കൂടുതല്‍ സുരക്ഷയൊരുക്കി ഹ്യുണ്ടായി എക്സെന്റ്
Hundai
കൂടുതല്‍ സുരക്ഷയൊരുക്കി ഹ്യുണ്ടായി എക്സെന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th August 2018, 11:22 pm

ഹ്യുണ്ടായി എക്സെന്റ് സെഡാന്‍ മോഡലിന്റെ സുരക്ഷാ സംവിധാനങ്ങള്‍ ഉയര്‍ത്തുന്നു. മുമ്പ് എക്സെന്റിന്റെ ടോപ്പ് എന്‍ഡ് വേരിയന്റില്‍ മാത്രം നല്‍കിയിരുന്ന എ.ബി.എസ്(ആന്റ് ലോക്ക് ബ്രേക്കിങ് സിസ്റ്റം), ഇ.ബി.ഡി(ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍) സുരക്ഷാ സംവിധാനങ്ങള്‍ അടിസ്ഥാന മോഡലില്‍ ഉള്‍പ്പെടെ നല്‍കാനാണ് കമ്പനിയുടെ ശ്രമം.

എക്സെന്റിന്റെ അടിസ്ഥാന മോഡലില്‍ തന്നെ കഴിഞ്ഞ വര്‍ഷം മുതല്‍ എയര്‍ബാഗ് നല്‍കിയിരുന്നു. എന്നാല്‍, സുരക്ഷാ സംവിധാനം ഉയര്‍ത്തിയ എക്സെന്റ് വിപണിയില്‍ എത്തിക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

2019 ഏപ്രിലിന് ശേഷം വാഹനങ്ങള്‍ക്ക് മികച്ച സുരക്ഷ സംവിധാനം വേണമെന്ന് സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് ഹ്യുണ്ടായിയുടെ നീക്കം. ഹ്യുണ്ടായിയുടെ പ്രധാന എതിരാളിയായ ഫോര്‍ഡ് ആസ്പയറിന് അടിസ്ഥാന മോഡല്‍ മുതല്‍ തന്നെ ഈ സംവിധാനങ്ങള്‍ ഓപ്ഷണലായി നല്‍കുന്നുണ്ട്.

ആസ്പയറിന്റെ പുതുക്കിയ മോഡലില്‍ കൂടുതല്‍ സൗകര്യമുണ്ടാകുമെന്നും സൂചനയുണ്ട്. എക്സെന്റിന് പുറമെ, ഗ്രാന്റ് എ10ലും ഈ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്.