അന്ന് മോഹന്‍ലാല്‍ ടൈമിങ് കൊണ്ട് ഞെട്ടിച്ചു; അദ്ദേഹത്തോടൊപ്പം ഫൈറ്റ് ചെയ്യണം: മുകേഷ്
Malayalam Cinema
അന്ന് മോഹന്‍ലാല്‍ ടൈമിങ് കൊണ്ട് ഞെട്ടിച്ചു; അദ്ദേഹത്തോടൊപ്പം ഫൈറ്റ് ചെയ്യണം: മുകേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 18th July 2025, 10:03 pm

മോഹന്‍ലാലുമായി ഒരു ഫുള്‍ ലെങ്ത് ഫൈറ്റ് കിട്ടിയിരുന്നെങ്കിലെന്ന് താന്‍ ആഗ്രഹിച്ചിട്ടുണ്ടെന്ന് പറയുകയാണ് മുകേഷ്. ടൈമിങ് കൊണ്ട് തന്നെ ഞെട്ടിച്ച നടന്‍ ആരാണെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

മോഹന്‍ലാലിന്റെ കൂടെ എപ്പോഴെങ്കിലും ഒരു ഫൈറ്റ് സീന്‍ ചെയ്യണമെന്ന ആഗ്രഹമുണ്ടെന്നും അതിലൂടെ തനിക്ക് ഫൈറ്റില്‍ എത്രമാത്രം ടൈമിങ്ങുണ്ടെന്ന് അറിയണമെന്നും മുകേഷ് പറഞ്ഞു. ബിഹൈന്‍വുഡ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘ടൈമിങ് കൊണ്ട് എന്നെ ഞെട്ടിച്ച നടന്‍ മോഹന്‍ലാലാണ്. തുടക്കത്തിലൊക്കെ ലാല്‍ ഫൈറ്റ് ചെയ്യുന്നത് കാണുമ്പോള്‍ നമുക്കും അദ്ദേഹവുമായി ഒരു ഫുള്‍ ലെങ്ത് ഫൈറ്റ് കിട്ടിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്, അതാണ് സത്യം.

അദ്ദേഹത്തിന്റെ കൂടെ എപ്പോഴെങ്കിലും ഒരു ഫൈറ്റ് സീന്‍ ചെയ്യണമെന്ന ആഗ്രഹമുണ്ട്. കാരണം എനിക്ക് ഫൈറ്റില്‍ എത്രമാത്രം ടൈമിങ്ങുണ്ടെന്ന് അറിയണം. അത് അറിയാന്‍ ഒരുപാട് ആഗ്രഹം തോന്നുന്നുണ്ട്. മോഹന്‍ലാലും ഞാനും ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

എന്നാല്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ച പടത്തിലൊന്നും ഞങ്ങള്‍ക്ക് തമ്മില്‍ ഫൈറ്റ് ചെയ്യേണ്ട ആവശ്യം ഇതുവരെ വന്നിട്ടില്ല. കാരണം ഒരുവിധം എല്ലാ സിനിമകളിലും ഞങ്ങള്‍ കൂട്ടുക്കാരായാണ് അഭിനയിച്ചിട്ടുള്ളത്.

അങ്ങനെ അല്ലാതെ കുറച്ചെങ്കിലും വന്നിട്ടുള്ളത് കാക്കകുയില്‍ എന്ന സിനിമയില്‍ മാത്രമാണ്. ആ പടത്തില്‍ പല സന്ദര്‍ഭങ്ങളിലും ഞാനും അദ്ദേഹവും പരസ്പരം ഫൈറ്റ് ചെയ്യുന്നത് കാണാം. അന്ന് ആ സീനിനെ കുറിച്ച് പറയുമ്പോള്‍ മനോഹരമാണെന്നാണ് പ്രിയന്‍ പറഞ്ഞത്. പ്രിയന്‍ ആണെങ്കില്‍ എത്രയോ വലിയ വലിയ ഹീറോസിനെ വെച്ച് സിനിമകള്‍ ചെയ്തിട്ടുള്ള ആളല്ലേ.

‘പാടാം വനമാലി’ എന്ന പാട്ടിന്റെ സീന്‍ ഷൂട്ട് ചെയ്തത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. ആ പാട്ടില്‍ ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ചുള്ള സീന്‍ ഷൂട്ട് ചെയ്ത് കഴിഞ്ഞു. ശേഷം പ്രിയന്‍ എന്റെയും മോഹന്‍ലാലിന്റെയും അടുത്തേക്ക് വന്നു.

അന്ന് പ്രിയന്‍ പറഞ്ഞ കാര്യങ്ങളും എനിക്ക് ഇപ്പോള്‍ ഓര്‍മയുണ്ട്. രണ്ട് ഹീറോസ് ഇത്രയും ടൈമിങ്ങിലും ഇത്രയും താളത്തോടെയും എന്റെ ഒരു സിനിമയിലും ചെയ്തിട്ടില്ല എന്നായിരുന്നു പ്രിയന്‍ അന്ന് പറഞ്ഞത്,’ മുകേഷ് പറയുന്നു.

Content Highlight: Mukesh Talks About Mohanlal