മുമ്പും ഫ്‌ളോപ്പുകളിലൂടെ ഞാന്‍ കടന്ന് പോയിട്ടുണ്ട്; അന്ന് കുറച്ച് ശ്രദ്ധക്കുറവ് ഉണ്ടായിരുന്നു: മോഹന്‍ലാല്‍
Malayalam Cinema
മുമ്പും ഫ്‌ളോപ്പുകളിലൂടെ ഞാന്‍ കടന്ന് പോയിട്ടുണ്ട്; അന്ന് കുറച്ച് ശ്രദ്ധക്കുറവ് ഉണ്ടായിരുന്നു: മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 5th September 2025, 5:33 pm

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. ഈ വര്‍ഷം ഹാട്രിക് ഹിറ്റുകള്‍ സ്വന്തമാക്കാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഒടുവില്‍ പുറത്തിറങ്ങിയ ഹൃദയപൂര്‍വ്വവും ഇതിനോടകം അമ്പത് കോടി നേടി കഴിഞ്ഞു.

എന്നാല്‍ മുന്‍ വര്‍ഷങ്ങളില്‍ ഇറങ്ങിയ മിക്ക മോഹന്‍ലാല്‍ സിനിമകളും തിയേറ്ററില്‍ പരാജയപ്പെട്ടിരുന്നു. ഇപ്പോള്‍ എഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ മുമ്പും ഒരുപാട് ഫ്‌ളോപ്പുകളിലൂടെ സഞ്ചരിച്ചിട്ടുള്ളയാളാണെന്ന് അദ്ദേഹം പറയുന്നു. ഇനി നമുക്ക് കൂടുതല്‍ ശ്രദ്ധിക്കാന്‍ പറ്റുമെന്നും പണ്ട് കുറച്ച് ശ്രദ്ധ കുറവായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ചില കാര്യങ്ങള്‍ പറഞ്ഞുകഴിഞ്ഞാല്‍ ആര്‍ക്കെങ്കിലും അത് ഇഷ്ടമായിലെങ്കിലോ എന്നൊക്കെ ചിന്തിക്കും. കോംപ്രമൈസ് ആണെന്ന് വേണമെങ്കില്‍ പറയാം. എപ്പോഴും പ്രൊഡ്യൂസര്‍ എന്ന് പറയുന്ന ആള്‍ക്ക് സിനിമയില്‍ ഒരു കണ്‍ട്രോള്‍ വേണം. സംവിധായകരോട് സംസാരിക്കാന്‍ പേടിയാണ് എന്ന് പറയുന്നതില്‍ കാര്യമില്ല,’ മോഹന്‍ലാല്‍ പറയുന്നു.

മോഹന്‍ലാല്‍ തിരിച്ചുവന്നു എന്ന് പ്രേക്ഷകര്‍ പറയുന്നതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു

‘ തുടരും കണ്ടിട്ട് പഴയ ലാലേട്ടന്‍ എന്ന് പറയുന്നത് ഒരു സ്‌നേഹത്തിന്റെ ഭാഷയിലെ ഞാന്‍ എടുക്കുന്നുള്ളു. അങ്ങനെ പറയുന്നതില്‍ വളരെ സന്തോഷം. തിരിച്ചുകിട്ടി എന്ന് പറയുന്നതിലാണല്ലോ സന്തോഷം. നഷ്ടപ്പെട്ടു പോയി എന്ന് പറയുന്നു ഒരു കാര്യം തിരിച്ചുകിട്ടുമ്പോഴുള്ള സന്തോഷമായിരിക്കും അത്. അതൊരു വിജയത്തിന്റെ സന്തോഷമാണ്.

സിനിമ ഫ്‌ളോപ്പ് ആയി പോകണമെന്ന് വിചാരിച്ച് ആരും സിനിമ എടുക്കില്ലെന്നും സിനിമ ഹിറ്റാകുമെന്ന് ജഡ്ജ് ചെയ്യാനും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദൃശ്യം എടുത്തപ്പോള്‍ ഇത്രത്തോളം ഹിറ്റാകുമെന്ന് വിചാരിച്ചില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Content highlight: Mohanlal says I have gone through flops before I was a little distracted then