കോഴിക്കോട്: മുസ്‌ലിം സ്ത്രീകളുടെ പള്ളി പ്രവേശനവുമായി ബന്ധപ്പെട്ട് മകള്‍ ഫാത്തിമ നര്‍ഗീസ് നല്‍കിയ പ്രതികരണത്തില്‍ വിശദീകരണവുമായി മുസ്‌ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. ‘സ്ത്രീകള്‍ പള്ളികളില്‍ പ്രവേശിക്കരുതെന്ന ചട്ടം ചിലര്‍ ഉണ്ടാക്കിയെടുത്തതാണ്’ എന്നായിരുന്നു ഫാത്തിമയുടെ പ്രസ്താവന.
എന്നാല്‍ അപ്രതീക്ഷിതമായ ഒരു ചോദ്യത്തോട് 16 വയസുകാരിയായ തന്റെ മകള്‍ പര്യാപ്തമായ പഠനത്തിന്റെ അഭാവം മൂലം നടത്തിയ പ്രസ്താവനയായി ഇതിനെ കാണണമെന്ന് മുനവ്വറലി തങ്ങള്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘കര്‍മശാസ്ത്രവുമായി ബന്ധപ്പെട്ട, പണ്ഡിതോചിതമായ ആഴത്തിലുള്ള അറിവ് ആവശ്യമായ ഒരു വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തിന്, അപ്രതീക്ഷിതമായി ഒരു ചോദ്യം നേരിടേണ്ടി വന്ന സാഹചര്യത്തില്‍ മകള്‍ നല്‍കിയ പ്രതികരണം കേരളത്തിലെ മുഖ്യധാര മുസ്‌ലിം വിശ്വാസരീതികളുമായോ പണ്ഡിത സമൂഹത്തിന്റെ തീര്‍പ്പുകളുമായോ യോജിക്കുന്നതല്ലെന്ന കാര്യം ഉത്തമ ബോധ്യമുണ്ട്,’ എന്നും മുനവ്വറലി തങ്ങള്‍ പറഞ്ഞു.
ഇതുവരെ ആവശ്യമായ മതബോധമോ പഠനത്തിന്റെ പര്യാപ്തതയോ കൈവരിക്കാത്ത ഒരു കുട്ടിയുടെ ആലോചനാപരമല്ലാത്ത, പെട്ടെന്നുള്ള അഭിപ്രായപ്രകടനമായി മാത്രം ഫാത്തിമയുടെ പ്രതികരണത്തെ കാണണമെന്നാണ് മുനവ്വറലി തങ്ങള്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
കേരളത്തിലെ പരമ്പരാഗത മുസ്‌ലിം പണ്ഡിത സമൂഹം അവരുടെ ആഴത്തിലുള്ള ജ്ഞാനത്തെ ആധാരമാക്കിയാണ് ഈ വിഷയത്തില്‍ ഒരു നിര്‍വചനം നല്‍കിയിട്ടുള്ളത്. അതിനാല്‍ ഒരു പിതാവെന്ന നിലയില്‍ തന്റെ മകളുടെ മറുപടി മുഴുവന്‍ ഉത്തരവാദിത്ത ബോധത്തോടെയും തിരുത്തി വ്യക്തമാക്കുന്നുവെന്നും അദ്ദേഹം എഫ്.ബിയില്‍ കുറിച്ചു.
‘സ്ത്രീകള്‍ പള്ളിയില്‍ പ്രവേശിക്കരുതെന്ന ചട്ടം സാംസ്‌കാരികമായി ഉണ്ടാക്കിയെടുത്തതാണ്. സ്ത്രീകള്‍ പള്ളികളില്‍ പ്രവേശിക്കരുതെന്ന് പറയുന്നില്ല. പക്ഷെ ചില ആളുകള്‍ ഉണ്ടാക്കിയെടുത്ത കാര്യങ്ങളാണ് ഇതെല്ലാം. എന്നാല്‍ അത് മാറണം. പള്ളി പ്രവേശനം വുമണ്‍ റെവലൂഷന്റെ ഭാഗം കൂടിയാണ്. വളരെ പെട്ടെന്ന് തന്നെ ഇതെല്ലാം മാറുമെന്ന് പ്രതീക്ഷിക്കാം,’ എന്നായിരുന്നു ഫാത്തിമ നര്‍ഗീസിന്റെ പ്രതികരണം. മനോരമയുടെ ഹോര്‍ത്തൂസ് വേദിയില്‍ നടന്ന സംവാദമാണ് ചര്‍ച്ചയായത്.
Content Highlight: Munavvarali Thangal corrects daughter’s statement that there is no ban on women entering mosques