സമ്മര്‍ ഇന്‍ ബത്‌ലഹേമിന്റെ റീ റിലീസില്‍ സന്തോഷം പങ്കുവെച്ച് നടന്‍ മോഹന്‍ലാല്‍. സിബി മലയിലിന്റെ സംവിധാനത്തില്‍ ജയറാം, സുരേഷ് ഗോപി, മഞ്ജു വാര്യര്‍, കലാഭവന്‍ മണി തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം നാളെയാണ് തിയേറ്ററുകളില്‍ വീണ്ടുമെത്തുന്നത്.
27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ ഹിറ്റ് ചിത്രം വീണ്ടും ബിഗ് സക്രീനില്‍ എത്തുന്നത്.
മികച്ച സാങ്കേതിക മികവോടെ 4kയില്‍ ചിത്രം തിയേറ്ററുകളില്‍ കാണാമെന്നാണ് മോഹന്‍ലാല്‍ പങ്കുവെച്ചത്. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു താരം ആശംസകള്‍ അറിയിച്ചത്. ഒരേയൊരു രംഗത്തില്‍ മാത്രമാണ് താന്‍ സിനിമയില്‍ ഉള്ളതെങ്കിലും ചിത്രത്തില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറയുന്നു.
സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകുന്നതിന് മുമ്പായി സിനിമയുടെ റീ റിലീസ് ഉണ്ടാകുമെന്ന് നിര്‍മാതാവ് സിയാദ് കോക്കര്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
രജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം 1998ലാണ് പുറത്തിറങ്ങിയത്. സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ എല്ലാ പാട്ടുകളും സൂപ്പര്‍ ഹിറ്റായിരുന്നു. വിദ്യാസാഗറാണ് സിനിമക്ക് സംഗീത സംവിധാനം നിര്‍വഹിച്ചത്. സഞ്ജീവ് ശങ്കറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത്.
കോക്കേഴ്‌സ് ഫിലിംസിനോടൊപ്പം അഞ്ജന ടാക്കീസ്, എവരിഡേ ഫിലിംസ് എന്നിവരുമായി സഹകരിച്ചാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്. ദേവദൂതന്‍, ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹൈ സ്റ്റുഡിയോസിന്റെ നേതൃത്വത്തിലാണ് ചിത്രം 4k നിലവാരത്തില്‍ റീമാസ്റ്റാര്‍ ചെയ്യുന്നത്.
Content Highlight: Mohanlal shares his happiness over the re-release of Summer in Bethlehem