ക്ലബ്ഹൗസ് ചര്‍ച്ചയില്‍ സ്ത്രീകള്‍ക്ക് നേരെ ലൈംഗികാധിക്ഷേപം, ബലാത്സംഗ ഭീഷണി; മൂന്ന് പേരെ അറസ്റ്റ് ചെയ്തു
national news
ക്ലബ്ഹൗസ് ചര്‍ച്ചയില്‍ സ്ത്രീകള്‍ക്ക് നേരെ ലൈംഗികാധിക്ഷേപം, ബലാത്സംഗ ഭീഷണി; മൂന്ന് പേരെ അറസ്റ്റ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st January 2022, 3:24 pm

ന്യൂദല്‍ഹി: ഓഡിയോ ചാറ്റ് ആപ്പായ ക്ലബ്ഹൗസില്‍ നടന്ന ചര്‍ച്ചയ്ക്കിടെ സ്ത്രീകള്‍ക്കെതിരെ ലൈംഗികപരാമര്‍ശങ്ങള്‍ നടത്തുകയും ലൈംഗികമായി അധിക്ഷേപിക്കുകയും ചെയ്ത മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

മുംബൈ പൊലീസിന്റെ സൈബര്‍ സെല്‍ സംഘമാണ് ഹരിയാനയില്‍ നിന്നും മൂന്ന് പേരെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. പ്രതികള്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് നേരെ ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

കര്‍ണാല്‍ സ്വദേശിയായ 19കാരന്‍ ആകാശ് സുയല്‍ (ക്ലബ്ഹൗസ് ഐ.ഡി-കിര എക്‌സ്.ഡി), ഫരീദാബാദില്‍ നിന്നുള്ള 21കാരന്‍ ജെയ്ഷ്ണവ് കക്കര്‍ (ക്ലബ്ഹൗസ് ഐ.ഡി- ജെയ്ഷ്ണവ്), 22കാരന്‍ യഷ് പരാഷര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ബി.കോം വിദ്യാര്‍ത്ഥിയാണ് ജെയ്ഷ്ണവ് കക്കര്‍. ആകാശ് സുയല്‍ ഇന്റര്‍മീഡിയറ്റ് ബിരുദധാരിയാണ്. എന്നാല്‍ രാഷ്ട്രീയ പശ്ചാത്തലമുള്ളയാളും നിയമ ബിരുദധാരിയുമാണ് യഷ് പരാഷര്‍ എന്നാണ് റിപ്പോര്‍ട്ട്.

കേസിലെ നാലാം പ്രതിയായ റിതേഷ് ജാ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്.

അറസ്റ്റിലായ മൂന്ന് പേരും ക്ലബ്ഹൗസ് റൂമുകളുടെ മോഡറേറ്റര്‍മാരോ സ്പീക്കര്‍മാരോ ആണ്. രണ്ട് ക്ലബ്ഹൗസ് റൂമുകള്‍ വഴിയാണ് സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ പ്രതികള്‍ നടത്തിയത്.

മുസ്‌ലിം പെണ്‍കുട്ടികള്‍ ഹിന്ദു പെണ്‍കുട്ടികളേക്കാള്‍ സുന്ദരികളാണ് (Muslim gals are more beautiful than Hindu gals), ഉയര്‍ന്ന ജാതിയില്‍ പെട്ട ആണ്‍കുട്ടികളെ വിവാഹം കഴിക്കാനുള്ള പ്രിവിലേജ് പെണ്‍കുട്ടികള്‍ക്കില്ല (Girls don’t have the privilege to marry upper caste boys) എന്നീ തലക്കെട്ടുകളിലായിരുന്നു ചര്‍ച്ചകള്‍ നടന്നത്.

ചര്‍ച്ചയില്‍ പങ്കെടുത്ത പലരും സ്ത്രീകള്‍ക്കെതിരെ ബലാത്സംഗഭീഷണി മുഴക്കുകയും വര്‍ഗീയയും വിദ്വേഷപരവുമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തിരുന്നതായി മുംബൈ പൊലീസ് അറിയിച്ചു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ചാറ്റ്‌റൂമിന്റെ വീഡിയോ റെക്കോര്‍ഡിങ് ദൃശ്യം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ മുസ്‌ലിം സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങള്‍, ബാബരി മസ്ജിദ്, ഘര്‍ വാപസി, ഈഡിപ്പസ് കോംപ്ലക്‌സ് എന്നീ വാക്കുകള്‍ പറയുന്നതായി ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മറ്റ് ഇസ്‌ലാമോഫോബിക് പരാമര്‍ശങ്ങളും ചര്‍ച്ചയിലുണ്ടായതായി റിപ്പോര്‍ട്ടിലുണ്ട്.

ചര്‍ച്ചയുടെ ഓഡിയോ ക്ലിപ്പിന്റെ അടിസ്ഥാനത്തില്‍ ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാളും വിഷയത്തില്‍ ഇടപെട്ടിരുന്നു. സംഭവത്തില്‍ ദല്‍ഹി പൊലീസിനോട് കേസെടുക്കാനാണ് മലിവാള്‍ ആവശ്യപ്പെട്ടിരുന്നത്.

ചര്‍ച്ചയില്‍ പങ്കെടുത്തവരുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് ക്ലബ്ഹൗസിന് ദല്‍ഹി പൊലീസ് കത്തയച്ചിട്ടുണ്ട്.

അതിനിടെയാണ് മുംബൈ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content highlight: Mumbai Police arrested 3 men over rape threat and derogatory sexual comment about women