എന്നെ തേടി വരുന്നത് അധികവും അത്തരം കഥാപാത്രങ്ങൾ; ആദ്യം ആസ്വദിച്ചു, പിന്നെ മടുത്തു: ബിജു മേനോൻ
Malayalam Cinema
എന്നെ തേടി വരുന്നത് അധികവും അത്തരം കഥാപാത്രങ്ങൾ; ആദ്യം ആസ്വദിച്ചു, പിന്നെ മടുത്തു: ബിജു മേനോൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 5th October 2025, 10:03 pm

നായകൻ, സഹനായകൻ, സപ്പോർട്ടിങ് ആക്ടർ, വില്ലൻ തുടങ്ങി എല്ലാ റോളുകളിലും തന്റെ പ്രതിഭ തെളിയിച്ച നടനാണ് ബിജു മേനോൻ. ടി.വി സീരിയലൂടെയാണ് അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. 1991ൽ റിലീസായ ഈഗിൾ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് കടന്നുവന്നത്.

രണ്ടാമത്തെ ചിത്രത്തിൽ പൊലീസുകാരനായി അഭിനയിച്ച ബിജു, പിന്നീട് നിരവധി ചിത്രങ്ങളിൽ പൊലീസുകാരനായി അഭിനയിച്ചു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ വലതുവശത്തെ കള്ളൻ എന്ന ചിത്രത്തിലും അദ്ദേഹം കാക്കിയാണ് അണിയുന്നത്. ഇപ്പോൾ എന്തുകൊണ്ടാണ് കാക്കി വേഷങ്ങൾ തുടർച്ചയായി ലഭിക്കുന്നത് എന്ന കാര്യത്തെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

‘എന്നെ തേടി വരുന്നത് അധികവും ഉയർന്ന തസ്തികയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ വേഷമാണ്. ശരീരപ്രകൃതം ആവാം അതിനൊരു കാരണം. അത്തരം വേഷങ്ങൾക്ക് കിട്ടിയിരുന്ന കയ്യടികൾ ആദ്യ കാലത്ത് ആസ്വദിച്ചിരുന്നു. തുടരെ അത്തരം വേഷങ്ങൾ വന്നപ്പോൾ മടുപ്പ് തോന്നിത്തുടങ്ങി. എങ്കിലും ചില വേഷങ്ങൾ നമുക്ക് വിടാൻ തോന്നില്ല. അയ്യപ്പനും കോശിയും തലവനുമൊക്കെ അങ്ങനെ സംഭവിച്ചതാണ്. ഇപ്പോൾ ഷൂട്ടിങ് കഴിഞ്ഞ വലതുവശത്തെ കള്ളനും അങ്ങനെ ഇഷ്ടപ്പെട്ട് ഏറ്റെടുത്തതാണ്. നേരിട്ടറിയാവുന്ന കഥാപാത്രങ്ങളെ അവതരിപ്പി ക്കാനാണ് എനിക്കിഷ്ടം,’ ബിജു മേനോൻ പറഞ്ഞു.

ഒരു അധോലോക നായകനെ താൻ ഇന്നുവരെ കണ്ടിട്ടില്ലെന്നും അത്തരമൊരു വേഷം വന്നാൽ സങ്കൽപിച്ച് ഉണ്ടാക്കേണ്ടി വരുമെന്നും അല്ലെങ്കിൽ ഏതെങ്കിലും സിനിമയിലെ കഥാപാത്രത്തെ മുൻനിർത്തി രൂപപ്പെടുത്തേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു. എന്നാൽ അത് എത്രത്തോളം നന്നാകും എന്ന് അറിയില്ലെന്നും എന്നാൽ ചെറിയ ബിസിനസുകാർ, സർക്കാർ ഉദ്യോഗസ്ഥർ, അധ്യാപകർ, ഡ്രൈവർമാർ, ചായക്കടയും മെഡിക്കൽ ഷോപ്പും ഒക്കെ നടത്തുന്നവർ തുടങ്ങിയവരുടെ ജീവിതം എളുപ്പം മനസിലാക്കാൻ സാധിക്കുമെന്നും ബിജു മേനോൻ കൂട്ടിച്ചേർത്തു.

അത് വലിയ തരക്കേടില്ലാതെ പകർത്താൻ കഴിയും, അതുകൊണ്ടുതന്നെ അത്തരം വേഷങ്ങളാണ് തനിക്കിഷ്ടമെന്നും ബിജു മേനോൻ പറഞ്ഞു.

Content Highlight: Most of the characters that come to me are like that; I enjoyed them at first, then got bored: Biju Menon