തന്റെ അഭിനയജീവിതത്തിന്റെ തുടക്കകാലത്ത് ഇന്ത്യന്‍ സിനിമയിലെ വലിയ താരങ്ങള്‍ തനിക്ക് നല്‍കിയ സ്‌നേഹവും കരുതലും പുതിയ തലമുറക്ക് കൈമാറുകയാണ് താന്‍ ചെയ്യുന്നതെന്ന് സൂപ്പര്‍ താരം മോഹന്‍ലാല്‍. കൊച്ചിയില്‍ നടന്ന വൃഷഭ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു താരം.
എങ്ങനെയാണ് ജഗതി ശ്രീകുമാര്‍ മുതല്‍ പുതുമുഖ നടനായ സംഗീത് അടക്കമുള്ള താരങ്ങളുമായി മികച്ച കെമിസ്ട്രി കൊണ്ടുവരുന്നതെന്ന പ്രേക്ഷകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം
‘അതെല്ലാം അവരോട് ചോദിക്കേണ്ട ചോദ്യമാണ്. എന്റെ കരിയറിന്റെ തുടക്കകാലത്ത് വലിയ താരങ്ങളായ ശിവാജി ഗണേശ്, പ്രേം നസീര്‍, അമിതാഭ് ബച്ചന്‍ തുടങ്ങിയവര്‍ തന്നോട് കാണിച്ച സ്‌നേഹവും അഫക്ഷനും പുതിയ തലമുറക്ക് പകര്‍ന്നു നല്‍കുക മാത്രമാണ് താന്‍ ചെയ്യുന്നത്.
അവരുടെ ലെഗസി എന്നിലൂടെ മറ്റുള്ളവരിലേക്ക് എത്തിക്കുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. ഒരു പുതിയ അഭിനേതാവെന്ന നിലയില്‍ അവര്‍ ഒരിക്കലും എന്നെ മാറ്റി നിര്‍ത്തിയിരുന്നില്ല. അത്ര നന്നായിട്ടാണ് അവരെന്നെ സ്‌നേഹിച്ചിരുന്നത്,’ മോഹന്‍ലാല്‍ പറയുന്നു.
തന്റെ കൂടെ അഭിനയിക്കുന്നവരോടും ആ സ്‌നേഹം കാണിക്കേണ്ടത് തന്റെ ധര്‍മ്മമാണെന്നും അത്തരത്തില്‍ മാത്രമാണ് നല്ലൊരു സിനിമ ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്നും താരം പറഞ്ഞു. ഞാന്‍ അത്തരത്തിലാണോ അവരോട് പെരുമാറിയിട്ടുള്ളത് എന്ന് അവരോട് ചോദിച്ചാലേ മനസ്സിലാവൂവെന്നും സത്യസന്ധമായാണ് സഹപ്രവര്‍ത്തകരോട് പെരുമാറാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നന്ദ കിഷോര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലും സമര്‍ജിത്ത് ലങ്കേഷുമാണ് പ്രധാനവേഷത്തിലെത്തുന്നത്. ഡിസംബര്‍ 25 ന് തിയേറ്റര്‍ റിലീസായെത്തുന്ന ചിത്രത്തില്‍ നയന സരിക, രാഗിണി ദ്വിവേദി, അജയ് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു.
Content Highlight: mohanlal talks about his relation with new actors