'സുകുമാരന്‍, മമ്മൂട്ടി, രതീഷ്...' ആ സിനിമയും കോഴിക്കോടും എനിക്ക് നല്‍കിയത് പുതിയ സൗഹൃദങ്ങള്‍: മോഹന്‍ലാല്‍
Malayalam Cinema
'സുകുമാരന്‍, മമ്മൂട്ടി, രതീഷ്...' ആ സിനിമയും കോഴിക്കോടും എനിക്ക് നല്‍കിയത് പുതിയ സൗഹൃദങ്ങള്‍: മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 14th August 2025, 3:46 pm

മലയാളികള്‍ക്ക് നിരവധി മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ഐ.വി ശശി. താന്‍ അദ്ദേഹത്തെ പരിചയപ്പെടാനായി ഫോണ്‍ ചെയ്തതിനെ കുറിച്ചും പിന്നീട് സൗഹൃദത്തിലായതിനെ കുറിച്ചും പറയുകയാണ് മോഹന്‍ലാല്‍.

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ കഴിഞ്ഞ് രണ്ടോ മൂന്നോ സിനിമകള്‍ക്ക് ശേഷമാണ് ബാലചന്ദ്ര മേനോന്റെ കേള്‍ക്കാത്ത ശബ്ദം എന്ന ചിത്രത്തില്‍ ഞാന്‍ അഭിനയിച്ചത്. അതിന്റെ ഡബ്ബിങ്ങിനായി മദ്രാസില്‍ എത്തിയ ഘട്ടത്തില്‍ ഞാന്‍ ഐ.വി ശശിയെ ഫോണില്‍ വിളിച്ചു,’ മോഹന്‍ലാല്‍ പറയുന്നു.

ഐ.വി ശശിയെ പരിചയപ്പെടണം എന്ന ആഗ്രഹത്താലായിരുന്നു വിളിച്ചതെന്ന് പറയുന്ന നടന്‍ തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് അങ്ങാടി ചരിത്ര വിജയമായി മാറിയ കാലം കൂടിയായിരുന്നു അതെന്നും ഓര്‍ക്കുന്നു.

‘ആ ഫോണ്‍ സംഭാഷണത്തില്‍ ശശിയേട്ടന്‍ എന്നോട് വീട്ടിലേക്കെത്താന്‍ പറഞ്ഞു. മദ്രാസിലെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന എന്നോട് ഒരു പുതുമുഖമെന്ന നിലയിലായിരുന്നില്ല ശശിയേട്ടന്‍ ഇടപെട്ടത്. വ്യക്തിപരമായ വിശേഷങ്ങളെല്ലാം ചോദിച്ചറിഞ്ഞു.

ശേഷം ശശിയേട്ടന്‍ ‘എന്റെ അടുത്ത പടത്തില്‍ ലാലിനൊരു വേഷമുണ്ട്. ഞാന്‍ വിളിക്കാം’ എന്ന് പറഞ്ഞു. ആ പരിചയപ്പെടലാണ് ഞങ്ങളുടെ ആത്മബന്ധത്തിന്റെ തുടക്കം. അഹിംസ എന്ന ചിത്രത്തില്‍ പ്രധാന വില്ലന്‍വേഷം ശശിയേട്ടന്‍ എനിക്കായി കരുതിവെച്ചിരുന്നു,’ മോഹന്‍ലാല്‍ പറഞ്ഞു.

അഹിംസയുടെ ഷൂട്ടിങ്ങിനായി കോഴിക്കോട്ടെത്തിയ താന്‍ പുതിയ സൗഹൃദങ്ങളും പുത്തന്‍ അനുഭവങ്ങളുടെയും വിശാലമായ ഒരു ലോകത്തേക്കാണ് പ്രവേശിച്ചതെന്നും അത്രയും വിശാലമായ ചങ്ങാത്തങ്ങളിലേക്ക് അതിനുമുമ്പ് താന്‍ എത്തിച്ചേര്‍ന്നിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.

അഹിംസയും കോഴിക്കോടും ചേര്‍ന്ന് സൗഹൃദങ്ങളുടെ ഒരു മഹാപ്രപഞ്ചത്തിലേക്ക് തന്നെ ആഗമിച്ചുവെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിനോട് സംസാരിക്കുകയായിരുന്നു നടന്‍.

‘സുകുമാരനും രതീഷും മമ്മൂട്ടിയും ലാലു അലക്‌സും ജോസ് പ്രകാശും അച്ചന്‍കുഞ്ഞും ജോസും സത്താറും സീമയും പൂര്‍ണിമ ജയറാമും സ്വപ്നയും രാജലക്ഷ്മിയും ടി.ജി രവിയുമൊക്കെ ചേര്‍ന്ന് താരസമ്പന്നമായിരുന്നു അഹിംസ.

കോഴിക്കോടന്‍ നാടകവേദികളെ പ്രകമ്പനം കൊള്ളിച്ച പരിചയവുമായി സിനിമയിലേക്കെത്തിയവരുടെ വലിയ നിരയും ഒപ്പമുണ്ടായിരുന്നു. കുഞ്ഞാണ്ടി, ബാലന്‍ കെ. നായര്‍, നെല്ലിക്കോട് ഭാസ്‌ക്കരന്‍, കുതിരവട്ടം പപ്പു, ഭാസ്‌കര ക്കുറുപ്പ് അങ്ങനെയങ്ങനെ ഒരുപാടാളുകള്‍,’ മോഹന്‍ലാല്‍ പറയുന്നു.

Content Highlight: Mohanlal Talks About IV Sasi’s Ahimsa Movie And Friendships