ലിബറല്‍ ആശയങ്ങള്‍ നടപ്പിലാക്കുന്ന ഫാസിസം; കലാലയങ്ങളില്‍ ജന്‍ഡര്‍ ന്യൂട്രല്‍ അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കില്ലെന്ന് ലീഗ് നേതൃത്വത്തില്‍ മുസ്‌ലിം സംഘടനകള്‍
Kerala News
ലിബറല്‍ ആശയങ്ങള്‍ നടപ്പിലാക്കുന്ന ഫാസിസം; കലാലയങ്ങളില്‍ ജന്‍ഡര്‍ ന്യൂട്രല്‍ അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കില്ലെന്ന് ലീഗ് നേതൃത്വത്തില്‍ മുസ്‌ലിം സംഘടനകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th August 2022, 3:27 pm

കോഴിക്കോട്: ജന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ കലാലയങ്ങളില്‍ അടിച്ചേല്‍പിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം അംഗീകരിക്കാനാവില്ലെന്ന് മുസ്‌ലിം ലീഗ് നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത മുസ്‌ലിം മതസംഘടനകളുടെ യോഗം. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ കോഴിക്കോട്ട് വിളിച്ചുചേര്‍ത്ത മുസ്‌ലിം മത സംഘടനാ നേതാക്കളുടെ യോഗത്തിന് ശേഷമാണ് ഇതുസംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്.

കേരളീയ സമൂഹം കുടുംബ ഘടനക്കും ധാര്‍മ്മിക മൂല്യങ്ങള്‍ക്കും വിലകല്‍പ്പിക്കുന്നവരാണ്. കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും മതവിശ്വാസികളാണ്. വ്യത്യസ്ത ആശയങ്ങളും മൂല്യങ്ങളും മുറുകെ പിടിക്കുന്നവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം നല്‍കലാണ് ജനാധിപത്യം. മതവിശ്വാസികള്‍ക്ക് അവരുടേതായ ജീവിത മര്യാദകളും വിശ്വാസങ്ങളുമുണ്ട്. അതിനെയെല്ലാം റദ്ദ് ചെയ്ത് ഏകപക്ഷീയമായി കേരളത്തിലെ കലാലയങ്ങളില്‍ ലിബറല്‍ ആശയങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് ഫാസിസ്റ്റ് പ്രവണതയാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ലിംഗവിവേചനം അവസാനിപ്പിക്കാന്‍ ജന്‍ഡര്‍ ന്യൂട്രാലിറ്റിയാണ് വേണ്ടത് എന്ന വാദം സമൂഹത്തെ തികഞ്ഞ അരാജകത്വത്തിലേക്കാണ് നയിക്കുക. പാഠ്യപദ്ധതിയിലൂടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ജന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങളെയാണ് ഞങ്ങള്‍ ചോദ്യം ചെയ്യുന്നത്. ഇത് കേവല വസ്ത്രത്തിന്റെ മാത്രം വിഷയമല്ല. ഇടതുപക്ഷ സര്‍ക്കാര്‍ കലാലയങ്ങളില്‍ ലിബറല്‍ വാദങ്ങളെ നിര്‍ബന്ധപൂര്‍വ്വം നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ഈ ശ്രമത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും പ്രസ്താവനയില്‍ പറഞ്ഞു. കേരള മുസ്‌ലിം ജമാഅത്ത്, ജമാഅത്തെ ഇസ്‌ലാമി ഉള്‍പ്പടെയുള്ള സംഘടനകള്‍ യോഗത്തില്‍ പങ്കെടുത്തു.

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അമിതപാശ്ചാത്യവല്‍ക്കരണമാണെന്നായിരുന്നു ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നത്.

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അനാവശ്യ വിവാദമുണ്ടാക്കുകയാണെന്നും, ഇത് നടപ്പിലാക്കുന്നതിന് മുമ്പ് സംസ്ഥാനത്തെ സാമൂഹിക സാംസ്‌കാരിക രീതി പരിശോധിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.

കുട്ടികള്‍ നേരിടുന്ന പ്രതിസന്ധികളാണ് സര്‍ക്കാര്‍ പരിശോധിക്കേണ്ടത്. സംസ്ഥാനത്തെ വിദ്യാഭ്യാസ സൗകര്യം വര്‍ധിപ്പിക്കുന്നില്ല. എല്ലാ കുട്ടികള്‍ക്കും പഠിക്കാനുള്ള സൗകര്യം ഒരുക്കണമെന്നും, അനാവശ്യ വിവാദങ്ങളേക്കാള്‍ കുട്ടികളുടെ വിദ്യാഭ്യാസമാണ് വലുതെന്നും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചിരുന്നു. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കുന്നതിനെതിരെ എം.കെ.മുനീര്‍ എം.എല്‍.എയുടെ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തില്‍ കൂടിയാണ് കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയിരുന്നത്.

Content Highlights: Muslim League-led Muslim organizations will not accept the imposition of gender neutrality in colleges