.

കളമശ്ശേരി വിഷയത്തിൽ സർവകക്ഷി യോഗം വിളിച്ച പോലെ കേരളത്തിൽ ഫലസ്തീനുമായി ബന്ധപ്പെട്ട് സർക്കാരിന് സർവകക്ഷി യോഗം നടത്താവുന്നതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സി.പി.ഐ.എം ക്ഷണിച്ചാൽ റാലിയിൽ പങ്കെടുക്കുമെന്ന് ഇ.ടി. മുഹമ്മദ്‌ ബഷീർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാൽ ലീഗ് യു.ഡി.എഫിന്റെ കൂടെയാണെന്നും ലീഗ് നിലപാട് പാർട്ടി തീരുമാനിക്കുമെന്നും ഡോ. എം.കെ. മുനീർ പറഞ്ഞു.

വ്യക്തിപരമായ തീരുമാനമല്ല പ്രധാനമെന്നും ഇ.ടിയുടെ പ്രസ്താവന ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല എന്നുമായിരുന്നു മുനീറിന്റെ പ്രതികരണം. അതേസമയം ഇ.ടി. പറഞ്ഞത്‌ പാർട്ടിക്കുള്ളിലെ പൊതു അഭിപ്രായമാണെന്നായിരുന്നു പി.എം.എ. സലാമിന്റെ നിലപാട്.

Content Highlight: Muslim League won’t participate in CPIM Palestine Solidarity Rally says kunjalikkutty