തമാശക്ക് പ്രാധാന്യം കൊടുക്കുന്ന ജില്ലയാണ് കൊല്ലം: മുകേഷ്
Entertainment
തമാശക്ക് പ്രാധാന്യം കൊടുക്കുന്ന ജില്ലയാണ് കൊല്ലം: മുകേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 28th August 2023, 10:32 am

തമാശക്ക് പ്രാധാന്യം കൊടുക്കുന്ന ജില്ലയാണ് കൊല്ലമെന്ന് നടനും കൊല്ലം എം.എല്‍.എയുമായ മുകേഷ്. തന്റെ ഒഫീഷ്യല്‍ യൂട്യൂബ് ചാനലായ മുകേഷ് സ്പീക്കിങ്ങിന്റെ 105ാം എപ്പിസോഡിലാണ് അദ്ദേഹം കൊല്ലത്തെ തമാശകളെ കുറിച്ച് പറഞ്ഞത്.

മറ്റ് ജില്ലകളില്‍ മറ്റ് പ്രത്യേകതകള്‍ ഉണ്ടെങ്കിലും തമാശയുടെ കാര്യത്തില്‍ കൊല്ലം ജില്ലക്ക് ചില സവിശേഷതകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. വേദനപ്പിക്കുന്ന തരത്തില്‍ തമാശ പറയുന്നവരാണ് കൊല്ലത്തുള്ളവരെങ്കിലും ആരും അതിന്റെ പേരില്‍ ദേഷ്യപ്പെടാറില്ലെന്നും മുകേഷ് പറഞ്ഞു.

‘മാനത്തെ വെള്ളിത്തിരകള്‍ എന്ന സിനിമ ഷൂട്ട് ചെയ്യുന്ന കാലം. ഫാസിലായിരുന്നു സംവിധായകന്‍. ഞാനും ശ്രീനിവാസനും വിനീതുമൊക്കെ അഭിനിയിക്കുന്നുണ്ട്. ഷോട്ട് തയ്യാറാകുന്നതിനിടയില്‍ എല്ലാവരും മാറിയിരുന്ന് ചിരിയും ബഹളവുമൊക്കെ ആയിരുന്നു. ഇടക്ക് ഫാസില്‍ സാറ് വരും. അവസാനം പറഞ്ഞ തമാശ കേട്ട് അദ്ദേഹം ചിരിക്കുകയും ചെയ്യും. ശേഷം ഷോട്ടിനെ കുറിച്ച് സംസാരിക്കുകയും ചെയ്യും.

ഒരു ദിവസം, അദ്ദേഹം എനിക്ക് നല്ലൊരു കോംപ്ലിമെന്റ് തന്നു. മുകേഷിന്റെ കഥകളൊക്കെ ഇഷ്ടപ്പെടുന്നുണ്ടോ എന്ന് അവിടിരുന്ന ആളുകളുടെ അദ്ദേഹം ചോദിച്ചു. അവരൊക്കെ ഇഷ്ടപ്പെടുന്നുണ്ട് എന്ന് മറുപടി പറഞ്ഞു. മുകേഷിന്റെ കഥകള്‍ തീരുന്നില്ല എന്നതാണ് പ്രത്യേകത എന്നും ഫാസില്‍ പറഞ്ഞു. മാത്രമല്ല, ഓരോ തവണയും പുതിയ കഥകളാണ് മുകേഷ് പറയുന്നത് എന്നും ഫാസില്‍ സാര്‍ അന്ന് പറഞ്ഞത് എനിക്ക് വലിയ പ്രോത്സാഹനമായിരുന്നു.

തമാശക്ക് വലിയ പ്രാധാന്യം കൊടുക്കുന്ന ജില്ലയാണ് കൊല്ലം. എന്റെ തലമുറയിലുള്ള ആളുകളും അതിനെ താഴെയും മുകളിലുമുള്ള തലമുറകളായാലും തമാശക്ക് പ്രാധാന്യം നല്‍കുന്നവരാണ്. ബാക്കി ജില്ലളിലും ചില പ്രത്യേകതകളുണ്ടാകാമെങ്കിലും കൊല്ലത്തിന്റെ തമാശകള്‍ക്ക് ചില സവിശേഷതകളുണ്ട്. സ്വല്‍പം മുനവെച്ച്, വേദനിപ്പിക്കുകയും ഒന്ന് ഇരുത്തുകയും ചെയ്യുന്ന തരത്തിലാണ് കൊല്ലത്തുള്ളവര്‍ തമാശ പറയാറുള്ളത്. എന്നാല്‍ അത് കേട്ട് ദേഷ്യപ്പെടാതെ അതിനകത്ത് പങ്കെടുക്കുകയും ചെയ്യുന്നു എന്നതാണ് കൊല്ലത്തിന്റെ പ്രത്യേകത. അത്തരം ആളുകളെ ഞാന്‍ കൊല്ലത്ത് കണ്ടിട്ടുണ്ട്,’ മുകേഷ് പറഞ്ഞു.

content highlights: Mukesh about kollam comedy