'ഞാന്‍ ആരാണെന്ന് വലുതാകുമ്പോള്‍ അച്ഛന്‍ പറഞ്ഞ് തരും'; മലൈക്കോട്ടൈ വാലിബന്റെ സെറ്റില്‍ വെച്ച് മണികണ്ഠന്റെ മകന് ആശംസയുമായി മോഹന്‍ലാല്‍
Entertainment news
'ഞാന്‍ ആരാണെന്ന് വലുതാകുമ്പോള്‍ അച്ഛന്‍ പറഞ്ഞ് തരും'; മലൈക്കോട്ടൈ വാലിബന്റെ സെറ്റില്‍ വെച്ച് മണികണ്ഠന്റെ മകന് ആശംസയുമായി മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 19th March 2023, 8:34 am

ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന് വേണ്ടിയാണ് മോഹന്‍ലാല്‍ ആരാധകരിപ്പോള്‍ കാത്തിരിക്കുന്നത്. ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രത്തിന്റ ഷൂട്ടിങ് തിരക്കുകളിലാണ് മോഹന്‍ലാലിപ്പോള്‍.

ഷൂട്ടിങ്ങിന്റെതായി പുറത്തിറങ്ങുന്ന വാര്‍ത്തകളെല്ലാം ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. അത്തരത്തില്‍ മണികണ്ഠന്‍ പങ്കുവച്ചൊരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

മണികണ്ഠന്റെ മകന്‍ ഇസൈയ്ക്ക് ആശംസ അറിയിച്ചു കൊണ്ടുള്ള മോഹന്‍ലാലിന്റെ വീഡിയോയാണിത്. മണികണ്ഠന് ഒപ്പം നിന്നാണ് നടന്റെ ആശംസ സന്ദേശം.

‘പിറന്നാള്‍ ആശംസകള്‍ ഇസൈ മണികണ്ഠന്‍. ഒരുപാട് സ്‌നേഹത്തോടെ പ്രാര്‍ത്ഥനയോടെ ഹാപ്പി ബര്‍ത്ത് ഡേ. ഞാന്‍ ആരാണെന്ന് കുറച്ച് വലുതാകുമ്പോള്‍ അച്ഛനോട് ചോദിച്ചാല്‍ പറഞ്ഞ് തരും. കേട്ടോ.

എല്ലാവിധ ഐശ്വര്യങ്ങളും സന്തോഷവും സമാധാനവും ഈശ്വരന്‍ തരട്ടെ’, എന്നാണ് കുഞ്ഞിന് ആശംസ അറിയിച്ച് മോഹന്‍ലാല്‍ പറഞ്ഞത്.

‘അവന്റെ ജീവിതത്തില്‍, അവന് കിട്ടുന്ന ഏറ്റവും വലിയ പിറന്നാള്‍ സമ്മാനമാണിത്’ എന്ന് മണികണ്ഠന്‍ മോഹന്‍ലാലിനോട് പറഞ്ഞു. പിന്നാലെ നിരവധി പേരാണ് ഇസൈയ്ക്ക് ആശംസയുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

മോഹന്‍ലാലിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളില്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.

ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവര്‍ ചിത്രത്തിന്റെ ഭാഗമാണ്. രാജസ്ഥാനില്‍ത്തന്നെയാണ് സിനിമയുടെ പൂര്‍ണ്ണമായ ചിത്രീകരണം.

content highlight: mohanlal wished manikandan’ s child