മലപ്പുറത്തും അച്ചടക്ക നടപടിയുമായി മുസ്‌ലിം ലീഗ്; തെരഞ്ഞെടുപ്പില്‍ തോല്‍വി നേരിട്ട പ്രാദേശിക കമ്മിറ്റികള്‍ പിരിച്ചു വിട്ടു.
Kerala News
മലപ്പുറത്തും അച്ചടക്ക നടപടിയുമായി മുസ്‌ലിം ലീഗ്; തെരഞ്ഞെടുപ്പില്‍ തോല്‍വി നേരിട്ട പ്രാദേശിക കമ്മിറ്റികള്‍ പിരിച്ചു വിട്ടു.
ന്യൂസ് ഡെസ്‌ക്
Wednesday, 13th January 2021, 9:31 pm

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയം നേരിട്ട പ്രദേശങ്ങളില്‍ അച്ചടക്ക നടപടിയുമായി മുസ്‌ലിം ലീഗ്. മലപ്പുറം ജില്ലയില്‍ അപ്രതീക്ഷിത പരാജയമേറ്റ പ്രദേശത്തെ ലോക്കല്‍ കമ്മിറ്റികള്‍ക്കെതിരെയാണ് അച്ചടക്ക നടപടി എടുത്തിരിക്കുന്നത്.

ജില്ലയിലെ മൂന്ന് പ്രാദേശിക കമ്മിറ്റികള്‍ ലീഗ് പിരിച്ചു വിട്ടു. നിലമ്പൂര്‍ മുന്‍സിപ്പല്‍ കമ്മിറ്റിയും ആലങ്കോട് വെളിയങ്കോട് പഞ്ചായത്ത് കമ്മിറ്റികളുമാണ് പിരിച്ചു വിട്ടത്.

അന്വേഷണ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ കോഴിക്കോട് ജില്ലയിലും സമാനമായ രീതിയില്‍ ലീഗ് അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെ മലപ്പുറത്തും നടപടിയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മലപ്പുറത്ത് നിലമ്പൂര്‍ നഗരസഭ, കരുവാരക്കുണ്ട്, മമ്പാട്, എടവണ്ണ, താഴേക്കോട്, പുളിക്കല്‍, വെട്ടം, വെളിയങ്കോട്, ആലങ്കോട് തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലുമാണ് ലീഗിന് ഇത്തവണ അധികാരം നഷ്ടപ്പെട്ടത്. അതില്‍ നിലമ്പൂര്‍ നഗരസഭയില്‍ ലീഗിന് ഒരു സീറ്റുപോലും ലഭിച്ചിരുന്നില്ല.

ലീഗിന്റെ പക്കലുണ്ടായിരുന്ന വാര്‍ഡുകള്‍ നഷ്ടപ്പെട്ടതു സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.

നേരത്തെ കോഴിക്കോട് ജില്ലയില്‍ രണ്ട് മേഖലാ കമ്മിറ്റികളാണ് ലീഗ് പിരിച്ചു വിട്ടത്.  എല്‍.ഡി.എഫുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന് ഒരു ജില്ലാകമ്മിറ്റി അംഗമടക്കം മൂന്ന് പേരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

കോര്‍പറേഷനില്‍ പാര്‍ട്ടിക്ക് വലിയ വോട്ട് ചോര്‍ച്ചയുണ്ടായതായും പാര്‍ട്ടി വിലയിരുത്തിയിരുന്നു.

സസ്‌പെന്‍ഷന് പുറമേ ആറ് നേതാക്കളെയും പദവിയില്‍ നിന്നും നീക്കം ചെയ്തിട്ടുമുണ്ട്. സമാന നടപടികള്‍ വരും ദിവസങ്ങളില്‍ മറ്റ് ജില്ലയിലേക്കും വ്യാപിച്ചേക്കുമെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കാര്യങ്ങള്‍ കൃത്യമായി നടപ്പിലാക്കി മുന്നോട്ട് പോവുകയെന്നതാണ് പാര്‍ട്ടി നിലപാട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Muslim league dismissed local committees accordance with local body election defeat