കോഴിക്കോട്: ജനാധിപത്യ പോരാട്ടത്തില്‍ കോണ്‍ഗ്രസിനൊപ്പമുണ്ടെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളും ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മതേതര കക്ഷികള്‍ ഒറ്റക്കെട്ടായി രാഹുലിനൊപ്പമുണ്ടെന്നും രാഹുല്‍ ജനകീയനായ നേതാവാണെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കി അധികാരത്തെ ദുരുപയോഗം ചെയ്യുകയാണ് കേന്ദ്രം. കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കുമൊപ്പം ഈ ധര്‍മയുദ്ധത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ്. പ്രതിപക്ഷ ഐക്യത്തിന് ഇതൊരു നിമിത്തമാകുമെന്നും ലീഗ് നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
മാനനഷ്ടക്കേസില്‍ കുറ്റക്കാരനാണെന്ന കോടതി വിധിക്ക് പിന്നാലെ രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിയില്‍ പ്രതികരിക്കുകയായിരുന്നു ലീഗ് നേതാക്കള്‍.
തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ എത്ര നീചമായ മാര്‍ഗത്തിലൂടെയും തകര്‍ക്കുന്ന ബിജെപിയുടെ ക്രൂരമായ സമീപനമാണ് രാഹുല്‍ ഗാന്ധിയുടെ കാര്യത്തില്‍ ഉണ്ടായിട്ടുള്ളതെന്ന് ലീഗ് ദേശീയ ഓര്‍ഗനൈസങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി പ്രതികരിച്ചു.
ദേശീയ അന്തര്‍ദേശീയ തലത്തില്‍ ബി.ജെ.പിയുടെ പേടി സ്വപ്നമായി മാറിയിരിക്കുകയാണ് രാഹുല്‍ ഗാന്ധി. ബി.ജെ.പി മുക്ത ഭാരതം സാധ്യമാക്കുന്നതില്‍ ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികളുടെ കരുത്തും പ്രതീക്ഷയുമായി അദ്ദേഹം മാറിക്കൊണ്ടിരിക്കുന്നു. വ്യാജ കേസുകള്‍ ഉണ്ടാക്കുന്നതിനും നിരപരാധികളെ ജയിലിലടക്കുന്നതിനും ബി.ജെ.പി കാണിക്കുന്ന കുറുക്കു വഴികള്‍ നാടിന് അപമാനമാണെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിക്കെതിരായ കേന്ദ്രത്തിന്റെ പ്രതികാര നടപടികള്‍ ഏകാധിപത്യം ജനാധിപത്യത്തെ വിഴുങ്ങുന്നതിന്റെ വ്യക്തമായ സൂചനയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ട്രഷറര്‍ പി.വി. അബ്ദുല്‍ വഹാബ് എം.പി പറഞ്ഞു.
കള്ളക്കേസുകളുമായി പ്രതിപക്ഷത്തെ നേരിടുന്ന രാഷ്ട്രീയം രാജ്യത്തിന് തന്നെ അപമാനമാണ്. ജനാധിപത്യം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ഒറ്റക്കെട്ടായി രാഹുലിനൊപ്പം നില്‍ക്കേണ്ട സമയമാണിത്. രാജ്യം ഇരുണ്ട കാലത്തേക്കാണ് നീങ്ങാതിരിക്കാന്‍ ജനാധിപത്യ കക്ഷികള്‍ പ്രതിഷേധമുയര്‍ത്തണമെന്നും
അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ ദേശീയ രാഷ്ട്രീയ ചക്രവാളത്തിലെ മിന്നുന്ന നക്ഷത്രമാണ് രാഹുല്‍ഗാന്ധിയെന്നും എതിര്‍ പ്രവര്‍ത്തനങ്ങളൊന്നും ആ താരശോഭക്ക് ഒരിക്കലും മങ്ങലേല്പിക്കുന്നില്ലെന്നും മുസ്‌ലിം ലീഗ് ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു.
മതേതര ഇന്ത്യയുടെ ഈ ധീരനായ കാവലാള്‍ക്കൊപ്പം ഒറ്റക്കെട്ടായി ജനങ്ങളുണ്ട്.- അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരായ പ്രതികാര നടപടികളിലൂടെ കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.
കേന്ദ്ര ഏജന്‍സികളെ സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നതിന് പുറമെയാണ് നിയമ വ്യവസ്ഥയെ കാറ്റില്‍പറത്തുന്ന നടപടികളുമായി ഭരണകൂടം മുന്നോട്ട് പോകുന്നത്.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി മുന്നണി ഫാസിസത്തിന്റെ സ്വഭാവങ്ങള്‍ കൃത്യമായി പ്രകടിപ്പിക്കുകയാണ്. രാജ്യം ഇതിന് മുമ്പ് കണ്ടിട്ടില്ലാത്ത അസാധാരണ നടപടിയാണ് ഒരു പ്രതിപക്ഷ രാഷ്ട്രീയ നേതാവിനെതിരെ സര്‍ക്കാര്‍ പ്രയോഗിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുകയും വിമര്‍ശനങ്ങളെ ഭയപ്പെടുകയും ചെയ്യുന്ന ഭരണകൂടം വീണ്ടും വീണ്ടും ജനവിരുദ്ധത തെളിയിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.