മമ്മൂക്ക അസുഖം ഭേദമായി വരുന്നു എന്നത് വലിയൊരു ഓണം; ഞങ്ങളുടെ സിനിമയുടെ ഷൂട്ട് ഉടനെ ആരംഭിക്കട്ടേ: മോഹന്‍ലാല്‍
Malayalam Cinema
മമ്മൂക്ക അസുഖം ഭേദമായി വരുന്നു എന്നത് വലിയൊരു ഓണം; ഞങ്ങളുടെ സിനിമയുടെ ഷൂട്ട് ഉടനെ ആരംഭിക്കട്ടേ: മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 5th September 2025, 1:23 pm

മലയാളികള്‍ ഒന്നടങ്കം കാത്തിരുന്ന തിരിച്ചുവരവായിരുന്നു മഹാനടന്‍ മമ്മൂട്ടിയുടേത്. ആരോഗ്യപ്രശ്നങ്ങള്‍ മൂലം സിനിമയില്‍ നിന്നും പൊതുമധ്യത്തില്‍ നിന്നും വിട്ടുനിന്ന് പരിപൂര്‍ണ വിശ്രമത്തിലായിരുന്നു അദ്ദേഹം. അടുത്തിടെ മമ്മൂട്ടിയുടെ ആരോഗ്യപ്രശ്നങ്ങള്‍ മാറിയെന്നും തിരിച്ചുവരികയാണെന്നുമുള്ള വിവരങ്ങള്‍ അദ്ദേഹത്തിന്റെ ഏറ്റവുമടുത്ത വൃത്തങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇപ്പോള്‍ മമ്മൂട്ടിയെ കുറിച്ച്  സംസാരിക്കുകയാണ്  മോഹന്‍ലാല്‍.

അദ്ദേഹം അസുഖം ഭേദമായി തിരിച്ചുവരിക എന്ന് പറയുന്നത് തന്നെ വലിയൊരു ഓണമാണെന്ന് മോഹന്‍ലാല്‍ പറയുന്നു. മീഡിയവണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.

‘മമ്മൂക്കയുടെ തിരിച്ചുവരവ് നമ്മളെ സംബന്ധിച്ച് വലിയൊരു കാര്യമാണ്. ഒരുപാട് പേരുടെ പ്രാര്‍ത്ഥന അതിന് പുറകില്‍ ഉണ്ട്. അദ്ദേഹവുമായിട്ട് ഞാന്‍ സംസാരിക്കാറുണ്ട്. ഇന്നലെയും ഈയടുത്തുമൊക്കെ അദ്ദേഹത്തെ ഞാന്‍ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. തിരിച്ച് വരുമ്പോള്‍ ഡബ്ബിങ്ങ് തുടങ്ങുകയാണ്. അത് കഴിഞ്ഞ് ഞങ്ങള്‍ ഒരുമിച്ചുള്ള ഒരു സിനിമയിലും ഞങ്ങള്‍ക്ക് വര്‍ക്ക ചെയ്യാനുണ്ട്. എത്രയും പെട്ടന്ന് ആ സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിക്കട്ടേ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു,’ മോഹന്‍ലാല്‍ പറഞ്ഞു.

മകളും സിനിമയിലേക്ക് പോകാന്‍ ഒരുങ്ങുന്ന വേളയില്‍ എന്തെങ്കിലും ഉപദേശം കൊടുക്കാനുണ്ടോ എന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. ഒരു ഉപദേശവും കൊടുക്കാനില്ലെന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

‘ അവര്‍ക്ക് ഇഷ്ടം തോന്നിയ ഒരു സമയത്ത് സിനിമയില്‍ അഭിനയിക്കട്ടേ എന്ന് എന്നോട് ചോദിച്ചു. കാരണം അവരുടെ കൂടെയുള്ള എല്ലാവരും അഭിനയിക്കുകയാണ് കല്യാണിയായലും കീര്‍ത്തിയായലും അപ്പുവാണെങ്കിലും. അവള്‍ക്ക് ചെയ്യാന്‍ പറ്റുന്ന ഒരു സിനിമയാണ് ഇത്. മാര്‍ഷല്‍ ആര്‍ട്‌സ് പഠിച്ചുകൊണ്ടിരിക്കുകയാണ് അവള്‍. അത് ബേയ്‌സ് ചെയ്ത് ഒരു കഥ കിട്ടി. അപ്പോള്‍ അത് ചെയ്യാമെന്ന് പറഞ്ഞു,’ മോഹന്‍ലാല്‍ പറയുന്നു.

Content highlight:  Mohanlal talks about mamootty and their upcoming  film