മോഹന്‍ലാല്‍, നെടുമുടി വേണു, ഗൗതമി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി 1990ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഹിസ് ഹൈനസ് അബ്ദുള്ള. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ് നെടുമുടി വേണുവിനെ തേടിയെത്തിയിരുന്നു. മികച്ച പിന്നണി ഗായകനുള്ള ദേശീയ അവാര്‍ഡ് എം.ജി. ശ്രീകുമാറിനും ഹിസ് ഹൈനസ് അബ്ദുള്ളയിലൂടെ ലഭിച്ചു.
സിബി മലയിലിനെ കുറിച്ചും ഹിസ് ഹൈനസ് അബ്ദുള്ള എന്ന സിനിമയെ കുറിച്ചും സംസാരിക്കുകയാണ് മോഹന്‍ലാല്‍. തന്റെ സിനിമാ ജീവിതത്തിലെ പ്രധാനപ്പെട്ട സിനിമകളെല്ലാം തനിക്ക് സമ്മാനിച്ചത് സിബി മലയില്‍ ആണെന്ന് മോഹന്‍ലാല്‍ പറയുന്നു. മലയാള സിനിമയില്‍ നിന്ന് പാട്ടുകളെല്ലാം അകന്ന് പോയ കാലത്താണ് താനും സിബിയും കൂടെ ഹിസ് ഹൈനസ് അബ്ദുള്ള എന്ന സിനിമ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
‘നാല്പതല്ല അതിലും കൂടുതല്‍ കാലമായി എനിക്ക് സിബിയെ അറിയാം. ഏകദേശം നാല്‍പ്പത്തിയഞ്ച് വര്‍ഷമായി ഞങ്ങള്‍ക്ക് പരസ്പരം അറിയാം. ഞാന്‍ ആദ്യമായി നവോദയയില്‍ ഓഡിഷന് പോയപ്പോള്‍ അവിടെ പാച്ചിക്കയുടെ (സംവിധായകന്‍ ഫാസില്‍) സിബിയും ഉണ്ടായിരുന്നു. അന്നെനിക്ക് അദ്ദേഹം നൂറില്‍ രണ്ട് മാര്‍ക്കാണ് തന്നത്. അന്ന് രണ്ട് മാര്‍ക്ക് തന്നിരുന്നെങ്കിലും പിന്‍കാലത്ത് എനിക്ക് ദേശീയ അവാര്‍ഡ് നേടിത്തന്നെ രണ്ട് സിനിമകളും സംവിധാനം ചെയ്തത് സിബിയാണ്.
എന്റെ സിനിമാ ജീവിതത്തില്‍ എനിക്ക് അഭിമാനിക്കാവുന്ന സിനിമകള്‍ തന്നെ സംവിധായകനാണ് അദ്ദേഹം. ഇപ്പോള്‍ ഈ നിമിഷം ഞാന്‍ ഒരുപാട് പേരെ ഓര്‍ക്കുകയാണ്. ലോഹിതദാസിനെ ഓര്‍ക്കുന്നു, നെടുമുടി വേണു ചേട്ടനേനയും ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ചേട്ടനെയും മുരളിയേയും ഓര്‍ക്കുന്നു. എല്ലാ കഥാപാത്രങ്ങള്‍ക്കും ഒരു പ്രത്യേക മിഴിവ് സിബിയുടെ സിനിമകളില്‍ ഉണ്ടാകും.
മലയാള സിനിമയിലെ ഗാനങ്ങള്‍ എല്ലാം അകന്ന് പോയിക്കൊണ്ടിരുന്നു സമയത്താണ് ഞങ്ങള്‍ ഹിസ് ഹൈനസ് അബ്ദുള്ള എന്ന സിനിമ ചെയ്യുന്നത്. ഒരുപക്ഷെ മലയാള സിനിമയിലെ പാട്ടുകളുടെ മാര്‍ക്കറ്റ് വീണ്ടും ഉയര്‍ത്തിയ സിനിമയായിരുന്നു അത്,’ മോഹന്‍ലാല്‍ പറയുന്നു.