മാധ്യമപ്രവർത്തകനെ ബി.ജെ.പി പ്രവർത്തകൻ എന്ന് വിളിച്ചത് ശരിയായില്ല; രാഹുൽ ​ഗാന്ധി മാപ്പ് പറയണമെന്ന് മുംബൈ പ്രസ് ക്ലബ്
national news
മാധ്യമപ്രവർത്തകനെ ബി.ജെ.പി പ്രവർത്തകൻ എന്ന് വിളിച്ചത് ശരിയായില്ല; രാഹുൽ ​ഗാന്ധി മാപ്പ് പറയണമെന്ന് മുംബൈ പ്രസ് ക്ലബ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th March 2023, 7:56 am

ന്യൂദൽഹി: മാധ്യമപ്രവർത്തകനെ പരസ്യമായി അപമാനിച്ച വിഷയത്ത അപലപിച്ച് മുംബൈ പ്രസ് ക്ലബ്. മാനനഷ്ടക്കേസിൽ സൂറത് കോടതിയുടെ വിധിയുട അടിസ്ഥാനത്തിൽ രാഹുൽ ​ഗാന്ധിയുടെ ലോക്സഭാം​ഗത്വം റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ പാർട്ടി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിനിടെയായിരുന്നു സംഭവം.

എല്ലാ രാഷ്ട്രീയ പാർട്ടികളും മാധ്യമപ്രവർത്തകർക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നതും ഭീഷണിപ്പെടുത്തുന്നതും ശ്രദ്ധയിൽപെടുന്നുണ്ടെന്നും ഇത് ആശങ്കാ ജനകമായ സാഹചര്യമാണെന്നും പ്രസ് ക്ലബ് പറഞ്ഞു. പരസ്യമായി അപമാനിക്കപ്പെട്ട മാധ്യമപ്രവർത്തകനോട് രാഹുൽ ​ഗാന്ധി മാപ്പ് പറയുന്നതായിരിക്കും ഉചിതമെന്നും പ്രസ് ക്ലബ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

ബി.ജെ.പിക്ക് വേണ്ടി പ്രവർത്തിക്കാതെ വിവേചനബുദ്ധിയോടെ പെരുമാറാനായിരുന്നു മാധ്യമപ്രവർത്തകനോട് രാഹുൽ ​ഗാന്ധി പറഞ്ഞത്.

ഒ.ബി.സി വിഭാഗത്തെ രാഹുൽ ഗാന്ധി അധിക്ഷേപിച്ചെന്ന ബി.ജെ.പി പരാമർശത്തെ കുറിച്ചായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം.

ബി.ജെ.പിക്ക് വേണ്ടി ഇത്ര കാര്യക്ഷമമായി പ്രവർത്തിക്കുന്നത് എന്തിനാണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ മറുചോദ്യം.

‘ഇത്ര കാര്യക്ഷമമായി ബി.ജെ.പിക്ക് വേണ്ടി പ്രവർത്തിക്കുന്നത് എന്തിനാണ്? അൽപം വിവേചനബുദ്ധിയോടെ പ്രവർത്തിക്കൂ.

നിങ്ങൾക്ക് ബി.ജെ.പിക്ക് വേണ്ടി പ്രവർത്തിക്കണമെങ്കിൽ നെഞ്ചിൽ ബി.ജെ.പിയുടെ കൊടിയോ ചിഹ്നമോ കുത്തി വരൂ. അപ്പോൾ ഞാൻ അവരോട് പറയുന്ന അതേ തരത്തിലുള്ള മറുപടി നിങ്ങളോടും പറയാം. മാധ്യമപ്രവർത്തകനായി അഭിനയിക്കരുത്,’ രാഹുൽ ഗാന്ധി പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ തന്നെ അയോ​ഗ്യനാക്കിയത് പ്രധാനമന്ത്രിക്ക് ചോദ്യങ്ങളോടുള്ള ഭയത്തിന്റെ ഉദാഹരണമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

‘എന്നെ അയോഗ്യനാക്കിയത് മോദിക്ക് ചോദ്യങ്ങൾ നേരിടാനുള്ള ഭയം കാരണമാണ്. അദ്ദേഹത്തിനറിയാം ഞാൻ അടുത്ത പ്രസംഗത്തിൽ അദാനിയുമായുള്ള ബന്ധത്തെ കുറിച്ച് ചോദിക്കുമെന്ന്. അതിന്റെ ഭയമാണ്. ആ ഭയം ഞാൻ പ്രധാനമന്ത്രിയുടെ കണ്ണുകളിൽ കണ്ടിട്ടുണ്ട്. അതുകൊണ്ടാണ് ആദ്യം പാർലമെന്റിൽ എനിക്കെതിരായ ചർച്ചകൾ നടന്നതും പിന്നീട് അയോഗ്യനാക്കിയതും,’ രാഹുൽ ഗാന്ധി പറഞ്ഞു.

രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്നും ചോദ്യങ്ങൾ ചോദിക്കുന്നത് തുടരുക തന്നെ ചെയ്യുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. പാർലമെന്റിൽ അദാനിയും മോദിയും തമ്മിലുള്ള ബന്ധത്തെ താൻ ചോദ്യം ചെയ്തിരുന്നുവെന്നും അത് ശരിയായ ബന്ധമല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ചോദ്യം ചോദിക്കുന്നത് അവസാനിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മോദി അദാനി ബന്ധത്തെ കുറിച്ച് ഇനിയും ചോദ്യം ചോദിക്കുമെന്നും അവരെ താൻ ഭയപ്പെടുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അയോഗ്യനാക്കി ജയിലിലടച്ച് നിശബ്ദനാക്കാമെന്ന് വിചാരിക്കേണ്ടെന്നും രാജ്യത്തിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

 

Content Highlight: Mumbai press club deplores Rahul Gandhi’s BJP worker statement on Journalist