പെര്‍ഫോം ചെയ്യല്‍ എന്റെ അവകാശം; ബിഗ് ബോസ് ഒരിക്കലും എളുപ്പമല്ല: മോഹന്‍ലാല്‍
Malayalam Cinema
പെര്‍ഫോം ചെയ്യല്‍ എന്റെ അവകാശം; ബിഗ് ബോസ് ഒരിക്കലും എളുപ്പമല്ല: മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 28th August 2025, 1:50 pm

മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോകളില്‍ ഒന്നാണ് ബിഗ് ബോസ്. 2018ല്‍ ആരംഭിച്ച ഈ ഷോ ഇന്ന് ഏഴാം സീസണിലാണ് എത്തി നില്‍ക്കുന്നത്. ഈ സീസണുകളിലെല്ലാം അവതാരകനായത് മോഹന്‍ലാല്‍ ആയിരുന്നു.

താന്‍ ബിഗ് ബോസ് ഹോസ്റ്റ് ചെയ്യാന്‍ തുടങ്ങിയിട്ട് ഏഴ് വര്‍ഷമായെന്നും താനൊരു പെര്‍ഫോമറാണെന്നും പറയുകയാണ് നടന്‍. ബിഗ് ബോസ് എന്നത് വളരെ വ്യത്യസ്തമായ ഒന്നാണെന്നും അദ്ദേഹം പറയുന്നു.

‘ഞാന്‍ മാജിക് ഷോകളും സ്‌റ്റേജ് ഷോകളുമൊക്കെ ചെയ്തിട്ടുണ്ട്. അതൊക്കെ ഒരു പെര്‍ഫോമര്‍ എന്ന രീതിയിലാണ് ചെയ്തത്. എന്നാല്‍ അതിനെയൊന്നും ചലഞ്ചിങ് എന്ന് പറയാന്‍ സാധിക്കില്ല. അതൊക്കെ എക്‌സ്‌പ്ലോറേഷന്‍ മാത്രമാണ്. എന്റെ അവകാശമാണ് പെര്‍ഫോം ചെയ്യുകയെന്നത്,’ മോഹന്‍ലാല്‍ പറഞ്ഞു.

ബിഗ് ബോസ് ലൈവ് ഷോയ്ക്ക് വേണ്ടി നടത്തുന്ന തയ്യാറെടുപ്പുകള്‍ എന്താണെന്ന ചോദ്യത്തിനും നടന്‍ മറുപടി നല്‍കുന്നു. തനിക്ക് തയ്യാറെടുപ്പുകള്‍ നടത്താന്‍ കൂടെ വലിയൊരു ടീം തന്നെയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

‘എല്ലാ കാര്യങ്ങള്‍ക്കും തയ്യാറെടുപ്പുകള്‍ ആവശ്യമാണല്ലോ. രണ്ടര മണിക്കൂറില്‍ നമ്മള്‍ പറയുന്ന കഥയാണ് സിനിമ. എന്നാല്‍ ഇവിടെ ഒരു ആഴ്ചയിലെ കഥ അര മണിക്കൂറോ ഒരു മണിക്കൂറോ കൊണ്ട് പറയുകയാണ്. അതൊരിക്കലും എളുപ്പമായ കാര്യമല്ല. അതിന് വേണ്ടി നന്നായി തയ്യാറെടുക്കണം. അതിനായി ഒരു വലിയ ടീം തന്നെയുണ്ട്,’ മോഹന്‍ലാല്‍ പറഞ്ഞു.

ബിഗ് ബോസിന് വേണ്ടി റെഫറന്‍സ് എടുത്തിരുന്നോയെന്ന ചോദ്യത്തിനും നടന്‍ മറുപടി പറയുന്നുണ്ട്. താന്‍ ബിഗ് ബോസിന് വേണ്ടി ആരില്‍ നിന്നും റെഫറന്‍സൊന്നും എടുത്തിരുന്നില്ലെന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

അങ്ങനെ റെഫറന്‍സെടുക്കാന്‍ സാധിക്കില്ലല്ലോയെന്ന് ചോദിക്കുന്ന നടന്‍ മലയാളം ബിഗ് ബോസിന്റെ സ്വഭാവമല്ല തമിഴ്, തെലുങ്ക്, ഹിന്ദി ബിഗ് ബോസുകള്‍ക്കുള്ളതെന്നും കൂട്ടിച്ചേര്‍ത്തു. തന്റെ ഏറ്റവും പുതിയ ഹൃദയപൂര്‍വം എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സംഗീതം പോലെയും സിനിമ പോലെയും ആര്‍ട്ട് ഫോം പോലെയും എല്ലാത്തിനും വ്യത്യസ്തയുണ്ടാകും. മറ്റൊരാളെ നോക്കി ചെയ്യാന്‍ ആവില്ല. കാരണം മലയാളത്തില്‍ ഞാനല്ലേ ആദ്യമായി ഈ ഷോ ചെയ്യുന്നത്. റെഫറന്‍സായിട്ട് ഞാന്‍ ഒന്നും കണ്ടിട്ടില്ല.

കമല്‍ ഹാസന്റെ ഷോ ഞാന്‍ കണ്ടിട്ടുണ്ട്. റെഫറന്‍സായിട്ട് കണ്ടതല്ല. സല്‍മാന്‍ ഖാന്റെ പോലും ഒരു ഫുള്‍ ഷോ ഞാന്‍ കണ്ടിട്ടില്ല. അതില്‍ നിന്ന് ഒന്നും ഇന്‍സ്‌പെയര്‍ ചെയ്യാനാവില്ല. നമ്മളുടെ ചോദ്യങ്ങളോ റിയാക്ട് ചെയ്യുന്ന രീതിയോയല്ല അവര്‍ക്കുള്ളത്,’ മോഹന്‍ലാല്‍ പറയുന്നു.


Content Highlight: Mohanlal Talks About Big Boss