മലയാളത്തിലെ മഹാനടനാണ് മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ തുടങ്ങിയ സിനിമ ജീവിതം ഇന്ന് നാല് പതിറ്റാണ്ടിലേറെയായി തുടരുകയാണ്. ഈ കാലയളവില്‍ അദ്ദേഹം ചെയ്തത് ഫലിപ്പിക്കാത്ത വേഷങ്ങളില്ല. മലയാളത്തിന് പുറമെ അന്യ ഭാഷയിലും തന്റെ പേര് പതിപ്പിക്കാന്‍ മോഹന്‍ലാലിന് കഴിഞ്ഞിട്ടുണ്ട്.
അഭിനയത്തിന് പുറമെ സിനിമയിലെ മറ്റ് മേഖലയിലും അദ്ദേഹം തന്റെ കഴിവ് പരീക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ബറോസ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് മോഹന്‍ലാല്‍ സംവിധായക കുപ്പായവും അണിഞ്ഞു. അഭിനയത്തിനും സംവിധാനത്തിനും നിര്‍മാണത്തിനും പുറമെ അദ്ദേഹം ഒരു സിനിമക്ക് വേണ്ടി കഥയും ഒരുക്കിയിട്ടുണ്ട്.
സ്വപ്നമാളിക എന്നായിരുന്നു ചിത്രത്തിന്റെ പേര്. 2008ല്‍ തിയേറ്ററുകളിലെത്തും എന്നുകരുതിയ സിനിമയുടെ റിലീസ് നീണ്ടുപോകുകയായിരുന്നു. ഇപ്പോഴിതാ പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം റിലീസിന് ഒരുങ്ങുകയാണ് മോഹന്‍ലാല്‍ നായകനായ സ്വപ്നമാളിക. അഡ്വ.കെ.എ ദേവരാജ് സംവിധാനം ചെയ്ത ചിത്രം റിലീസിനുള്ള തയ്യാറെടുപ്പിലാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാല്‍ എഴുതിയ തര്‍പ്പണം എന്ന നോവലിന്റെ ചലച്ചിത്ര ആവിഷ്‌കാരമാണ് സ്വപ്നമാളിക.
കരിമ്പില്‍ ഫിലിംസ് ആണ് സ്വപ്നമാളിക നിര്‍മിച്ചത്. ചിത്രത്തില്‍ ജയ് കിഷന്‍ സംഗീതം നല്‍കിയ ഗാനങ്ങള്‍ യേശുദാസ്, ജി. വേണുഗോപാല്‍, ചിത്ര എന്നിവരാണ് ആലപിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിത്രീകരണം കഴിഞ്ഞ ഈ സിനിമ ചില സാങ്കേതിക കുരുക്കില്‍പ്പെട്ടുകിടക്കുകയായിരുന്നു. മോഹന്‍ലാല്‍ ഡോ. അപ്പു നായര്‍ എന്ന അര്‍ബുദ രോഗ വിദഗ്ധന്റെ വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നത്. അപ്പു നായര്‍ തന്റെ പിതാവിന്റെ അസ്ഥി ഒഴുക്കുന്നതിനായി വാരണാസിയില്‍ വരുന്നതും അവിടെ വെച്ച് രാധ കാര്‍മെല്‍ എന്ന വിദേശ വനിതയെ പരിചയപ്പെടുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥാതന്തു.
തിലകന്‍, ഇന്നസെന്റ്, സുകുമാരി, ഊര്‍മിള ഉണ്ണി, കോട്ടയം നസീര്‍, സാജു കൊടിയന്‍, കുളപ്പുള്ളി ലീല, ശിവാനി, വിദ്യ തുടങ്ങിയവരാണ് സ്വപ്നമാളികയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Content Highlight: Mohanlal’s Swapnamalika Movie Is All Set To Hit The Theater After 16 Years