ദൽഹിയിൽ കേരള സർക്കാരിന്റെ സമരം; മുഖ്യമന്ത്രിയെ സന്ദർശിച്ച് മുസ്‌ലിം ലീഗ് എം.പി
Kerala News
ദൽഹിയിൽ കേരള സർക്കാരിന്റെ സമരം; മുഖ്യമന്ത്രിയെ സന്ദർശിച്ച് മുസ്‌ലിം ലീഗ് എം.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th February 2024, 11:44 am

ന്യൂദൽഹി: കേന്ദ്രത്തിനെതിരെ തലസ്ഥാനത്തെത്തിയ മുഖ്യമന്ത്രിയെ സന്ദർശിച്ച് മുസ്‌ലിം ലീഗ് എം.പി അബ്ദുൽ വഹാബ്.

കേന്ദ്രത്തിനെതിരായ സമരം തുടങ്ങുന്നതിന് തൊട്ടുമുമ്പ് കേരള ഹൗസിൽ എത്തിയാണ് അബ്ദുൽ വഹാബ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്.

അതേസമയം സമരത്തിന് പിന്തുണയില്ലെന്ന് അബ്ദുൽ വഹാബ് എം.പി വ്യക്തമാക്കി. മര്യാദ അനുസരിച്ചാണ് കാണാൻ എത്തിയത് എന്നായിരുന്നു എം.പിയുടെ വിശദീകരണം.

അതേസമയം കേന്ദ്ര അവഗണനയ്ക്കെതിരായ കേരള സർക്കാരിന്റെ സമരം ദൽഹിയിലെ ജന്തർ മന്തറിൽ ആരംഭിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും ഇടത് എം.എൽ.എമാരും സമരവേദിയിലുണ്ട്.

ഫെഡറലിസം സംരക്ഷിക്കാൻ കേരളത്തിന്റെ പോരാട്ടം എന്ന പേരിൽ നടത്തുന്ന സമരവേദിയിലേക്ക് മാർച്ച് ചെയ്താണ് നേതാക്കൾ എത്തിയത്.

സി.പി.ഐ.എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള കേന്ദ്ര നേതാക്കളും ജന്തർ മന്തറിലെ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.

കേരളത്തിന്റെ സമരത്തിന് പിന്തുണ അറിയിച്ചുകൊണ്ട് ഡി.എം.കെയിലെയും ആം ആദ്മി പാർട്ടിയിലെയും അംഗങ്ങളും സമരവേദിയിൽ എത്തിയിട്ടുണ്ട്.

പിണറായി വിജയനും കേരള സർക്കാരിനും സമരത്തിന് പൂർണ്ണപിന്തുണ അറിയിച്ചുകൊണ്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എക്‌സിൽ മലയാളത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പ് വലിയ രീതിയിൽ ചർച്ചയായിരുന്നു.

Content Highlight: Muslim League MP Abdul Wahab visits CM ahead of protest in Delhi