ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് 1992ല്‍ റിലീസായ സിനിമയാണ് കമലദളം. മോഹന്‍ലാല്‍ നായകനായ ചിത്രം കലാമണ്ഡലത്തിലെ നൃത്താധ്യാപകനായ നന്ദഗോപാലിന്റെ കഥയാണ് പറഞ്ഞത്. നോട്ടത്തിലും നടത്തത്തിലും കഥാപാത്രത്തിന്റെ ആത്മാവിനെ തന്നിലേക്ക് ആവാഹിച്ച പ്രകടനമായിരുന്നു മോഹന്‍ലാല്‍ കമലദളത്തില്‍ കാഴ്ചവെച്ചത്. വിനീത്, മോനിഷ, നെടുമുടി വേണു, മുരളി, പാര്‍വതി തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരന്നിരുന്നു.
കമലദളം എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് മോഹന്‍ലാല്‍. ആ സിനിമയുടെ കാര്യം ആദ്യം തന്റെയടുത്ത് പറഞ്ഞപ്പോള്‍ എങ്ങനെ ചെയ്യണം എന്നറിയില്ലായിരുന്നുവെന്ന് മോഹന്‍ലാല്‍ പറയുന്നു. മറ്റൊരു സിനിമക്ക് വേണ്ടി താടി വളര്‍ത്തുകയാണെന്നും അതുകൊണ്ട് കമലദളം ചെയ്യാന്‍ കഴിയില്ലെന്ന് സംവിധായകനോട് താന്‍ പറഞ്ഞെന്നും എന്നാല്‍ താടിയുള്ള നൃത്താധ്യാപകനായാല്‍ മതിയെന്ന് സിബി മലയില്‍ പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘എനിക്ക് പ്രധാനപ്പെട്ട ഒരു സിനിമയായിരുന്നു കമലദളം. ആ സിനിമയുടെ കാര്യം സിബി പറഞ്ഞപ്പോള്‍ ആദ്യം എനിക്കത് എങ്ങനെ ചെയ്യണം എന്നറിയില്ലായിരുന്നു. കാരണം അതില്‍ ഞാന്‍ ഒരു നൃത്ത അധ്യപാകാനാണ്. എനിക്കാണെങ്കില്‍ അങ്ങനെ കാര്യമായിട്ട് നൃത്തവും അറിയില്ല.
അതുകൊണ്ട് അതില്‍ നിന്ന് ഒഴിഞ്ഞ് മാറാനായിട്ട് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, ഞാന്‍ രാജശില്പി എന്ന ഒരു സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. അതില്‍ എനിക്ക് താടി ഉണ്ട്. അതുകൊണ്ടുതന്നെ കമലദളത്തിന് വേണ്ടി താടി കളഞ്ഞ് പിന്നീട് വീണ്ടും രാജശില്പിക്ക് വേണ്ടി താടി ഒട്ടിച്ച് അഭിനയിക്കാന്‍ കഴിയില്ലെന്ന്. അപ്പോള്‍ സിബി പറഞ്ഞു താടിയുള്ള നൃത്ത അധ്യാപകനായാല്‍ മതിയെന്ന്.
അദ്ദേഹത്തിന്റെ നാട്ടില്‍ അതുപോലുള്ള ആളുകളാണോ നൃത്തം പഠിപ്പിക്കുന്നതെന്ന് എനിക്കറിയില്ല (ചിരി). എന്നാല്‍ കമലദളത്തില്‍ ജീവിതം അങ്ങനെ ആയൊരു നൃത്തധ്യാപകനാണ്. എന്നാല്‍ അതൊരു വെല്ലുവിളിയോടുകൂടി ഞാനല്ല സിബിയാണ് ഏറ്റെടുത്തത്. ഏറ്റവും മനോഹരമായി നമ്മളെകൊണ്ടത് ചെയ്യിപ്പിച്ചത് സിബിയാണ്,’ മോഹന്‍ലാല്‍ പറയുന്നു.