കണ്ണൂർ: കണ്ണൂരിൽ ലീഗ് പ്രാദേശിക നേതാവ് ബി.ജെ.പിയിൽ ചേർന്നു. മുസ്‌ലിം ലീഗിന്റെ പാനൂർ മുൻസിപ്പൽ കമ്മിറ്റി അംഗമായ ഉമർ ഫാറൂഖാണ് ബി.ജെ.പിയിൽ ചേർന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് ഈ കൂറുമാറ്റം.
ബി.ജെ.പിയുടെ കണ്ണൂർ സൗത്ത് ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയാണ് ഉമർ ഫാറൂഖ് അംഗത്വം സ്വീകരിച്ചത്.
ബി.ജെ.പിയുടെ രാഷ്ട്രീയത്തിൽ ആകൃഷ്ടനായാണ് പാർട്ടിയിൽ ചേർന്നതെന്ന് ഉമർ പറഞ്ഞു. ബി.ജെ.പി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡന്റ് ഉമർ ഫാറൂഖിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു.
നാൽപ്പത് വർഷക്കാലം താൻ മുസ്‌ലിം ലീഗിന്റെ പ്രവർത്തകനായിരുന്നെന്നും നിലവിൽ പ്രാദേശിക നേതാവ് എന്ന നിലയിൽ നിന്നും തനിക്ക് ഉയരാൻ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടുഘട്ടമായാണ് നടക്കുന്നത്. ഒന്നാം ഘട്ടം തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ അടുത്തമാസം ഒമ്പതിനും രണ്ടാം ഘട്ടം തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ 11 നുമാണ് തെരഞ്ഞെടുപ്പ് നടക്കുക.
നവംബർ 21-ാണ് സ്ഥാനാർത്ഥികൾക്ക് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. 22 ന് സൂക്ഷ്‌മ പരിശോധന നടക്കും. നവംബർ 24 വരെ സ്ഥാനാർത്ഥികൾക്ക് പത്രിക പിൻവലിക്കാം. ഡിസംബർ 13നാണ് വോട്ടെണ്ണൽ നടക്കും.
Content Highlight: Muslim League local leader in Panur joins BJP