പാലക്കാട്: ദളിത് പ്രസിഡന്റ് ഭരിച്ച പഞ്ചായത്തിന് മുമ്പില്‍ വീണ്ടും ശുദ്ധികലശവുമായി മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍. പാലക്കാട് വിളയൂര്‍ ഗ്രാമപഞ്ചായത്തിന് മുമ്പിലാണ് ലീഗ് പ്രവര്‍ത്തകര്‍ പുണ്യാഹം തളിച്ച് ‘ശുദ്ധീകരിച്ചത്’. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
എല്‍.ഡി.എഫിന്റെ കയ്യില്‍ നിന്നും യു.ഡി.എഫ് പിടിച്ചെടുത്ത പഞ്ചായത്താണിത്. കഴിഞ്ഞ ടേമില്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ള സി.പി.ഐ.എം ലോക്കല്‍ കമ്മറ്റി അംഗം ബേബി ഗിരിജയായിരുന്നു പഞ്ചായത്ത് പ്രസിഡന്റ്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പരാജയപ്പെട്ടതിന് പിന്നാലെയാണ് ദളിത് പഞ്ചായത്ത് പ്രസിഡന്റ് ഭരിച്ച പഞ്ചായത്ത് ലീഗ് പ്രവര്‍ത്തകര്‍ പുണ്യാഹം തളിച്ച് ശുദ്ധിവരുത്തിയത്.
പാലക്കാട് വിളയൂര്‍ ഗ്രാമപഞ്ചായത്തില്‍ മൃഗീയ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് ഭരണം പിടിച്ചത്. ആകെയുള്ള 17 വാര്‍ഡുകളില്‍ സ്വതന്ത്രരടക്കം 14 സീറ്റുകളില്‍ എല്‍.ഡി.എഫിനെ പരാജയപ്പെടുത്തിയാണ് യു.ഡി.എഫ് അധികാരത്തിലെത്തിയത്.
സ്വതന്ത്രര്‍ വിജയിച്ച ഭൂരിപക്ഷം സീറ്റുകളിലും ബി.ജെ.പിക്ക് സ്ഥാനാര്‍ത്ഥിയുണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ ദിവസം കോഴിക്കോട് ചങ്ങോരത്തും ലീഗ് പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ ദളിത് പ്രസിഡന്റ് ഭരിച്ച പഞ്ചായത്തിന് മുമ്പില്‍ ചാണകവെള്ളം തളിച്ച് ‘ശുദ്ധീകരിച്ചിരുന്നു’.
എസ്.സി വിഭാഗത്തില്‍പ്പെടുന്ന പേരാമ്പ്രയിലെ സി.പി.ഐ.എം മുതിര്‍ന്ന നേതാവായ ഉണ്ണി വേങ്ങേരിയായിരുന്നു കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ്.
എന്നാല്‍ തങ്ങള്‍ ചാണകവെള്ളമല്ല, വെറും പച്ചവെള്ളമാണ് തളിച്ചതെന്നായിരുന്നു മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ വിശദീകരണം. ഇത്തരത്തില്‍ ഒരു ആഘോഷം യു.ഡി.എഫിന്റെ അറിവോടെ ആയിരുന്നില്ലെന്നും ലീഗ് നേതൃത്വം കൂട്ടിച്ചേര്‍ത്തു.
Content Highlight: Muslim League activists once again protested in front of the panchayat ruled by a Dalit president.