എം.എസ്.പി കമ്മിറ്റി രൂപീകരിച്ചു, ഇനി വീട്ടില്‍ പോകൂവെന്ന് കര്‍ഷകരോട് കേന്ദ്രമന്ത്രി; തിരക്ക് കൂട്ടേണ്ടെന്ന് കര്‍ഷകരുടെ മറുപടി
India
എം.എസ്.പി കമ്മിറ്റി രൂപീകരിച്ചു, ഇനി വീട്ടില്‍ പോകൂവെന്ന് കര്‍ഷകരോട് കേന്ദ്രമന്ത്രി; തിരക്ക് കൂട്ടേണ്ടെന്ന് കര്‍ഷകരുടെ മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th November 2021, 5:50 pm

ന്യൂദല്‍ഹി: മിനിമം താങ്ങുവില സമ്പ്രദായം കൂടുതല്‍ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചുവെന്നും അതിനാല്‍ കര്‍ഷകര്‍ ഭവനങ്ങളിലേക്ക് മടങ്ങണമെന്നുമാവശ്യപ്പെട്ട് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍.

‘കര്‍ഷകരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതാണ് ഈ കമ്മിറ്റി. കര്‍ഷക സംഘടനയില്‍ നിന്നുമുള്ള പ്രതിനിധികളും കമ്മിറ്റിയില്‍ ഉണ്ടാകും,’ അദ്ദേഹം പറഞ്ഞു.

‘കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നതായിരുന്നു കര്‍ഷകരുടെ ആവശ്യം. സര്‍ക്കാര്‍ ആ ആവശ്യം അംഗീകരിച്ചു. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചതിന് ശേഷവും സമരം തുടരുന്നതില്‍ ഒരു കാര്യവുമില്ല. സമരം നിര്‍ത്തണമെന്നും ഭവനങ്ങളിലേക്ക് മടങ്ങണമെന്നും ഞാന്‍ കര്‍ഷകരോട് ആവശ്യപ്പടുകയാണ്,’ നരേന്ദ്ര സിങ് തോമര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ സംയുക്ത കിസാന്‍ മോര്‍ച്ച നരേന്ദ്ര സിങ് തോമറിന്റെ ആവശ്യം തള്ളി. തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങളിന്‍മേല്‍ സര്‍ക്കാര്‍ ആദ്യം കര്‍ഷകരുമായി ചര്‍ച്ച നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

‘സര്‍ക്കാരിന്റെ തീരുമാനത്തില്‍ വ്യക്തത വരുത്തണം. എം.എസ്.പി കമ്മിറ്റിയുടെ കാലാവധി എത്രയാണ്? സര്‍ക്കാര്‍ എന്നാണ് എം.എസ്.പി നിയമമാക്കുക. ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ഗുര്‍നാം സിങ് ചരുണി ചോദിച്ചു.

കഴിഞ്ഞ നവംബര്‍ 19 നാണ് നരേന്ദ്ര മോദി മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദാക്കുകയാണ് എന്ന് പ്രഖ്യാപിച്ചത്. ഇത് സ്വാഗതം ചെയ്ത കര്‍ഷകര്‍ തങ്ങള്‍ ഉന്നയിച്ച ആറ് ആവശ്യങ്ങള്‍ കൂടി സര്‍ക്കാര്‍ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് എം.എസ്.പി നിയമമാക്കുക എന്നതായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: msp-committee-go-home-union-agriculture-minister-farmers-protest