മലയാളസിനിമയുടെ വല്യേട്ടനായ മമ്മൂട്ടി തിരിച്ചുവരുന്നതിന്റെ സന്തോഷത്തിലാണ് മലയാളിസമൂഹം. ആറ് മാസത്തിനടുത്ത് എല്ലാറ്റില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു മമ്മൂട്ടി. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത മമ്മൂട്ടിയെക്കുറിച്ച് പല തരത്തിലുള്ള അഭ്യൂഹങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.
കഴിഞ്ഞ രണ്ട് മാസമായി താരം തിരിച്ചുവരവ് നടത്തുന്നുവെന്ന തരത്തില്‍ ഒരുപാട് സൂചനകള്‍ ലഭിച്ചിരുന്നു. ഇപ്പോഴിതാ മമ്മൂട്ടി പൂര്‍ണ ആരോഗ്യവാനായി മാറിയെന്നും അധികം വൈകാതെ സജീവമായി തിരിച്ചുവരുമെന്നും അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. മമ്മൂട്ടിയുടെ സന്തത സഹചാരിയായ ജോര്‍ജ്, നിര്‍മാതാവ് ആന്റോ ജോസഫ് എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.
പിന്നാലെ ഇഷ്ടനടന്റെ തിരിച്ചുവരവില്‍ സന്തോഷം പ്രകടപ്പിച്ച് കലാ സാംസ്‌കാരിക രംഗത്തെ പലരും സോഷ്യല്‍ മീഡിയയില്‍ കുറിപ്പുകള്‍ പങ്കുവെച്ചു. എന്നാല്‍ എല്ലാവരും കാത്തിരുന്നത് മോഹന്‍ലാലിന്റെ പോസ്റ്റിന് വേണ്ടിയായിരുന്നു. ഒരൊറ്റ വാക്കുമില്ലാതെ രണ്ട് ഇമോജികള്‍ മാത്രമുള്ള പോസ്റ്റാണ് മമ്മൂട്ടിക്ക് ചുംബനം നല്‍കുന്ന ഫോട്ടോയോടൊപ്പം മോഹന്‍ലാല്‍ പങ്കുവെച്ചത്.
ഹൃദയത്തിലെ സന്തോഷം മുഴുവന്‍ പോസ്റ്റില്‍ കാണാമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. മമ്മൂട്ടിക്ക് അസുഖമാണെന്ന് അറിഞ്ഞശേഷം ശബരിമല യാത്ര നടത്തിയ മോഹന്‍ലാല്‍ തന്റെ ഇച്ചാക്കയുടെ ആരോഗ്യത്തിന് വേണ്ടി വഴിപാട് നടത്തിയിരുന്നു. ആരുമറിയാതെ നടത്തിയ വഴിപാട് പിന്നീട് ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥരിലൊരാള്‍ പരസ്യപ്പെടുത്തിയിരുന്നു.
‘മുഹമ്മദ് കുട്ടി- വിശാഖം നക്ഷത്രം’ എന്നെഴുതിയ വഴിപാട് രശീത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. എന്നാല്‍ തന്റെ സ്വകാര്യമായ കാര്യം പരസ്യപ്പെടുത്തിയതില്‍ മോഹന്‍ലാല്‍ ആരോടും ദേഷ്യപ്പെടാത്തത് പലരെയും അത്ഭുതപ്പെടുത്തിയിരുന്നു. എന്നാല്‍ അന്നത്തെ വഴിപാടിന് ഫലമുണ്ടായെന്ന് പറഞ്ഞുകൊണ്ട് നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
മോഹന്‍ലാലിന് പുറമെ സിനിമാലോകത്തെ ഒട്ടുമിക്ക ആളുകളും മമ്മൂട്ടിയുടെ തിരിച്ചുവരവില്‍ സന്തോഷം പങ്കുവെച്ച് രംഗത്തെത്തി. രമേശ് പിഷാരടി, മഞ്ജു വാര്യര്‍, ഇര്‍ഷാദ് അലി, പേര്‍ളി മാണി എന്നിവര്‍ക്ക് പുറമെ ആരോഗ്യ മന്ത്രി വീണോ ജോര്‍ജ്, വട്ടിയൂര്‍ക്കാവ് എം.എല്‍.എ വി.കെ. പ്രശാന്ത് എന്നിവരും ഫേസ്ബുക്കില്‍ സന്തോഷം പങ്കുവെച്ചു. സെപ്റ്റംബര്‍ പകുതിയോടെ മമ്മൂട്ടി ഷൂട്ടിന് എത്തുമെന്നാണ് വിവരം.
Content Highlight: Mohanlal shares the happiness in Mammooty’s comeback