സുധാകരന്റെ പരാമര്‍ശത്തില്‍ വിഷമമുണ്ട്; പിറന്നാള്‍ ദിനത്തില്‍ വി.എസിനോട് ഖേദം പ്രകടിപ്പിച്ച് മുല്ലപ്പള്ളി
keralanews
സുധാകരന്റെ പരാമര്‍ശത്തില്‍ വിഷമമുണ്ട്; പിറന്നാള്‍ ദിനത്തില്‍ വി.എസിനോട് ഖേദം പ്രകടിപ്പിച്ച് മുല്ലപ്പള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th October 2019, 4:53 pm

തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്തന്റെ പ്രായത്തെ അധിക്ഷേപിച്ച് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി പ്രസിഡന്റ് കെ സുധാകരന്‍ രംഗത്തു വന്ന നടപടിയില്‍ ഖേദം പ്രകടിപ്പിച്ച് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കെ സുധാകരന്റെ പരാമര്‍ശത്തില്‍ വിഷമമുണ്ടെന്നും ഖേദം പ്രകടിപ്പിക്കുന്നതായും മുല്ലപ്പള്ളി വി.എസി നെ അറിയിച്ചു.

തൊണ്ണൂറ്റിയാറാം പിറന്നാള്‍ ആഘോഷിക്കുന്ന വി.എസിന് ആശംസകളറിയിക്കാന്‍ വിളിച്ചതിനിടയൊണ് മുല്ലപ്പള്ളി ഖേദം പ്രകടിപ്പിച്ചത്. വട്ടിയൂര്‍ക്കാവ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു വിഎസിന്റെ പ്രായത്തെ അധിക്ഷേപിച്ച് കെ സുധാകരന്റെ പരാമര്‍ശം.

വറ്റിവരണ്ട തലയോട്ടിയില്‍ നിന്നും എന്തു ഭരണപരിഷ്‌കാരമാണ് രാജ്യം പ്രതീക്ഷിക്കേണ്ടെതെന്നായിരുന്നു സുധാകരന്റെ പരാമര്‍ശം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘വളരെ ചെറുപ്പക്കാരനായ അച്യുതാനന്ദന്റെ കൈയ്യില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ പോകുമ്പോള്‍ ഞങ്ങളൊക്കെ എന്തൊക്കെയോ പ്രതീക്ഷിക്കില്ലേ. മലബാറിലൊരു പഴമൊഴിയുണ്ട്. അറുപതില്‍ അത്തും പിത്തും, എഴുപതില്‍ ഏടാ പൂടാ, എണ്‍പതില്‍ എടുക്ക് ബെക്ക്, തൊണ്ണൂറില്‍ എടുക്ക് നടക്കെന്നാണ്.

ഇത് 96 ആണ്. ഈ 96, വറ്റിവരണ്ട തലയോട്ടിയില്‍ നിന്ന് എന്തു ഭരണപരിഷ്‌കാരമാണ് ഈ രാജ്യത്തു വരേണ്ടത്?’- സുധാകരന്‍ ചോദിച്ചു.

എന്നാല്‍ ജന്മനാ തലച്ചോറ് ശുഷ്‌കമായ ചില തലനരയ്ക്കാനനുവദിക്കാത്ത വൃദ്ധന്മാര്‍ തന്റെ തലയോട്ടിയുടെ ഉള്ളളവ് വിശകലനം ചെയ്യുന്ന തിരക്കിലാണെന്ന് വി.എസ് വ്യക്തിയധിക്ഷേപം നടത്തിയ എം.പി കെ.സുധാകരന് മറുപടി നല്‍കിയിരുന്നു.

പീഡനക്കേസിലെ തന്നെക്കാള്‍ യുവാവായ പ്രതിയെ വിദേശത്തേക്ക് കടത്താന്‍ സഹായിച്ച യുവ വൃദ്ധന്റെ ജല്‍പ്പനങ്ങള്‍ക്കല്ല, നാടിന്റെ വികസനത്തെക്കുറിച്ചാണ് ജനങ്ങള്‍ കാതോര്‍ക്കുകയെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ സുധാകരന്റെ പരാമര്‍ശത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളും വന്നിരുന്നു. വി.എസിന്റെ പ്രായത്തെക്കുറിച്ച് വാചാലനാകുന്ന സുധാകരന് 71 വയസുണ്ടെന്ന കാര്യം മറക്കരുതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നു.

ഇതിനിടെയാണ് സുധാകരന്റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മുല്ലപ്പള്ളി രംഗത്തെത്തിയത്.