എനിക്ക് എന്റെ പിള്ളേര്‍ മാത്രമല്ല, അവരുടെ പിള്ളേരും കൂടെയുണ്ട്, തലമുറകളുടെ നായകനായി മോഹന്‍ലാല്‍
Malayalam Cinema
എനിക്ക് എന്റെ പിള്ളേര്‍ മാത്രമല്ല, അവരുടെ പിള്ളേരും കൂടെയുണ്ട്, തലമുറകളുടെ നായകനായി മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 10th November 2025, 5:05 pm

ദൃശ്യം 3യുടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട ലൊക്കേഷന്‍ വീഡിയോയാണ് സോഷ്യല്‍ മീഡിയ ഇളക്കിമറിക്കുന്നത്. മോഹന്‍ലാലിനെ കാണാന്‍ സ്‌കൂള്‍ കുട്ടികള്‍ ആവേശത്തോടെ ഓടിവരുന്നതും അവരുടെ മുന്നിലേക്ക് മോഹന്‍ലാല്‍ വരുന്നതുമാണ് വീഡിയോയിലുള്ളത്. ‘ലാലേട്ടാ’ എന്ന് ഒരു കൊച്ചുകുട്ടി വിളിക്കുന്നിടത്താണ് വീഡിയോ അവസാനിച്ചത്.

തൊടുപുഴ ഭവന്‍സ് വിദ്യാ മന്ദിറില്‍ ഷൂട്ടിനെത്തിയ മോഹന്‍ലാല്‍ ജോര്‍ജുകുട്ടിയുടെ ഗെറ്റപ്പിലാണ് കുട്ടികള്‍ക്ക് മുന്നില്‍  പ്രത്യക്ഷപ്പെട്ടത്. കൊച്ചുകുട്ടികളുടെ സ്‌നേഹവും ആദരവും നേടിയ മോഹന്‍ലാലിന്റെ വീഡിയോ ഇതിനോടകം പലരും ഏറ്റെടുത്തു. അഭിനയജീവിതം നാലരപ്പതിറ്റാണ്ട് പിന്നിടുമ്പോള്‍ തന്റെ ആരാധകരുടെ മക്കളുടെ സ്‌നേഹവും സ്വന്തമാക്കി തലമുറകളുടെ നായകനായി മാറിയ മോഹന്‍ലാലാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം.

അടുത്തിടെ ഫാന്‍സ് അസോസിയേഷന്‍ മീറ്റിനിടയില്‍ ‘ഏത് പ്രതിസന്ധി ഘട്ടത്തിലും ധൈര്യമായി നില്‍ക്കാന്‍ എനിക്കെന്റെ പിള്ളേരുണ്ടെടാ’ എന്ന് മോഹന്‍ലാല്‍ പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ പിള്ളേര് മാത്രമല്ല, അവരുടെ പിള്ളേരും മോഹന്‍ലാലിനെ നെഞ്ചിലേറ്റുന്നുണ്ട് എന്നതിന്റെ തെളിവാണ് പുതിയ വീഡിയോ.

മോഹന്‍ലാലെന്ന നടനും താരവും മലയാളികളുടെ ജീവിതത്തിന്റെ ഭാഗമാണെന്നും താരത്തിന്റെ സിനിമകളെല്ലാം ആരാധകര്‍ നെഞ്ചിലേറ്റുന്നുണ്ട് എന്നതിന് സാക്ഷ്യം വഹിച്ച വര്‍ഷം കൂടിയാണ് 2025. തുടര്‍പരാജയങ്ങള്‍ക്ക് പിന്നാലെ മോഹന്‍ലാലിന്റെ സ്റ്റാര്‍ഡത്തെ സംശയത്തോടെ നോക്കിക്കണ്ട ഒരുകൂട്ടമാളുകള്‍ക്ക് മുന്നില്‍ തന്റെ വിശ്വരൂപം മോഹന്‍ലാല്‍ പുറത്തെടുത്തിരുന്നു.

100 കോടി ക്ലബ്ബ് പോലും ഇതുവരെ പല നടന്മാരും നേടാത്ത ഇന്‍ഡസ്ട്രിയില്‍ തുടര്‍ച്ചയായി രണ്ട് 200 കോടി ചിത്രങ്ങള്‍ പുറത്തിറക്കി മോളിവുഡിലെ തന്റ സിംഹാസനം മോഹന്‍ലാല്‍ സ്വന്തമാക്കിയിരുന്നു. ഒപ്പം ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരവും ഇത്തവണ മലയാളികളുടെ സ്വന്തം ലാലേട്ടനെ തേടിയെത്തിയിരുന്നു.

നിലവില്‍ ദൃശ്യം 3യടക്കം മൂന്ന് സിനിമകളുടെ തിരക്കിലാണ് മോഹന്‍ലാല്‍. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പാട്രിയറ്റിന്റെ അവസാന ഷെഡ്യൂളാണ് ഇനി ബാക്കിയുള്ളത്. വിസ്മയ നായികയാകുന്ന തുടക്കത്തിനായി താരം 30 ദിവസത്തെ ഡേറ്റ് നല്കിയിട്ടുണ്ട്. ഡിസംബര്‍ അവസാനത്തോടെ ഓസ്റ്റിന്‍ ഡാന്റെ ചിത്രത്തില്‍ താരം ജോയിന്‍ ചെയ്യുമെന്ന് കരുതുന്നു.

Content Highlight: Mohanlal’s new video in Drishyam 3 location viral in social media