ജോഡോ യാത്രയുടെ സമാപന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍; കാശ്മീരില്‍ ഒപ്പം ചേര്‍ന്ന് മെഹബൂബ മുഫ്തി
national news
ജോഡോ യാത്രയുടെ സമാപന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍; കാശ്മീരില്‍ ഒപ്പം ചേര്‍ന്ന് മെഹബൂബ മുഫ്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th January 2023, 5:52 pm

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍. ജെ.ഡി.യു, ജെ.ഡി.എസ്, ത്രിണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ സമാപന പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചു.

ജോഡോ യാത്രയില്‍ പങ്കെടുക്കില്ലെന്ന് സി.പി.ഐ.എം നേരത്തെ വ്യക്തമാക്കിയിരുന്നു. നാഗാലാന്‍ഡിലെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവും ഭാരത് ജോഡോ യാത്രയുടെ സമാപനവും ഒരേ ദിവസമായതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് അയച്ച കത്തില്‍ ജനതാദള്‍ യുണൈറ്റഡ് ദേശീയ പ്രസിഡന്റ് രാജീവ് രഞ്ജന്‍ സിങ് പറഞ്ഞിരുന്നത്.

 

 

അതിനിടെ, സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടി ശനിയാഴ്ച താല്‍ക്കാലികമായി നിര്‍ത്തിവെച്ച യാത്ര വീണ്ടും പുനരാംഭിച്ചിട്ടുണ്ട്. ജോഡോ യാത്രയുടെ പര്യടനം കശ്മീരില്‍ പര്യടനം തുടരുകയാണ്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി(പി.ഡി.പി) നേതാവ് മെഹബൂബ മുഫ്തിയും ഇന്ന് യാത്രക്കൊപ്പം ചെര്‍ന്നു.

ശനിയാഴ്ച അവന്തിപ്പോരയില്‍നിന്നാണ് യാത്ര പുനഃരാരംഭിച്ചത്. ഇവിടെവെച്ചാണ് മെഹബൂബ മുഫ്തിയും മകള്‍ ഇല്‍തിജ മുഫ്തിയും യാത്രയുടെ ഭാഗമായത്. ലെത്‌പോരയില്‍നിന്നാണു പ്രിയങ്ക ഗാന്ധി യാത്രയില്‍ ചേര്‍ന്നത്.

 

 

2019ല്‍ ചാവേര്‍ ആക്രമണത്തില്‍ സുരക്ഷാ സേനയുടെ ബസ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ട 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് യാത്രക്കിടെ രാഹുല്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

ജനുവരി 30ന് ശ്രീനഗറിലാണ് ജോഡോ യാത്ര സമാപിക്കുമെന്നാണ് നേരത്തെ തീരുമാനിച്ചിരുന്നത്.ശക്തമായ സുരക്ഷയാണ് കശ്മീരില്‍ ജോഡോ യാത്രക്ക് ഒരുക്കിയിരുന്നത്. ജമ്മുവിലെ പ്രകൃതി ക്ഷോഭത്തെ തുടര്‍ന്നും യാത്ര രണ്ട് ദിവസത്തേക്ക് നിര്‍ത്തിവെച്ചിരുന്നു.