കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തരംഗത്തിനാണ് സാക്ഷ്യം വഹിച്ചത്. ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ഇടതിനെ ഞെട്ടിച്ചാണ് യു.ഡി.എഫ് മുന്നേറ്റമുണ്ടാക്കിയത്. ഇതേ ട്രെന്‍ഡ് തന്നെ ആവര്‍ത്തിച്ചാല്‍ ആറ് മാസത്തിനപ്പുറം നടക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പും യു.ഡി.എഫിന് അനുകൂലമായേക്കും.
പലയിടത്തും ബി.ജെ.പിയും മുന്നേറ്റമുണ്ടാക്കി. എന്നാല്‍ കേരളത്തില്‍ പ്രബലമായ മൂന്നാം കക്ഷിയായി വളര്‍ന്നുവരുമെന്ന തങ്ങളുടെ അവകാശവാദത്തിലെത്താന്‍ പാര്‍ട്ടിക്ക് ഇത്തവണയും സാധിച്ചിട്ടില്ല.
മുസ്‌ലിം ലീഗാണ് ഏറ്റവുമധികം സീറ്റുകളുമായി മൂന്നാം സ്ഥാനത്തെത്തിയത്. മലപ്പുറം ജില്ലാ പഞ്ചായത്തില്‍ പ്രതിപക്ഷമില്ലാതെ ക്ലീന്‍ സ്വീപ് നടത്തിയതടക്കം ലീഗിന്റെ പിന്തുണയില്‍ യു.ഡി.എഫ് നേടിയ മികച്ച വിജയങ്ങളേറെയാണ്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അഞ്ച് ഘടകങ്ങളില്‍ നിന്നുമായി ആകെ 2844 സീറ്റുകളാണ് മുസ്‌ലിം ലീഗ് സ്വന്തമാക്കിയത്. എല്ലാ ഘടകങ്ങളിലും സാന്നിധ്യമാകാനും ലീഗിന് സാധിച്ചിട്ടുണ്ട്.
1980 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചെടുത്തത്. 269 ബ്ലോക്ക് ഡിവിഷനുകളിലും 51 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ലീഗ് സ്ഥാനാര്‍ത്ഥികള്‍ കോണി ചിഹ്നത്തില്‍ വിജയിച്ചു.
510 മുനിസിപ്പാലിറ്റി വാര്‍ഡുകളിലും 34 കോര്‍പ്പറേഷന്‍ വാര്‍ഡുകളിലും ലീഗ് സാന്നിധ്യമറിയിച്ചു.
ഈ പട്ടികയില്‍ ഒന്നാമതുള്ള കോണ്‍ഗ്രസ് ആകെ 7817 സീറ്റുകള്‍ നേടി. ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലേക്ക് യഥാക്രമം 5723, 917, 130 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് മുനിസിപ്പാലിറ്റികളില്‍ 899 വാര്‍ഡുകളിലും കോര്‍പ്പറേഷനുകളില്‍ 148 വാര്‍ഡുകളിലും വിജയം സ്വന്തമാക്കി.
കോണ്‍ഗ്രസിനേക്കാള്‍ 362 സീറ്റുകളുടെ കുറവോടെ 7,455 സീറ്റുകളുമായി സി.പി.ഐ.എമ്മാണ് രണ്ടാമത്. 5,541 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളും 743, 114 എന്നിങ്ങനെ ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും വിജയം സ്വന്തമാക്കി.
മുനിസിപ്പാലിറ്റികളില്‍ മാത്രമാണ് സി.പി.ഐ.എമ്മിന് കോണ്‍ഗ്രസിനെ സീറ്റുകളുടെ എണ്ണത്തില്‍ മറികടക്കാന്‍ സാധിച്ചത്. കോണ്‍ഗ്രസിനേക്കാള്‍ 47 മുനിസിപ്പാലിറ്റി സീറ്റുകള്‍ അധികം നേടി 946ലാണ് സി.പി.ഐ.എം ഫിനിഷ് ചെയ്തത്. കോര്‍പ്പറേഷനില്‍ 111 ഇടങ്ങളിലും സി.പി.ഐ.എം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.
1913 സീറ്റുകളുമായി ബി.ജെ.പി പട്ടികയില്‍ നാലാമതാണ്. ഗ്രാമപഞ്ചായത്തില്‍ 1224 സീറ്റും ബ്ലോക്ക് പഞ്ചായത്തില്‍ 53 സീറ്റും നേടിയ ‘താമരക്കുട്ടന്‍മാര്‍’ എന്നാല്‍ ജില്ലാ പഞ്ചായത്തില്‍ ആകെ ഒറ്റ സീറ്റിലൊതുങ്ങി. മുനിസിപ്പാലിറ്റികളില്‍ 324 സീറ്റുകളിലും കോര്‍പ്പറേഷനുകളില്‍ 39 സീറ്റുകളിലും ബി.ജെ.പി വിജയിച്ചു.
സി.പി.ഐ ആണ് അഞ്ചാമത്. 1018 സീറ്റുകളിലാണ് സി.പി.ഐ വിജയം നേടിയത്. ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലായി യഥാക്രമം 745, 138, 24 സീറ്റുകള്‍ നേടിയ സി.പി.ഐ, മുനിസിപ്പാലിറ്റിയില്‍ 99 സീറ്റും കോര്‍പ്പറേഷനില്‍ 12 സീറ്റും നേടി.