മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കൂട്ടുക്കെട്ടാണ് ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുക്കെട്ട്. ഇരുവരും ഒന്നിച്ച് 2023ൽ പുറത്തിറങ്ങിയ ഒരു വിജയ ചിത്രമായിരുന്നു നേര്. മോഹൻലാലിന് പുറമെ അനശ്വര രാജൻ, പ്രിയാമണി, ശാന്തി മായാദേവി, സിദ്ദിഖ്, ശങ്കർ ഇന്ദുചൂഡൻ, ജഗദീഷ്, കെ.ബി. ഗണേഷ് കുമാർ തുടങ്ങിയ മികച്ച താരനിരയായിരുന്നു നേരിനായി ഒന്നിച്ചത്.
ഒരു കോർട്ട് റൂം ഡ്രാമയായ ചിത്രത്തിൽ അഡ്വക്കേറ്റ് വിജയമോഹൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തിയത്. ഒട്ടും ഹീറോയിക് അല്ലാത്ത നായകനായാണ് മോഹൻലാൽ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിൽ മോഹൻലാലിന് പുറമെ മികച്ച പ്രകടനം കാഴ്ച വെച്ചത് അനശ്വര രാജനാണ്. സാറ എന്ന കഥാപാത്രമായി ചിത്രത്തിൽ നിറഞ്ഞ് നിൽക്കുകയായിരുന്നു അനശ്വര രാജൻ. ഇപ്പോൾ നേര് സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ. നേര് ലോജിക് നോക്കി ചെയ്ത സിനിമയാണെന്ന് അദ്ദേഹം പറയുന്നു.
‘ഞാനൊരു അഞ്ച് സിനിമകളിൽ വക്കീലായിട്ട് വേഷം ചെയ്തിട്ടുണ്ട്. എന്നാൽ നേരിൽ കോർട്ട് പ്രൊസീജ്യർ കറക്ട് ആയിട്ട് കൊണ്ടുപോകാൻ ശ്രമിച്ചിട്ടുണ്ട്. ഇത് ലോജിക് ഒക്കെ നോക്കി ചെയ്‌തൊരു സിനിമയാണ്. തെറ്റ് വന്നിട്ടുണ്ടാകാം. എന്നാൽ വരുത്താൻ ശ്രമിച്ചിട്ടില്ല. വളരെയധികം സൂക്ഷ്മമായിട്ടാണ് ഈ സിനിമ ചെയ്തിരിക്കുന്നത്. കോടതിയിൽ ഒരുപാട് ഡിസിപ്ലിനുണ്ട്. നമ്മൾ അതെല്ലാം മാക്‌സിമം ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. ഈ ചിത്രത്തിൽ 75 ശതമാനത്തോളം കോടതിയിൽ ആണല്ലോ.
സാധാരണ സിനിമയിൽ അഭിനയിക്കുന്നത് പോലെയല്ല നേരിൽ. കാര്യം അയാൾ വാദിക്കാൻ പോകുന്ന കേസും അങ്ങനെയാണ്. ആ കേസിൽ അയാൾ വിജയിക്കുമോയെന്ന പേടിയും അയാൾക്കുണ്ട്,’ മോഹൻലാൽ പറയുന്നു. ക്യൂ സ്റ്റുഡിയോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Content Highlight: Mohanlal talking about Neru Movie