കല്യാണം കഴിഞ്ഞ് 10 മാസമായിട്ടും ഗര്‍ഭം ധരിച്ചില്ല, തടി കൂടിയതിന് പരിഹാസം; ഭര്‍തൃവീട്ടില്‍ 19 കാരി തൂങ്ങി മരിച്ച സംഭവത്തില്‍ സഹോദരന്റെ പ്രതികരണം
Kerala News
കല്യാണം കഴിഞ്ഞ് 10 മാസമായിട്ടും ഗര്‍ഭം ധരിച്ചില്ല, തടി കൂടിയതിന് പരിഹാസം; ഭര്‍തൃവീട്ടില്‍ 19 കാരി തൂങ്ങി മരിച്ച സംഭവത്തില്‍ സഹോദരന്റെ പ്രതികരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th November 2021, 3:19 pm

പാലക്കാട്: പത്തിരിപ്പാല മാങ്കുറിശ്ശിയില്‍ ഭര്‍തൃവീട്ടില്‍ 19 കാരി തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കെതിരെ പരാതിയുമായി സഹോദരന്‍ നഫ്‌സല്‍. ധോണി ഉമ്മിണി പുത്തന്‍വീട്ടില്‍ അബ്ദുള്‍റഹ്മാന്റെ മകള്‍ നഫ്‌ലയുടെ മരണത്തിലാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഭര്‍ത്താവിന്റെ വീട്ടില്‍ കടുത്ത മാനസികപീഡനമാണ് നഫ്‌ല നേരിട്ടതെന്ന് സഹോദരന്‍ നഫ്സല്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

വിവാഹം കഴിഞ്ഞ് പത്ത് മാസമായിട്ടും ഗര്‍ഭം ധരിക്കാത്തതിനാല്‍ നഫ്‌ല ക്രൂരമായ മാനസികപീഡനത്തിന് ഇരയായിരുന്നുവെന്ന് സഹോദരന്‍ പറഞ്ഞു. ഭര്‍തൃമാതാവും ഭര്‍തൃസഹോദരിയുമാണ് ഇതിന് പിന്നിലെന്ന് നഫ്‌സല്‍ പറഞ്ഞു.

‘ഗര്‍ഭധാരണത്തിന് ഡോക്ടറെ കണ്ട് ചികിത്സയെല്ലാം തേടിയിരുന്നു. അല്പം തടിച്ച ശരീരപ്രകൃതമാണ് അവളുടേത്. അതിന്റെപേരിലും ഭര്‍തൃവീട്ടില്‍നിന്ന് പരിഹാസം നേരിട്ടിരുന്നു,’ നഫ്‌സല്‍ പറഞ്ഞു.

ഇത്രയും തടിയുള്ള ഞാന്‍ ഇവിടെ ജീവിച്ചിട്ട് കാര്യമില്ല, എല്ലാവര്‍ക്കും ഒരുഭാരമാണ്. എന്റെ ഇക്കാക്ക് ഒരു കുട്ടിയെ കൊടുക്കാന്‍ കഴിയുന്നില്ല എന്നാണ് നഫ്‌ല ഡയറിയില്‍ എഴുതിയിരുന്നതെന്നും ഡയറി പൊലീസിന് കൈമാറിയിട്ടുണ്ടെന്നും സഹോദരന്‍ പറഞ്ഞു.

മാങ്കുറിശ്ശി കക്കോട് അത്താണിപ്പറമ്പ് മുജീബിന്റെ ഭാര്യയാണ് നഫ്‌ല. പാലക്കാട്ടെ സ്വകാര്യ കോളേജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. പത്തുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.

വ്യാഴാഴ്ച രാത്രിയാണ് നഫ്‌ലയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി വീട്ടില്‍ തിരിച്ചെത്തിയ മുജീബ് വാതിലില്‍ തട്ടി വിളിച്ചെങ്കിലും നഫ്ലയുടെ പ്രതികരണമുണ്ടായിരുന്നില്ല. തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോള്‍ നഫ്ലയെ മരിച്ചനിലയില്‍ കണ്ടെത്തിയെന്നാണ് പ്രാഥമിക മൊഴി.

സംഭവത്തില്‍ മങ്കര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Palakkad 19 year old girl suicide brother reveals