'ശിവന്‍കുട്ടിയുടെ പ്രച്ഛന്ന വേഷത്തിന് താഴെ തക്ബീര്‍ വിളിക്കുന്ന ഊളകളേ, വഞ്ചനയാണ് നിങ്ങള്‍ ചെയ്യുന്നത്': എം.എസ്.എഫ്
Kerala News
'ശിവന്‍കുട്ടിയുടെ പ്രച്ഛന്ന വേഷത്തിന് താഴെ തക്ബീര്‍ വിളിക്കുന്ന ഊളകളേ, വഞ്ചനയാണ് നിങ്ങള്‍ ചെയ്യുന്നത്': എം.എസ്.എഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th October 2025, 8:12 am

 

തിരുവനന്തപുരം: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ തട്ടം വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്കെതിരെയും അദ്ദേഹത്തിന്റെ നിലപാട് സ്വാഗതം ചെയ്തവര്‍ക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. നജാഫ്.

വി. ശിവന്‍കുട്ടിയെ നായകനാക്കിയുള്ള പ്രച്ഛന്ന വേഷത്തിന് തക്ബീര്‍ മുഴക്കുന്നവര്‍ വഞ്ചനയാണ് ചെയ്യുന്നത് എന്നായിരുന്നു നജാഫിന്റെ വിമര്‍ശനം. ഇത്തരക്കാര്‍ക്ക് ഇനിയും നേരം വെളുത്തിട്ടില്ലേ എന്നും നജാഫ് ചോദിക്കുന്നു.

ഫേസ്ബുക്കിലെഴുതിയ കുറിപ്പിലായിരുന്നു എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ വിമര്‍ശനം.

എം.എസ്.എഫ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. സജല്‍ ഇബ്രാഹിം വിദ്യാഭ്യാസ വകുപ്പിനെ അഭിനന്ദിച്ച് പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെയാണ് നജാഫിന്റെ വിമര്‍ശനം എന്നതും ശ്രദ്ധേയമാണ്.

അവകാശ സംരക്ഷണത്തിന്റെ പേരില്‍ സമുദായത്തെ തെരുവില്‍ നിര്‍ത്തിയവരാണ് സി.പി.ഐ.എം എന്ന കാര്യം ഓര്‍ക്കണമെന്നും നജാഫ് പറയുന്നു.

ശിവന്‍കുട്ടിയുടേത് ഒരു രാഷ്ട്രീയ നാടകമാണെന്നും, ഈ ആട്ടം കണ്ട് സമുദായത്തിന്റെ ഏതെങ്കിലും അവകാശങ്ങള്‍ സംരക്ഷിപ്പെടുമെന്ന് വിശ്വസിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്നും എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി കുറ്റപ്പെടുത്തുന്നു.

സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിഫോം വിഷയത്തില്‍ 2022ല്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പരിശോധിച്ചാല്‍ സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് മനസിലാക്കാന്‍ സാധിക്കുമെന്നും നജാഫ് പറയുന്നു.

നജാഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സമുദായ സ്‌നേഹികളെ, നിങ്ങള്‍ക്ക് ഇനിയും നേരം വെളുത്തില്ലേ.

ഹിജാബിനുവേണ്ടി പോരാട്ടം നായകനാക്കിയുള്ള ശിവന്‍കുട്ടി മിനിസ്റ്ററുടെ പ്രഛന്ന വേഷത്തിന് താഴെ തക്ക്ബീര്‍ വിളിക്കുന്ന ഊളകളേ, വഞ്ചനയാണ് നിങ്ങള്‍ ചെയ്യുന്നത്.

അവകാശം സംരക്ഷണം എന്ന പേര് പറഞ്ഞ് ഈ സമുദായത്തെ നടുറോഡില്‍ നിര്‍ത്തിയത് സി.പി.ഐ.എമ്മാണ് എന്ന് ഓര്‍മ വേണം. ഒരു സമുദായത്തിന്റെ എല്ലാ അടയാളങ്ങളെയും ഓരോന്നോരോന്നായി തകര്‍ത്തു കളഞ്ഞിട്ട് വിലാപങ്ങള്‍ക്ക് കൂടെ കണ്ണീരു കാണിച്ചിട്ട് അഭിനയിക്കാതെ ശിവന്‍കുട്ടി.

ഹിജാബിന്റെ അവകാശവാദവുമായി ബന്ധപ്പെട്ടുണ്ടായ 2018ലെ ഹൈക്കോടതി കേസില്‍ പ്രൈവറ്റ് സ്‌കൂളുകള്‍ക്ക് അനുകൂലമായ ഒരു വിധിയുണ്ടായപ്പോള്‍ കക്ഷിയായ കേരള സര്‍ക്കാര്‍ എന്ത് ചെയ്യുകയായിരുന്നു. ആത്മാര്‍ത്ഥമായ അവകാശ സ്‌നേഹം ആയിരുന്നെങ്കില്‍ ഇവിടെ ഈ ഗതി വരുമായിരുന്നോ?

2022ലെ കേരള സര്‍ക്കാരിന്റെ തന്നെ സ്റ്റുഡന്റ് കേഡറ്റ് പോലീസ് യൂണിഫോം കേസില്‍ നിങ്ങള്‍ നല്‍കിയ അഫിഡവിറ്റ് സി.പി.ഐ.എമ്മിന്റെ നേതൃത്വത്തിലെ സര്‍ക്കാരിന്റെ മുഖം കൃത്യമായി വെളിവാക്കുന്ന ഒന്നാണ്. പിന്നെ എന്തിനാണ് ഇപ്പോള്‍ ഇങ്ങനെ ഒരു നാടകം.

ഇതൊരു രാഷ്ട്രീയ നാടകമാണ്. ഈ നാടകത്തില്‍ പോയി ആട്ടം കണ്ടിട്ട് സമുദായത്തിന്റെ ഏതെങ്കിലും ഒരു അവകാശം സംരക്ഷിക്കപ്പെടും എന്ന് തോന്നുന്നുവെങ്കില്‍ നാം വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്.

ആത്മാര്‍ത്ഥമാണ് നിങ്ങളുടെ നടപടിയെങ്കില്‍ ഈ രണ്ടു വിഷയത്തിലും വിശ്വാസികളുടെ അവകാശം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇനിയെങ്കിലും തയ്യാറാകുമോ?

കേരളത്തിലെ നായര്‍ സര്‍വീസ് സൊസൈറ്റിക്ക് മാത്രം ഭിന്നശേഷി വിഷയത്തില്‍ അധ്യാപക നിയമനത്തിന് അവകാശം കൊടുത്ത സര്‍ക്കാര്‍ ആണിത്.

നാടുനീളെ സര്‍ക്കാരിന്റെ വറുതിയുടെ കാലത്ത് പിരിച്ചുണ്ടാക്കിയ പണം കൊണ്ട് ഉണ്ടാക്കിയ സ്‌കൂളിലും കോളേജുകളിലും അധ്യാപകരെ എടുക്കാന്‍ പോലും സാധിക്കാതെ വിദ്യാര്‍ഥികള്‍ മുഴുവന്‍ ഇതിന്റെ പാപഭാരം ഏറ്റുവാങ്ങി നശിക്കയാണ്.
എന്തേ സാമുദായിക സ്‌നേഹികള്‍ക്ക് ശബ്ദം ഇല്ലേ?

കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ഉണ്ടായിരുന്ന എല്ലാ സ്‌കോളര്‍ഷിപ്പുകളും ഓരോന്നോരോന്നായി എടുത്തു കളയുകയാണ്.
എന്തേ സാമുദായിക സ്‌നേഹികള്‍ ശബ്ദമില്ലേ?

ഈ സമുദായം ഉണ്ടാക്കിയെടുത്ത കോളേജുകളില്‍ സ്‌കൂളുകളില്‍ സീറ്റുകളോ കോഴ്‌സുകളോ കൊടുക്കാന്‍ തയ്യാറാവാതെ ഇന്നും 20 വര്‍ഷം പിറകോട്ട് നടക്കുന്ന ഒരു സമുദായമാണ് നമ്മള്‍. എന്തേ ചോദിക്കാന്‍ നാവില്ലേ?

സമുദായത്തിന്റെ അവകാശങ്ങളെ ഓരോന്നോരോന്നായി തകര്‍ത്തു കളഞ്ഞിട്ട് സി.പി.ഐ.എമ്മും അതിന് നേതാക്കന്മാരും കളിക്കുന്ന ഗിമ്മിക്കിനനുസരിച്ച് തുള്ളാന്‍ ഉള്ളതല്ല മുസ്‌ലിം സമുദായം.

ഇന്ത്യയില്‍ ആര്‍.എസ്.എസ് നടപ്പാക്കിയ മോഡലായ ന്യൂനപക്ഷങ്ങളെ മാറ്റിനിര്‍ത്തി അധികാരത്തിന്റെ ഇടനാഴിയില്‍ നിന്നും മുസ്‌ലിമിനെ മാറ്റിനിര്‍ത്തുവാനുള്ള സോഷ്യല്‍ എന്‍ജിനീയറിങ് നടത്തുന്ന അതേ മാതൃകയില്‍ കേരളത്തില്‍ സി.പി.ഐ.എം കളിക്കുന്ന കളി സമുദായിക സ്‌നേഹികളെ നിങ്ങള്‍ കാണുന്നില്ലേ. എന്തേ നിങ്ങള്‍ കണ്ടില്ലേ?

ഈ സമുദായത്തിനെതിരെ ഉണ്ടായിരിക്കുന്ന ഒരു മനോനില ഉപയോഗിച്ച് അധികാരം ലക്ഷ്യം വച്ചുള്ള പോക്കിന് പ്രതി ഇവിടെ സി.പി.ഐഎമ്മാണ്. എന്നിട്ടും നാലാള് കാണാന്‍ ഒരു വാറോല കാണിച്ച് വന്ന ശിവന്‍കുട്ടിക്ക് ഗ്രേഡ് കൊടുക്കുന്ന ആവേശ കമ്മിറ്റിക്കാരും ചില മാധ്യമങ്ങളും.

ഒരു കാര്യം ഉറപ്പിച്ചു പറയാം. ഒരു വൈകാരികതയുടെയും പുറത്തല്ല ഈ സമുദായം എല്ലാ നേട്ടങ്ങളും ഉണ്ടാക്കിയത്. വൈകാരികതകള്‍ മാത്രം ഉയര്‍ത്തി വിട്ട് വാര്‍ത്തകള്‍ ഉണ്ടാക്കി അസ്വസ്ഥത ഉണ്ടാക്കല്‍ മാത്രമല്ല നമ്മുടെ പണി.

കേരളത്തില്‍ അത്തരം വാര്‍ത്തകള്‍ മാത്രം പടച്ചുവിടുന്ന ‘മാധ്യമം’ അല്ല നമ്മളെ നിയന്ത്രിക്കേണ്ടത്. അതിന് പരിഹാരം നിര്‍ദേശിക്കലാണ്.

വേറെ അള്‍ട്ടര്‍നേറ്റീവ് ഉള്ള ഒരു കാലത്ത് ഇങ്ങനെ ഒരു കോടതിവിധി നിലനില്‍ക്കെ ഇത്തരം പ്രൈവറ്റ് സ്‌കൂളില്‍ നിന്ന് മാറിനില്‍ക്കലും ഒരു തിരിച്ചറിവാണ്. ഈ രാജ്യത്തിന്റെ ശത്രുവിനെയും അതിന്റെ വൈവിധ്യത്തെയും തിരിച്ചറിയാത്ത ശിരോവസ്ത്രക്കാരെയും നമുക്ക് കാണാനായി എന്നതും ഒരു വാസ്തവം.

ഇനി എന്തൊക്കെ ഇന്റലക്ച്ചല്‍ ഫാസിസം നമുക്ക് നേരെ ഉയര്‍ത്തിയാലും അതിനെ ആര്‍.എസ്.എസിന്റെ ഭാഷയില്‍ തന്നെ സി.പി.ഐ.എം പ്രവര്‍ത്തിച്ചാലും ഞങ്ങളുടെ കുട്ടികള്‍ പഠിക്കാന്‍ സാധ്യമാവുന്ന വഴിതേടി യാത്ര തുടരും.

അതെവിടെയും തട്ടിനില്‍ക്കുന്നതല്ലെന്ന് ഞങ്ങളുടെ ഇന്നലെകള്‍ പരിശോധിച്ചാല്‍ അറിയാം.

സി.പി.ഐ.എം എന്ന ഇന്‍ഡലക്ച്ചല്‍ ഫാസിസത്തെ ഈ ന്യൂനപക്ഷ സമുദായങ്ങള്‍ ജാഗ്രതയോടെ കാണുകയാണ് വേണ്ടത്.

അപകര്‍ഷതാബോധം ഉണ്ടാക്കി സമുദായത്തെ പിറകോട്ട് നടപ്പിക്കാന്‍ ഒരു മാധ്യമവും ശ്രമിക്കരുത്. ആ വലയില്‍ വീഴാതിരിക്കുക എന്നതാണ് ഇനി നമുക്ക് തോല്‍ക്കാതിരിക്കാനുള്ള ഒരേയൊരു മാര്‍ഗം.

 

Content Highlight: MSF State General Secretary CK Najaf criticize V Sivankutty