അഹങ്കാരത്തിന്റെയും പക്വതയില്ലായ്മയുടെയും പ്രതിരൂപമായി പൃത്വിരാജ്,  അഹങ്കാരത്തിനുള്ള 'ട്രീറ്റ്‌മെന്റ് ' നടത്തുന്ന കുമ്മാട്ടിക്കാരന്‍ എസ്.ഐയായി ബിജുമേനോന്‍; റിവ്യു അയ്യപ്പനും കോശിയും
Film Review
അഹങ്കാരത്തിന്റെയും പക്വതയില്ലായ്മയുടെയും പ്രതിരൂപമായി പൃത്വിരാജ്, അഹങ്കാരത്തിനുള്ള 'ട്രീറ്റ്‌മെന്റ് ' നടത്തുന്ന കുമ്മാട്ടിക്കാരന്‍ എസ്.ഐയായി ബിജുമേനോന്‍; റിവ്യു അയ്യപ്പനും കോശിയും
വിനീത് എം അഞ്ചല്‍
Friday, 7th February 2020, 4:39 pm

ഒരു സിനിമയിൽ വളരെ പെട്ടെന്ന് അടുത്ത പ്രൊജക്റ്റിന്റെ തിരക്കിലേക്ക് നടന്നു കയറുന്ന ആളാണ് ലിജോ ജോസ് പല്ലിശേരി. ഏകദേശം അതേ പാതയിലാണ് സച്ചിയും. 2019 അവസാനിക്കുന്നത് ഡ്രൈവിങ് ലൈസൻസിന്റെ വലിയ വിജയത്തോടെയാണ്. ആ വിജയവഴി തുടരുകയാണ് അയ്യപ്പനും കോശിയിലൂടെ സച്ചി.

ഇതിനു മുൻപ് പൃത്വി-സച്ചി കൂട്ട്കെട്ടിൽ വന്ന ഡ്രൈവിങ് ലൈസൻസും അനാർക്കലിയും ചോക്ക്ലേറ്റും റോബിൻഹുഡും പോലെ തന്നെ വാണിജ്യവിജയം ഉറപ്പാക്കുന്നതാണ് അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെയും ഫോർമുല.

ഡ്രൈവിങ് ലൈസൻസിന്റെ പ്രധാന പ്ലസ് പോയിന്റ് സുരാജുംപൃത്വിയും തമ്മിലുള്ള ഈഗോ ക്ലാഷ് വർക്ക്ഔട്ട് ആയതാണ്. രണ്ട് പേർക്കിടയിൽ സംഭവിക്കുന്ന ‘ഒരു ഇൻസിഡന്റിന്റെ’ ഫലവും അതിന്റെ തുടർച്ചയും പരിണാമഗുപ്തിയും കച്ചവടസിനിമയ്ക്ക് ചേരുന്ന വിധത്തിൽ പാകപ്പെടുത്തിയിട്ടുണ്ടായിരുന്നു അതിൽ. അതേ പാറ്റേൺ തന്നെയാണ് ഇവിടെയും സച്ചി ഉപയോഗിക്കുന്നത്.
സിനിമ തുടങ്ങി ആദ്യ 15 മിനിറ്റിനുള്ളിൽ തന്നെ പ്രേക്ഷകനെ എൻഗേജ് ചെയ്യിക്കാനുള്ള ആദ്യത്തെ ‘ഹുക്ക്’ ഇട്ട് തരുന്നു.അട്ടപ്പാടി എന്ന മദ്യനിരോധിതമേഖലയിലൂടെ മദ്യക്കുപ്പികളുമായി സഞ്ചരിക്കുന്ന കോശി എന്ന റിട്ടയേർഡ് ഹവീൽദാറിനെ എസ് ഐ അയ്യപ്പൻ നായർ കസ്റ്റഡിയിലെടുക്കുന്നു. അയ്യപ്പൻ നായർ ഉൾപ്പടെയുള്ള പോലീസുകാർ കോശിയുടെ സ്വാധീനത്തിന്റെ ബലവും ആഴവും കണ്ടറിയുന്നതാണ് പിന്നീട്. പ്രതികാരം വീട്ടുന്ന കോശിയെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ അയ്യപ്പൻ നായർ തുടങ്ങുന്നിടത്ത് തിരക്കഥ വളരുന്നു.
ഇവർക്ക് രണ്ട് പേർക്കുമിടയിൽ വളരുന്ന സ്പർദ്ധ ആണ് സിനിമയുടെ കാതൽ.

3 മണിക്കൂറോളം നീളമുള്ള സിനിമ നമ്മളെ പിടിച്ചിരുത്തുന്നതിന്റെ പ്രധാനകാരണം പൃഥ്വിയും ബിജുമേനോനുമാണ്. ഷെർലക് ടോംസിലെയും അനാർക്കലിയിലെയും പോലെ ബിജു മേനോൻ വക ഒരു കംപ്ലീറ്റ് ഷോ തന്നെയുണ്ട് പടത്തിലുടനീളം. പൃഥ്വി ലേബലിൽ മാർക്കറ്റ് ചെയ്യപ്പെടുന്ന സിനിമയാണെങ്കിൽ പോലും കയ്യടി മുഴുവൻ ബിജുമേനോൻ അവതരിപ്പിക്കുന്ന അയ്യപ്പൻ നായർക്കാണ്. അത്രയ്ക്കുണ്ട് പെർഫോം ചെയ്യാനുള്ള സ്‌പെയ്‌സ്.

പണത്തിന്റെയും അധികാരത്തിന്റെയും സമ്പന്നതയുടെയും അഹങ്കാരത്തിന്റെയും പക്വതയില്ലായ്മയുടെയും പ്രതിരൂപമായി പൃഥ്വിരാജും ആ അഹങ്കാരത്തിനുള്ള ‘ട്രീറ്റ്മെന്റ് ‘ നടത്തുന്ന കുമ്മാട്ടിക്കാരൻ എസ് ഐ അയ്യപ്പൻ നായരായി ബിജുമേനോനും തെല്ലും മുഷിപ്പിക്കുന്നില്ല.
ആകാരം കൊണ്ടും ശബ്ദം കൊണ്ടും രഞ്ജിത്ത് കുര്യൻ എന്ന അപ്പൻ കഥാപാത്രമായി നെഞ്ചുവിരിച്ച് നിൽക്കുന്നുണ്ട്. ചിലയിടത്ത് അത് പാളുന്നതായും തോന്നി.


അനുമോഹന്റെയും അനിൽ നെടുമങ്ങാടിന്റെയും പോലീസ് കഥാപാത്രവും ജെസ്സി എന്ന പേരുള്ള വനിതാപോലീസിന്റെയും വേഷവും മികച്ചു നിന്നപ്പോൾ, അയ്യപ്പൻ നായരുടെ ഭാര്യ കണ്ണമ്മയായി വന്ന ഗൗരി നന്ദയുടെ കണ്ണുകളും ഡയലോഗ് ഡെലിവെറിയും അപ്രതീക്ഷിതവും ഗംഭീരവുമായി അനുഭവപ്പെട്ടു.
ചെറുത്ത് നിൽപ്പിന്റെ സമരവും പോരോട്ടവീര്യവും കണ്ണമ്മയെ സ്‌ക്രീനിൽ കാണിക്കുമ്പോഴെല്ലാം തെളിഞ്ഞുവരുന്നുണ്ടായിരുന്നു.

അട്ടപ്പാടിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയോട് ചേർന്ന് നിൽക്കുന്നതാണ് ഫോക് ടച്ചുള്ള പശ്ചാത്തലസംഗീതം. പ്രത്യേകിച്ചും ബിജുമേനോനെ ഷോകേസ് ചെയ്യുന്ന ഇടങ്ങളിലെല്ലാം വളരെ മികച്ച രീതിയിൽ ആ മ്യൂസിക് പ്ലെയ്സ് ചെയ്തിട്ടുണ്ട്.

ഒരു ഗിവ് ആൻഡ്‌ ടേക്ക് ഫോർമാറ്റിൽ തുടരുന്ന സിനിമ ആദ്യ പകുതിയിലും രണ്ടാം പകുതിയിലും സൂക്ഷിക്കുന്ന വേഗതയും കഥ പറച്ചിലിന്റെ ക്ളാരിറ്റിയും രസകരമാണ്. അവസാനമുള്ള സംഘട്ടനത്തിന്റെ കൊറിയോഗ്രഫിയും എടുത്ത് പറയേണ്ടതാണ്.

രണ്ട് വ്യക്തികൾക്കിടയിലെ പ്രശ്‌നമായി സിനിമ അവതരിപ്പിക്കപ്പെടുന്നെങ്കിലും ഒരു വിഭാഗത്തിന് നേർക്കുള്ള സിസ്റ്റത്തിന്റെ അവഗണനയെയും അധികാരദുർവിനിയോഗവും നിയമവാഴ്ചയിലെ പാകപ്പിഴകളും ഉദ്യോഗസ്ഥരുടെ ഗതികേടും ഒക്കെ പരോക്ഷമായി അഡ്ഡ്രസ്സ്‌ ചെയ്യാൻ ശ്രമിച്ചിട്ടുമുണ്ട്. എന്നാൽ അത്തരം ഡീറ്റെയിലുകളിലേയ്ക്ക് സിനിമ സഞ്ചരിക്കുന്നില്ല എന്നുള്ളത് ഖേദകരമാണ്.

‘ഉണ്ട’ മുന്നോട്ട് വയ്ക്കുന്നതിന് സമാനമായ ഒരു സാഹചര്യം ഒരുക്കിയിട്ടും അതിനെ വേണ്ടരീതിയിൽ കൈകാര്യം ചെയ്തിട്ടില്ല എഴുത്തുകാരൻ. അങ്ങനെ വന്നിരുന്നേൽ അയ്യപ്പൻ നായരുടെ വൈൽഡ് നേച്ചറിന് ഒന്നുകൂടി അസ്തിത്വം ഉണ്ടായേനെ, അല്ലെങ്കിൽ ആ കഥാപാത്രത്തിന്റെ സ്വഭാവത്തിന് ഒരു സാധൂകരിക്കൽ ഉണ്ടയേനെ. എന്നിരുന്നാലും പടത്തിന്റെ ഫോക്കസ് അതായിരുന്നില്ല എന്നത് ടൈറ്റിലിൽ നിന്ന് മനസിലാക്കാവുന്നതാണ് എന്നതിനാൽ ആ ന്യൂനതയെ ഒഴിവാക്കുന്നതിൽ തെറ്റില്ലെന്ന് തോന്നുന്നു.

ചുരുക്കത്തിൽ അഞ്ചാം പാതിരായ്ക്ക് ശേഷം 2020 ലെ മറ്റൊരു വലിയ ഹിറ്റ് അയ്യപ്പനും കോശിയുമാണെന്ന് ഏറെക്കുറെ ഉറപ്പിക്കാം.
സച്ചിക്ക് പിന്നാലെ ബിജു മേനോന്റെ ഗ്രാഫും കുത്തനെ മുകളിലോട്ട്… !!

NB 1 : തന്നെക്കാൾ സ്‌കോർ ചെയ്യാനുള്ള സ്‌പെയ്‌സ് കൂടെയുള്ള താരത്തിനുണ്ടായിട്ടും ആ പടത്തിൽ അഭിനയിക്കാൻ മടി കാട്ടാത്ത പ്രിത്വിക്ക് കയ്യടി.

NB 2 : ഒരു എന്റർടൈനർ എങ്ങനെ എടുക്കണം എന്നതിന് ഇനി സച്ചി ഒരു ബ്രാൻഡായി മാറാൻ സാധ്യതയുണ്ട്. പെർഫെക്റ്റ് പാക്കേജ് ആണ്.