സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നിഷേധിച്ച ചിത്രം; അന്ന് ഒന്നും നഷ്ട്ടപെടാനില്ലായിരുന്നു: മോഹൻലാൽ
Malayalam Cinema
സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നിഷേധിച്ച ചിത്രം; അന്ന് ഒന്നും നഷ്ട്ടപെടാനില്ലായിരുന്നു: മോഹൻലാൽ
നന്ദന എം.സി
Thursday, 12th March 2026, 1:16 pm

മലയാളികളുടെ പ്രിയ താരമായ മോഹൻലാൽ തന്റെ ആദ്യ സിനിമയായ തിരനോട്ടം സംബന്ധിച്ച ഓർമകൾ പങ്കുവെക്കുകയാണ്. മൈ ഗവണ്മെന്റ് ഇന്ത്യ പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ ആദ്യ സിനിമാനുഭവം വിശദീകരിച്ചത്.

പ്രീഡിഗ്രി പഠിക്കുന്ന കാലത്ത് സുഹൃത്തായ അശോക് കുമാർ ഒരിക്കൽ സിനിമ എടുക്കാമോ എന്ന് ചോദിച്ചതോടെയാണ് ആ ആശയം തുടങ്ങിയത് എന്ന് മോഹൻലാൽ പറഞ്ഞു.

സംവിധായകൻ രാജീവ് നാഥിന്റെ സഹോദരനാണ് അശോക് കുമാർ. 1978ഓടെ നടന്ന ഈ ശ്രമത്തിൽ പ്രത്യേകമായ ഒരു പ്ലാനും ഇല്ലാതെയായിരുന്നു അവർ സിനിമ തുടങ്ങിയത് എന്നും മോഹൻലാൽ പറഞ്ഞു.

തിരനോട്ടം, Photo: IMDb

‘അന്ന് ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളുടെ കാലം ആയിരുന്നു. അശോക് കുമാർ സിനിമ ചെയ്യാമോ എന്ന് ചോദിച്ചപ്പോൾ ഞാൻ ‘ഓക്കേ, നമുക്ക് ചെയ്യാം’ എന്ന് പറഞ്ഞു. കാരണം അന്ന് ഞങ്ങൾക്ക് ഒന്നും നഷ്ടപ്പെടാനില്ലായിരുന്നു.

സംവിധായകൻ രാജീവ് നാഥ് ഞങ്ങളെ ചെറിയ കുട്ടികളെപ്പോലെയാണ് കാണുന്നത്. നിങ്ങൾക്ക് ഒന്നും അറിയില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു നമ്മളെ നയിച്ചത്,’ എന്നാണ് മോഹൻലാൽ പറയുന്നത്.

അങ്ങനെ തിരനോട്ടം എന്ന സിനിമ പൂർത്തിയാക്കി. എന്നാൽ ചിത്രത്തിന് ആദ്യം സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകാതിരുന്നതും പ്രശ്നങ്ങൾ ഉണ്ടാക്കി. ഒരു പെൺകുട്ടിയുടെ മാനസികാവസ്ഥയെക്കുറിച്ച് പറയുന്ന കഥയായതിനാലായിരുന്നു തടസം ഉണ്ടായത്.

പിന്നീട് സർട്ടിഫിക്കറ്റ് ലഭിച്ചെങ്കിലും ആ ചിത്രം അന്നത്തെ കാലത്ത് ഒരു തിയേറ്ററിൽ മാത്രമാണ് പ്രദർശിപ്പിച്ചതെന്നും താരം ഓർമ്മിച്ചു.

മോഹൻലാൽ, Photo: IMDb

നല്ല പാട്ടുകളുള്ള സിനിമയായിരുന്നു അത്. അതിൽ താൻ ഒരു ഹാസ്യകഥാപാത്രം അവതരിപ്പിച്ചിരുന്നുവെന്നും കാലത്തിന് മുമ്പേ സഞ്ചരിച്ച സിനിമയായിരുന്നു തിരനോട്ടമെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

1978ൽ പുറത്തിറങ്ങിയ തിരനോട്ടം മോഹൻലാലിന്റെ ആദ്യ സിനിമയാണ് . ലാലിന്റെ സുഹൃത്തുക്കൾ ചേർന്ന് രൂപീകരിച്ച ഭാരത് സിനി ഗ്രൂപ്പാണ് ചിത്രം നിർമിച്ചത്. ചിത്രത്തിൽ കൂട്ടപ്പൻ എന്ന ഹാസ്യകഥാപാത്രമാണ് മോഹൻലാൽ അവതരിപ്പിച്ചത്.

ചിത്രീകരണ സമയത്ത് മോഹൻലാലിന് വെറും പതിനാറ് വയസായിരുന്നു. പ്രിയദർശൻ, സുരേഷ് കുമാർ, അശോക് കുമാർ, മണിയൻപിള്ള രാജു എന്നിവർ അടങ്ങുന്ന സുഹൃത്ത് സംഘമാണ് സിനിമയുടെ പിന്നിൽ പ്രവർത്തിച്ചത്. പ്രിയദർശൻ അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിച്ചു. ശശീന്ദ്രൻ നിർമാതാവായും അശോക് കുമാർ സംവിധാനവും നിർവഹിച്ചു.

Content Highlight: Mohanlal talks about his debut film, Thiranotam

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.