ഹൃദയപൂർവ്വം ലാൽ സാറിന്റെ 'പ്രേമലു' ഇത് മോഹൻലാൽ മാജിക്: അനൂപ് സത്യൻ
Malayalam Cinema
ഹൃദയപൂർവ്വം ലാൽ സാറിന്റെ 'പ്രേമലു' ഇത് മോഹൻലാൽ മാജിക്: അനൂപ് സത്യൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 7th September 2025, 5:13 pm

മികച്ച പ്രതികരണം കിട്ടി ഹൃദയപൂർവ്വം തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. സത്യൻ അന്തിക്കാടും മോഹൻലാലും പത്ത് വർഷത്തിന് ശേഷം ഒന്നിച്ച ചിത്രമാണ് ഹൃദയപൂർവ്വം. ചിത്രത്തിന്റെ വിജയത്തില്‍ സത്യന്‍ അന്തിക്കാടിന്റെ മകനും ചിത്രത്തിന്റെ സഹസംവിധായകനും കൂടിയായ അനൂപ് അത്യധികം സന്തോഷത്തിലാണ്.

ഇപ്പോൾ ഹൃദയപൂർവ്വത്തെക്കുറിച്ചും മോഹൻലാലിനെക്കുറിച്ചും സംസാരിക്കുകയാണ് അനൂപ് സത്യൻ.

‘സിനിമയുടെ പ്രിവ്യൂ കണ്ട അഖിൽ പറഞ്ഞത് ഇത് ലാൽ സാറിന്റെ ‘പ്രേമലു’ പോലെ ആണെന്നാണ്. സംഗീത് പ്രതാപും, മാളവികയും, ജസ്റ്റിൻ പ്രഭാകരന്റെ സംഗീതവും ഒക്കെ ചേർന്ന ഒരു പുതിയ തലമുറയിലേക്ക് വളരെ ഈസിയായി ബ്ലെൻഡ് ആയ മോഹൻലാൽ മാജിക് ആണത്.

ഗൂഗിളിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്ത മലയാളി ‘മോഹൻലാൽ’ എന്നാണെന്ന് ഈ അടുത്തിടെ ഞാൻ വായിച്ചിരുന്നു. Gen Z കുട്ടികൾ മോഹൻലാൽ സിനിമകളുടെ റീ-റിലീസ് തിയേറ്ററിൽ ആഘോഷിക്കുന്നതും ഇതേ ലാൽ-ഫാക്ടർ കൊണ്ടാണ്. കാലം മാറിക്കൊണ്ടിരിക്കുമ്പോഴും മലയാള സിനിമയിലെ ടോപ് ബ്രാൻഡ് ആയി മോഹൻലാൽ അവിടെത്തന്നെയുണ്ട്,’ അനൂപ് പറയുന്നു.

ഹൃദയപൂർവ്വം സിനിമയുടെ എഡിറ്റിങ് സമയത്ത് ചില സീനുകളും, പാട്ടും ഒക്കെ താൻ മോഹൻലാലിന് അയച്ചുകൊടുക്കുമായിരുന്നെന്നും അപ്പോൾ കിട്ടുന്ന മറുപടി കൈകൂപ്പുന്ന ബുദ്ധന്റെ സ്റ്റിക്കർ ആണെന്നും അനൂപ് കൂട്ടിച്ചേർത്തു.

അവസാനം വിളിച്ചപ്പോൾ നമ്മുടെ സിനിമ എങ്ങനെയുണ്ടെന്നാണ് മോഹൻലാൽ ചോദിച്ചതെന്നും അതിന് താൻ പറഞ്ഞ മറുപടി ‘കുറച്ചു മാസങ്ങളായി ഞാൻ ദിവസത്തിൽ 12 മണിക്കൂറിൽ കൂടുതൽ കാണുന്നത് ഈ മുഖമാണ്. പക്ഷേ, എനിക്ക് ബോറടിക്കുന്നില്ല’ എന്നാണെന്നും അനൂപ് പറഞ്ഞു.

മോഹൻലാലിന്റെ കൂടെ വർക്ക് ചെയ്താൽ പിന്നീടുള്ള എല്ലാ സിനിമയും അയാളെ വെച്ച് ചെയ്യാൻ തോന്നുമെന്ന് അച്ഛൻ പറയാറുണ്ടെന്നും അതിപ്പോൾ തനിക്ക് മനസിലാകുന്നുണ്ടെന്നും അനൂപ് സത്യൻ കൂട്ടിച്ചേർത്തു. സ്റ്റാർ & സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു അനൂപ് സത്യൻ.

Content Highlight: Even if times change, Mohanlal will remain the top brand in Malayalam cinema says Anoop Sathyan