ദുല്‍ഖര്‍ ഫാന്‍സ് ക്ലബ്ബിന്റെ പ്രസിഡന്റാണ് ഞാനെന്ന് പറയാന്‍ ഒരു മടിയുമില്ല: മൃണാള്‍ താക്കൂര്‍
Entertainment
ദുല്‍ഖര്‍ ഫാന്‍സ് ക്ലബ്ബിന്റെ പ്രസിഡന്റാണ് ഞാനെന്ന് പറയാന്‍ ഒരു മടിയുമില്ല: മൃണാള്‍ താക്കൂര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 4th April 2024, 8:50 am

മറാത്തി സിനിമകളിലൂടെ ബോളിവുഡില്‍ എത്തിയ താരമാണ് മൃണാള്‍ താക്കൂര്‍. ഹൃതിക് റോഷന്റെ സൂപ്പര്‍ 30യിലൂടെ ശ്രദ്ധേയ വേഷം ചെയ്ത മൃണാല്‍ മലയാളികള്‍ക്ക് പരിചിതയായത് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സീതാ രാമത്തിലൂടെയാണ്. 1960-70 കാലഘട്ടത്തില്‍ നടന്ന പ്രണയകഥയില്‍ ദുല്‍ഖര്‍- മൃണാള്‍ കെമിസ്ട്രി സിനിമാപ്രേമികള്‍ക്ക് പ്രിയങ്കരമായി. തെലുങ്ക് താരം വിജയ് ദേവരകൊണ്ട നായകനാകുന്ന ഫാമിലി സ്റ്റാറാണ് മൃണാളിന്റെ പുതിയ ചിത്രം.

സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഗലാട്ടാ പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖറില്‍ കാണുന്ന പോസിറ്റീവുകളെക്കുറിച്ച് മൃണാള്‍ സംസാരിച്ചു. താന്‍ ദുല്‍ഖര്‍ ഫാന്‍സ് ക്ലബ്ബിന്റെ പ്രസിഡന്റാണ് താനെന്നും ഇപ്പോഴും തെലുങ്ക് സിനിമകളില്‍ അഭിനയിക്കുന്നതിന്റെ കാരണം ദുല്‍ഖറാണെന്നും താരം പങ്കുവെച്ചു. കൂടെ അഭിനയിച്ച നടന്മാരില്‍ കാണുന്ന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന ചോദ്യത്തിന് മറുപടിയായാണ് മൃണാള്‍ ഇക്കാര്യം പറഞ്ഞത്.

‘ദുല്‍ഖറിനെപ്പറ്റി പറയുകയാണെങ്കില്‍, ഞാന്‍ ദുല്‍ഖര്‍ ഫാന്‍സ് ക്ലബ്ബിന്റെ പ്രസിഡന്റാണെന്ന് ഒരു മടിയുമില്ലാതെ പറയും. ഞാന്‍ അത്രക്ക് ബഹുമാനിക്കുന്ന, ആദരിക്കുന്ന ഒരു നടനാണ് ദുല്‍ഖര്‍. സീതാരാമത്തിന്റെ ഷൂട്ടിന്റെ സമയത്ത് കാശ്മീരില്‍ വെച്ച് ഞാന്‍ ദുല്‍ഖറിനോട് പറഞ്ഞിട്ടുണ്ട്, ഈ സിനിമ എന്റെ ആദ്യത്തെയും അവസാനത്തെയും തെലുങ്ക് സിനിമയാകുമെന്ന്. അത് കേട്ട് ചിരിച്ചുകൊണ്ട്, നമുക്ക് നോക്കാം എന്ന് മാത്രമേ ദുല്‍ഖര്‍ പറഞ്ഞുള്ളൂ.

ഇന്ന് തമിഴിലടക്കം ഞാന്‍ അഭിനയിക്കുന്നുണ്ടെങ്കില്‍ അതിന്റെ കാരണം ദുല്‍ഖറാണ്. അയാള്‍ എന്നെ ഇന്‍സ്‌പൈര്‍ ചെയ്യുകയാണ്. എത്ര ഭാഷയിലാണ് ദുല്‍ഖര്‍ ഈസിയായി അഭിനയിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഏത് ഭാഷയായയാലും ഇത്ര ഈസിയായി അഭിനയിക്കുന്ന ഒരു യുവനടനെ ഞാന്‍ വേറെ കണ്ടിട്ടില്ല. കൂടെ അഭിനയിക്കുന്നവര്‍ക്ക് എത്രമാത്രം സപ്പോര്‍ട്ടാണ് അയാള്‍ കൊടുക്കുന്നത്.

കോ ആര്‍ട്ടിസ്റ്റുകളെ അവരുടെ കംഫര്‍ട്ട് സോണിന് പുറത്തേക്ക് കൊണ്ടുവരാന്‍ ദുല്‍ഖറിന് പ്രത്യേക കഴിവാണ്. ഇതാണ് നമ്മുടെ കംഫര്‍ട്ട് സോണെന്ന് വിചാരിച്ച് ഒതുങ്ങിക്കൂടി ഇരിക്കാതെ നമ്മളെക്കൊണ്ട് ഇനിയും കൂടുതല്‍ സാധിക്കും എന്ന് മനസിലാക്കിത്തന്ന് മുന്നോട്ട് പോവാന്‍ സഹായിക്കുന്ന വ്യക്തിയാണ് ദുല്‍ഖര്‍. ലീഡര്‍ഷിപ്പ് ക്വാളിറ്റി ദുല്‍ഖറിനോളം ഉള്ള മറ്റൊരു നടനെ കണ്ടിട്ടില്ല. ഗോഡ്‌സ് ചൈല്‍ഡാണ് അയാള്‍,’ മൃണാള്‍ പറഞ്ഞു.

Content Highlight: Mrunal thakur about the support she got from Dulquer Salmaan during Sita Ramam