ജയ്ഹിന്ദ്, ഇന്‍ക്വിലാബ്, വന്ദേമാതരം; ഇതില്‍ ഏത് മുദ്രാവാക്യമാണ് നിങ്ങള്‍ വിളിച്ചത്? സംഘപരിവാറിനോട് സു. വെങ്കടേശന്‍
India
ജയ്ഹിന്ദ്, ഇന്‍ക്വിലാബ്, വന്ദേമാതരം; ഇതില്‍ ഏത് മുദ്രാവാക്യമാണ് നിങ്ങള്‍ വിളിച്ചത്? സംഘപരിവാറിനോട് സു. വെങ്കടേശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th December 2025, 3:03 pm

ന്യൂദല്‍ഹി: ലോക്‌സഭയില്‍ നടന്ന വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാരിനെയും സംഘപരിവാറിനെയും ചോദ്യം ചെയ്ത് മധുരയില്‍ നിന്നുള്ള സി.പി.ഐ.എം എം.പി സു. വെങ്കടേശന്‍.

ജയ് ഹിന്ദ്, ഇന്‍ക്വിലാബ് സിന്ദാബാദ് എന്നീ മുദ്രാവാക്യങ്ങള്‍ വന്ദേമാതരം എന്നതിനൊപ്പം തന്നെ പ്രാധാന്യമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിന്റെ ആത്മാവായിരുന്നു വന്ദേമാതരമെന്ന പ്രധാനമന്ത്രിയുടെ വാദത്തെ അംഗീകരിക്കുന്നു. എന്നാല്‍ അത് മാത്രമായിരുന്നില്ല അന്നത്തെ മുദ്രാവാക്യമെന്നും സു. വെങ്കടേശന്‍ വിശദീകരിച്ചു.

‘ജയ് ഹിന്ദ്, ഇന്‍ക്വിലാബ് സിന്ദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ലക്ഷക്കണക്കിന് ആളുകള്‍ തൂക്കുമരത്തേയും തോക്കുകളേയും പീരങ്കികളേയും നേരിട്ടു. അവര്‍ ജാലിയന്‍വാലാബാഗില്‍ ഒത്തുകൂടി. ചിറ്റഗോങ്ങില്‍ വെടിമരുന്ന് നശിപ്പിച്ചു, ദണ്ഡിയില്‍ ഉപ്പ് സത്യാഗ്രഹം നടത്തി, തൂത്തുക്കുടിയില്‍ സ്വദേശി ഷിപ്പിങ് കോര്‍പ്പറേഷന്‍ നടത്തി.

എന്നാല്‍ നിങ്ങള്‍ (ആര്‍.എസ്.എസും സംഘപരിവാറും) അത് മുദ്രാവാക്യം വിളിച്ചാണ് റാലി നടത്തിയത്? ഈ മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെയാണ് നിങ്ങള്‍ പിന്തുണ നല്‍കിയത്. അറിയാതെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായതിന്റെ പേരില്‍ മാപ്പ് എഴുതിക്കൊടുക്കുകയാണ് ചെയ്തത്,’ പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ വെങ്കടേശ് ആഞ്ഞടിച്ചു.

Su venkatesan against sangh paraivar at loksabha

സു. വെങ്കടേശന്‍ പാര്‍ലമെന്റില്‍ photo: Su.Venkatesan/fb.com

വന്ദേമാതരത്തിലെ ആറ് ചരണങ്ങളfലെ രണ്ടെണ്ണം മാത്രമാണ് പൊതുവില്‍ അംഗീകരിച്ചിട്ടുള്ളത്. എന്നാല്‍, വന്ദേമാതരത്തിലെ ആറ് ചരണങ്ങളും പാടണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരുള്‍പ്പെടെ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നു. ഏത് ഭാഗം പാടണമെന്നുള്ള ഒരാളുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാനുള്ള അധികാരം ആരാണ് നിങ്ങള്‍ക്ക് നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, തിങ്കളാഴ്ച ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെയും കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെയും വിമര്‍ശനങ്ങളുന്നയിച്ചായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി.ജെ.പി അംഗങ്ങളുടെയും പ്രസംഗം.

വന്ദേമാതരം നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ രാജ്യം അടിയന്തരാവസ്ഥയെന്ന ഇരുളിലായിരുന്നുവെന്നും കോണ്‍ഗ്രസ് ഒരിക്കലും വന്ദേമാതരത്തിന് മതിയായ ബഹുമാനം നല്‍കിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു.

ഇതിനുള്ള മറുപടിയില്‍, വന്ദേമാതരം ആദ്യമായി ആലപിച്ചത് കോണ്‍ഗ്രസ് സമ്മേളനത്തിലായിരുന്നെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മറുപടി നല്‍കി.

12 വര്‍ഷം പ്രധാനമന്ത്രി സ്ഥാനത്തിരുന്നയാളാണ് നിങ്ങള്‍. (നരേന്ദ്ര മോദി) അതേ കാലയളവില്‍ നെഹ്‌റു രാജ്യത്തിന് വേണ്ടി ജയിലില്‍ കഴിഞ്ഞിട്ടുണ്ടെന്നും പ്രിയങ്ക ചൂണ്ടിക്കാണിച്ചിരുന്നു.

വരാനിരിക്കുന്ന പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ രാജ്യത്തെ പ്രധാന പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് വന്ദേമാതരം വിവാദമെന്നും പ്രിയങ്ക വിമര്‍ശിച്ചിരുന്നു. ബുധനാഴ്ച രാജ്യസഭയിലും വന്ദേമാതരത്തിന്റെ പേരില്‍ ചര്‍ച്ചനടന്നു.

Content Highlight: MP Su venkatesan against sangh paraivar and  PM Modi at loksabha