'അമ്മ സന്തോഷത്തോടെയാണ് പോയത്, ഇനി ലാലിന് ഫ്രീ ആയി ജീവിക്കാം' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ, അതൊരു ഫിലോസഫിയാണ്: മോഹൻലാൽ
Malayalam Cinema
'അമ്മ സന്തോഷത്തോടെയാണ് പോയത്, ഇനി ലാലിന് ഫ്രീ ആയി ജീവിക്കാം' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ, അതൊരു ഫിലോസഫിയാണ്: മോഹൻലാൽ
നന്ദന എം.സി
Wednesday, 13th May 2026, 2:48 pm

മലയാളികളുടെ പ്രിയതാരമായ മോഹൻലാൽ തന്റെ അമ്മയുടെ വിയോഗത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ജീവിതത്തെയും ബന്ധങ്ങളെയും വളരെ പക്വതയോടെ കാണുന്ന മോഹൻലാലിന്റെ സമീപനമാണ് വീണ്ടും ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുന്നത്.

മോഹൻലാൽ അമ്മയോടൊപ്പം, Photo: Cinema Express

അമ്മയെ നഷ്ടപ്പെട്ട വേദനയെക്കാൾ, അവസാന കാലത്ത് കഴിയുന്നത്ര നല്ല രീതിയിൽ അമ്മയെ നോക്കാൻ കഴിഞ്ഞതിലുള്ള ആത്മസന്തോഷമാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിറഞ്ഞുനിന്നത്.

‘ഞാൻ പലപ്പോഴും തിരുവനന്തപുരം പോകുമ്പോൾ എന്റെ വീട്ടിലേക്ക് പോകാറില്ലായിരുന്നു. കാരണം അമ്മ ഇല്ലാത്തൊരു വീട്ടിലേക്ക് പോകാൻ എനിക്ക് ഇഷ്ടമല്ലായിരുന്നു.

പക്ഷേ ഇപ്പോൾ ഞാൻ പോകും. കാരണം എന്റെ അമ്മയും അച്ഛനും ബ്രദറും ഒക്കെ അവിടെ തന്നെയുണ്ട്. അവിടേക്ക് പോകുക എന്നത് ഒരു റെസ്പെക്ട്ഫുള്ളായ കാര്യമാണ്,’ എന്നാണ് അദ്ദേഹം പറഞ്ഞത്.

ജീവിതത്തിൽ ചില ഓർമ്മകൾ നമ്മളെ കൂടുതൽ വികാരാധീനരാക്കുമെന്ന ബോധ്യത്തോടെയാണ് താൻ പല കാര്യങ്ങളും സമീപിക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു.

നടൻ മധു പറഞ്ഞ ഒരു വാക്കും അദ്ദേഹം ഓർത്തെടുത്തു. ‘മധു സാറിനെ കാണാൻ പോയപ്പോൾ, അമ്മ വളരെ സന്തോഷത്തോടെയാണ് പോയിരിക്കുന്നത്, ഇനി ലാലിന് ഫ്രീ ആയി ജീവിക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്. അതൊരു വലിയ ഫിലോസഫിയാണ്.

വീട്ടിൽ നിന്ന് ഒരു ഫോൺ വരുമ്പോൾ പോലും ടെൻഷനായിരുന്നു. എന്നാൽ ഏറ്റവും സുഖകരമായി, കഴിയുന്നത്ര നന്നായി അമ്മയെ നോക്കാൻ പറ്റിയതുപോലെ നോക്കി.

അതുകൊണ്ട് അമ്മ നമ്മളെ വിട്ടുപോയത് ഞാൻ വളരെ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്,’ എന്നാണ് മോഹൻലാൽ പറഞ്ഞത്.

ഈ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയാകുന്നത്. ജീവിതത്തിലെ ഏറ്റവും വേദനാജനകമായ നിമിഷങ്ങളെയും അസാധാരണമായ ശാന്തതയോടെയും പക്വതയോടെയും സ്വീകരിക്കുന്ന മോഹൻലാലിന്റെ സ്വഭാവത്തെ നിരവധി പേരാണ് പ്രശംസിക്കുന്നത്.

‘ജീവിതത്തിലെ കറുത്ത ഏടുകളായി പലരും കാണുന്ന കാര്യങ്ങളെ പോലും ജീവിതത്തിന്റെ ഭാഗമെന്ന രീതിയിൽ സ്വീകരിക്കാൻ അദ്ദേഹത്തിന് കഴിയുന്നു. അത് വലിയൊരു ഇമോഷണൽ പക്വതയാണ്,’ എന്നാണ് ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.

സിനിമയിൽ ‘കംപ്ലീറ്റ് ആക്ടർ’ എന്ന വിശേഷണം നേടിയ മോഹൻലാൽ, വ്യക്തിജീവിതത്തിലും ഒരു ‘കംപ്ലീറ്റ് മനുഷ്യൻ’ ആണെന്നാണ് ആരാധകരുടെ വിലയിരുത്തൽ.

പ്രിയപ്പെട്ടവരുടെ ഓർമകളെ മനസിലേറ്റിക്കൊണ്ട് സ്വന്തം ജീവിതം സമാധാനത്തോടെ മുന്നോട്ട് കൊണ്ടുപോകുന്ന അദ്ദേഹത്തിന്റെ സമീപനം നിരവധി ആളുകൾക്ക് പ്രചോദനമാകുന്നുവെന്നുമാണ് സോഷ്യൽ മീഡിയ പ്രതികരണങ്ങൾ.

Content Highlight: Mohanlal talks about his mother’s death

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.