സിദ്ദിഖ്-ലാല്‍ എന്ന സംവിധാന കൂട്ടുകെട്ടില്‍ പിറന്ന ആദ്യചിത്രമാണ് റാംജി റാവു സ്പീക്കിങ്. സായി കുമാര്‍, മുകേഷ്, ഇന്നസെന്റ്, രേഖ, വിജയരാഘവന്‍, ദേവന്‍, മാമുക്കോയ തുടങ്ങിയവരായിരുന്നു റാംജി റാവു സ്പീക്കിങ്ങില്‍ പ്രധാന വേഷത്തില്‍ എത്തിയത്.
ഇന്നസെന്റിനെ കുറിച്ചും റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തെ കുറിച്ചും സംസാരിക്കുകയാണ് നടന്‍ മുകേഷ്. ഇന്നസെന്റിനെ മനസില്‍ കണ്ടാണ് മത്തായി എന്ന കഥാപാത്രത്തിന്റെ സംഭാഷങ്ങള്‍ എല്ലാം എഴുതിയതെന്നും എന്നാല്‍ ആ സമയത്ത് സംവിധായകന്‍ ജോഷിയുടെ സിനിമയുമായി ഡേറ്റ് ക്ലാഷ് ആയതുകൊണ്ട് ഇന്നസെന്റിന് അഭിനയിക്കാന്‍ ബുദ്ധിമുട്ടായിരുന്നു എന്നും മുകേഷ് പറയുന്നു.
അവസാനനാളുകളില്‍ അദ്ദേഹം അഭിനയിച്ച സിനിമകളിലും ഞങ്ങള്‍ ഒന്നിച്ചായിരുന്നു. അപ്പോഴും പതിവ് തമാശകളുമായി സജീവമായിരുന്നു
പാതി മനസോടെ ഇന്നസെന്റ് ചെയ്ത ആ ചിത്രത്തിന് സമ്മതിച്ചെന്നും ആ സിനിമ മലയാളസിനിമയില്‍ ഒരു പുതിയ വഴിത്തിരിവായെന്നും മുകേഷ് പറഞ്ഞു. ഓണക്കാലത്തിന് തൊട്ടുമുമ്പ് വന്ന പരീക്ഷണ സിനിമയായിരുന്നു റാംജി റാവു സ്പീക്കിങ് എന്നും ഓണക്കാലത്തെ വലിയ റിലീസുകളെക്കാള്‍ കൂടുതല്‍ പ്രേക്ഷകപ്രീതി ചിത്രം നേടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇന്നസെന്റേട്ടനെ മനസില്‍ കണ്ടാണ് മത്തായിച്ചേട്ടന്റെ സംഭാഷണങ്ങള്‍ തയ്യാറാക്കിയിരുന്നത്. എന്നാല്‍ അതേ സമയത്ത് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അദ്ദേഹം ചെന്നൈയിലായിരുന്നു. ഡേറ്റ് ക്ലാഷ് ഒരു പ്രശ്‌നമായതിനാല്‍ ഒടുവില്‍ മറ്റൊരു നടനെ ആ കഥാപാത്രമായി കാസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചു. ചെന്നൈയിലെത്തിയ ഞാന്‍ അദ്ദേഹത്തെക്കണ്ട് സിനിമയെക്കുറിച്ച് സംസാരിച്ചു.
ഉഗ്രന്‍ കഥയാണെന്നും മൂന്ന് കഥാപാത്രങ്ങള്‍ക്കും തുല്യപ്രാധാന്യമുള്ള ചിത്രമാണന്നും ചേട്ടന്റെ തലവരമാറ്റുന്ന കഥാപാത്രമാണെന്നും പറഞ്ഞ് ബോധിപ്പിച്ചു.
കഥകേട്ടതോടെ ഇന്നസെന്റേട്ടന്‍ ആശയക്കുഴപ്പത്തിലായി. സംവിധായകന്‍ ജോഷിയുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ അഡ്വാന്‍സ് വാങ്ങിയതുകൊണ്ട് ആദ്യം മടിച്ചു. എന്നാല്‍ ജോഷിക്ക് എതിര്‍പ്പുണ്ടായില്ല. അപ്പോഴും പൂര്‍ണ സമ്മതമായിരുന്നില്ല.
നാട്ടിലെത്തിയിട്ട് സംവിധായകന്‍ ഫാസിലിനെ വിളിക്കാമെന്നും പറഞ്ഞ് ഞാന്‍ എന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. സിദ്ദിഖ്-ലാലിന്റെ ചിത്രത്തില്‍ ഇന്നസെന്റ് അഭിനയിക്കണമെന്ന് ഫാസിലിനും വലിയ ആഗ്രഹമായിരുന്നു. നാട്ടിലെത്തി ഫാസിലിനെ ഫോണില്‍ വിളിച്ച് കൊച്ചുവര്‍ത്തമാനം പറയുന്നതിനിടയില്‍ ഞാന്‍ ഇന്നസെന്റേട്ടന്റെ കൈയില്‍ ഫോണ്‍ കൊടുത്തു. അത് മലയാളസിനിമയില്‍ ഒരു പുതിയ വഴിത്തിരിവായി.
ഓണക്കാലത്തിന് തൊട്ടുമുമ്പ് വന്ന പരീക്ഷണ സിനിമയായിരുന്നു ‘റാംജി റാവു സ്പീക്കിങ്’. എന്നാല്‍, ഓണക്കാലത്തെ വമ്പന്‍ ചിത്രങ്ങളെക്കാളേറെ പ്രേക്ഷകപ്രീതി നേടുകയും ചെയ്തു. അവസാനനാളുകളില്‍ അദ്ദേഹം അഭിനയിച്ച സിനിമകളിലും ഞങ്ങള്‍ ഒന്നിച്ചായിരുന്നു. അപ്പോഴും പതിവ് തമാശകളുമായി സജീവമായിരുന്നു,’ മുകേഷ് പറയുന്നു.