നെഞ്ചിനകത്ത് മമ്മൂക്ക; ഇച്ചാക്കക്ക് പിറന്നാള്‍ സമ്മാനവുമായി മോഹന്‍ലാല്‍
Malayalam Cinema
നെഞ്ചിനകത്ത് മമ്മൂക്ക; ഇച്ചാക്കക്ക് പിറന്നാള്‍ സമ്മാനവുമായി മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 7th September 2025, 11:37 am

മഹാനടന്‍ മമ്മൂട്ടിയുടെ 74ാം പിറന്നാള്‍ ദിനത്തില്‍ തന്റെ ഇച്ചാക്കയോടുള്ള സ്‌നേഹ സൂചകമായി മമ്മൂട്ടിയുടെ ചിത്രങ്ങളുള്ള ഷര്‍ട്ട് ധരിച്ച് മോഹന്‍ലാല്‍. ഇന്ന് സംപ്രേക്ഷണം ചെയ്യാനിരിക്കുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയിലാണ് മോഹന്‍ലാല്‍ മമ്മൂട്ടിയുടെ ചിത്രങ്ങളുള്ള പ്രിന്റഡ് ഷര്‍ട്ട് ധരിച്ച് വരുന്നത്.

ബിഗ് ബോസ് മലയാളം സീസണ്‍ 7 ന്റെ വരാനിരിക്കുന്ന എപ്പിസോഡില്‍ മെഗാസ്റ്റാറിന്റെ ചിത്രം പതിച്ച ഷര്‍ട്ടുമായി മോഹന്‍ലാല്‍ വരുന്നത് സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ വലിയ ചര്‍ച്ചാവിഷയമായി.

മമ്മൂട്ടിയുടെ ഐക്കോണിക് ലുക്കുകള്‍ മുതല്‍ ഇരുവരും ഒന്നിച്ചുള്ള നിമിഷങ്ങള്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫുകള്‍ വരെ ഈ ഷര്‍ട്ടില്‍ കാണാം. ഷര്‍ട്ടിന്റെ ഓരോ ഇഞ്ചും അവരുടെ ആഴത്തിലുള്ള ബന്ധത്തെ പ്രതിഫലിപ്പിക്കുന്നു. സൗഹൃദത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും മലയാള സിനിമയിലെ ഏറ്റവും വലിയ രണ്ട് ഐക്കണുകള്‍ തമ്മിലുള്ള കാലാതീതമായ ബന്ധത്തിന്റെയും ആഘോഷമാണിത്.

ആരാണ് മികച്ചതെന്ന ഫാന്‍ ഫൈറ്റുകള്‍ കാലങ്ങളായി നടക്കുന്നെങ്കിലും അതൊന്നും ഇരുവരുടെയും സൗഹൃദത്തെ ബാധിച്ചിട്ടില്ല എന്നതാണ് വാസ്തവം. മമ്മൂട്ടിയുടെ അസുഖം ഭേദമാകാന്‍ വേണ്ടി മോഹന്‍ലാല്‍ ശബരിമലയില്‍ പോയി വഴിപാട് അര്‍പ്പിച്ചതും മലയാളികള്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായിരുന്നു.

മഹാനടന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് ആരാധകരും സിനിമാലോകവും എത്തിയിരുന്നു. നിരവധി താരങ്ങള്‍ സാമൂഹമാധ്യമങ്ങളിലും മറ്റുമായി ആശംസകള്‍ രേഖപ്പെടുത്തി. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം സിനിമയില്‍ നിന്ന് ഇടവേള എടുത്ത അദ്ദേഹം കഴിഞ്ഞ കുറച്ച് ദിവസം മുമ്പാണ് ആരോഗ്യവാനായി തിരിച്ചെത്തിയിരുന്നത്.

Content highlight: Mohanlal wore a shirt with Mammootty’s pictures on it as a sign of love for his beloved on Mammootty’s 74th birthday