ദ്രാവിഡിന് ശേഷം ഏറ്റവും നിസ്വാര്‍ത്ഥനായ താരം; ഇന്ത്യന്‍ ബാറ്ററെ പ്രശംസിച്ച് കൈഫ്
Cricket
ദ്രാവിഡിന് ശേഷം ഏറ്റവും നിസ്വാര്‍ത്ഥനായ താരം; ഇന്ത്യന്‍ ബാറ്ററെ പ്രശംസിച്ച് കൈഫ്
ഫസീഹ പി.സി.
Friday, 16th January 2026, 10:31 am

രാഹുല്‍ ദ്രാവിഡിന് ശേഷം താന്‍ കണ്ടിട്ടുള്ളവരില്‍ ഏറ്റവും നിസ്വാര്‍ത്ഥനായ താരമാണ് കെ.എല്‍ രാഹുലെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ മുഹമ്മദ് കൈഫ്. ദ്രാവിഡിനെ പോലെ ഇന്ത്യന്‍ ടീമിനായി ഏതൊരു ദൗത്യവും ചെയ്യാന്‍ രാഹുല്‍ തയ്യാറാണെന്നും അവ പരാതിയില്ലാതെ ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ടെസ്റ്റില്‍ ഓപ്പണറായും, ഏകദിനത്തില്‍ മിഡില്‍ ഓര്‍ഡറിലും കളിക്കുന്ന രാഹുല്‍ ക്യാപ്റ്റനായും സ്ലിപ്പില്‍ ഫീല്‍ഡറായും തിളങ്ങുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു കൈഫ്.

മുഹമ്മദ് കൈഫ്, Photo: google/probatsman

‘കെ.എല്‍ രാഹുലിനോട് പ്രയാസമേറിയ ടെസ്റ്റില്‍ ഓപ്പണ്‍ ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവനത് സന്തോഷത്തോടെ ചെയ്തു. എന്നാല്‍, അതിനേക്കാള്‍ എളുപ്പമേറിയ ഏകദിനത്തില്‍ അവന്‍ മിഡില്‍ ഓര്‍ഡറിലാണ് ബാറ്റ് ചെയ്യുന്നത്. ആ ദൗത്യവും അവന്‍ ഭംഗിയായി നിറവേറ്റുന്നുണ്ട്. ഒരു ‘ഫിനിഷറുടെ’ റോളില്‍ കളിച്ച് പുറത്താകാതെ നിന്ന് ഇന്ത്യയെ അവന്‍ വിജയത്തിലെത്തിക്കുന്നു.

വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും നേരത്തെ പുറത്തായാല്‍ പോലും അഞ്ചാം നമ്പറില്‍ എത്തി രാഹുല്‍ സെഞ്ച്വറി നേടുന്നു. വിക്കറ്റുകള്‍ തുടര്‍ച്ചയായി വീണപ്പോള്‍ സംയമനം പാലിക്കുകയും നിര്‍ണായക കൂട്ടുകെട്ടുകള്‍ കെട്ടിപ്പടുക്കുകയും ചെയ്തു.

മത്സരത്തെ കൃത്യമായി വിലയിരുത്താനും റണ്‍സ് ഉയര്‍ത്താനും രാഹുലിന് അറിയാം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ ശുഭ്മന്‍ ഗില്ലിന് പരിക്കേറ്റപ്പോള്‍ ടീമിനെ നയിച്ച രാഹുല്‍ ഇന്ത്യയെ പരമ്പര വിജയത്തിലേക്ക് എത്തിച്ചു,’ കൈഫ് പറഞ്ഞു.

കെ.എൽ. രാഹുൽ. Photo: Johns/x.com

ന്യൂസിലാന്‍ഡിന് എതിരെയുള്ള രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ പരാജയപ്പെട്ടപ്പോള്‍ കെ.എല്‍. രാഹുലിന്റെ ഇന്നിങ്സാണ് ടീമിന് കരുത്തായത്. താരം മത്സരത്തില്‍ 92 പന്തില്‍ പുറത്താവാതെ 112 റണ്‍സെടുത്തിരുന്നു. ഇന്ത്യയെ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താന്‍ സഹായിച്ചത് ഈ ഇന്നിങ്സായിരുന്നു.

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും രാഹുലിന്റെ ഇന്നിങ്സ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് കൈഫും താരത്തിനെ പ്രശംസിച്ച് രംഗത്തെത്തിയത്.

Content Highlight: Muhammed Kaif says that KL Rahul is most selfless cricketer after Rahul Dravid

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി