പ്രളയഫണ്ട് തട്ടിപ്പില്‍ മുസ്‌ലിം ലീഗ് നേതൃത്വത്തിനെതിരെ ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് പരാതി; സി. മമ്മിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ
Kerala News
പ്രളയഫണ്ട് തട്ടിപ്പില്‍ മുസ്‌ലിം ലീഗ് നേതൃത്വത്തിനെതിരെ ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് പരാതി; സി. മമ്മിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th November 2021, 8:58 pm

പ്രളയഫണ്ട് തട്ടിപ്പില്‍ മുസ്‌ലിം ലീഗ് നേതൃത്വത്തിനെതിരെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് കത്തയച്ച വയനാട് ജില്ലാ കമ്മിറ്റി അംഗം സി. മമ്മിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ. ലീഗിന്റെ സംസ്ഥാന കമ്മിറ്റിക്കാണ് ശുപാര്‍ശ നല്‍കിയത്. പ്രളയദുരിതാശ്വാസ ഫണ്ടില്‍ മുസ്‌ലിം ലീഗ് വയനാട് ജില്ലാ കമ്മറ്റി തട്ടിപ്പ് നടത്തിയെന്നായിരുന്നു ജില്ലാ പ്രവര്‍ത്തക സമിതി അംഗമായ സി. മമ്മി പാണക്കാട് ഹൈദരലി തങ്ങള്‍ക്ക് നല്‍കിയ കത്തില്‍ പറഞ്ഞത്.

കെ.എം.സി.സി വഴി പ്രളയ ദുരിതാശ്വാസത്തിന് വേണ്ടി സമാഹരിച്ച തുക വിതരണം ചെയ്തതില്‍ വ്യാപക ക്രമക്കേടുണ്ടെന്നായിരുന്നു ആരോപണം. യത്തീംഖാനയുടെ മറവില്‍ ഇത്തരം സ്ഥാപനങ്ങളിലെ നിയമനങ്ങളിലും അഡ്മിഷന്‍ പ്രക്രിയയിലും അഴിമതി നടന്നതായും പറഞ്ഞിരുന്നു.

റമദാന്‍ മാസത്തില്‍ വയനാട് ജില്ലയിലെ സമസ്തയുടെ കീഴിലുള്ള മുഴുവന്‍ മഹല്ലുകള്‍ക്കും യത്തീംഖാന വഴി വിതരണം ചെയ്യുന്ന സക്കാത്ത് പണത്തിലും തിരിമറി നടന്നതായി മമ്മി ആരോപിച്ചിരുന്നു.

പൊഴുതന പഞ്ചായത്ത് മുസ്‌ലിം ലീഗ് നേതൃത്വവും ജില്ലാ നേത്യത്വവും വലിയ രീതിയിലുള്ള കൊള്ളയാണ് നടത്തുന്നതെന്നും ഇത് പഞ്ചായത്തിലെ മുസ്‌ലിം ലീഗില്‍ വലിയ വിഭാഗീയതയും ഭിന്നതയും സൃഷ്ടിച്ചിട്ടുണ്ടെന്നും കത്തില്‍ പറഞ്ഞിരുന്നു.

2018, 2019 വര്‍ഷങ്ങളിലെ പ്രളയങ്ങളില്‍ വലിയ രീതിയില്‍ നാശനഷ്ടമുണ്ടായ പ്രദേശമാണ് പൊഴുതന പഞ്ചായത്ത്. ദുരന്തബാധിതരെ സഹായിക്കാന്‍ കെ.എം.എം.സി വഴി സമാഹരിച്ച ഫണ്ടിന്റെ ചെറിയൊരു ശതമാനം മാത്രമാണ് ദുരിതബാധിതര്‍ക്കിടയില്‍ വിതരണം ചെയ്തിട്ടുള്ളത്.

ബാക്കി തുക നേത്യത്വത്തിലെ ചില ആളുകള്‍ തട്ടിയെടുത്തു. പിന്നീട് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ലീഗില്‍ വലിയ പൊട്ടിത്തെറി ഉണ്ടാവുകയായിരുന്നെന്നും കത്തില്‍ പറയുന്നുണ്ട്.

തോട്ടം തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റും പൊഴുതന ഗ്രാമപഞ്ചായത്ത് അംഗവുമാണ് സി. മമ്മി.

കത്വ, ഉന്നാവ് സംഭവങ്ങളിലെ പെണ്‍കുട്ടികള്‍ക്കായി യൂത്ത് ലീഗ് നടത്തിയ ധനസമാഹരണത്തില്‍ അട്ടിമറി നടന്നു എന്നും മുന്‍പ് ആരോപണമുയര്‍ന്നിരുന്നു. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, സി.കെ സുബൈര്‍ എന്നിവര്‍ക്കെതിരെയായിരുന്നു ആരോപണം.

കത്വ സംഭവത്തില്‍ സമാഹരിച്ച ഒരു കോടിയോളം രൂപ ഇരകള്‍ക്ക് കൈമാറാതെ യൂത്ത് ലീഗ് സംസ്ഥാന നേതാക്കള്‍ വിനിയോഗിച്ചു എന്നും 15 ലക്ഷത്തോളം രൂപ വകമാറ്റിയെന്നുമായിരുന്നു യൂത്ത് ലീഗ് ദേശീയ സമിതി അംഗം യൂസഫ് പടനിലം പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Muslim League is about to suspend C. Mammi for complaining about flood fund scam