മലയാളികളുടെ സ്വന്തം താരരാജാവായ മോഹൻലാൽ എങ്ങനെയെത്തിയാലും, എങ്ങനെയായാലും സോഷ്യൽ മീഡിയയിൽ ട്രെൻഡാകുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത് . ഇപ്പോഴിതാ ലാലേട്ടന്റെ മീശ പിരിച്ച പുതിയ ലുക്കാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നത്.
ഇതാരാ ഋഷിരാജ് സിങ്ങോ…? എന്നടക്കമുള്ള ചോദ്യമാണ് മോഹൻലാലിന്റെ പുതിയ ലുക്കിന് താഴെ വരുന്നത്.
മോഹൻലാൽ, Photo: Mohanlal/ Facebook
തരുൺ മൂർത്തി–മോഹൻലാൽ കൂട്ടുകെട്ടിലെ പുതിയ ചിത്രത്തിനായി താരം താടി വടിച്ച്, മീശ പിരിച്ചെത്തുമെന്ന അഭ്യൂഹങ്ങൾ നേരത്തെ തന്നെ ഉണ്ടായിരുന്നു. എന്നാൽ കൃത്യമായ സ്ഥിരീകരണം ലഭിച്ചിരുന്നില്ല. കുറച്ച് ദിവസങ്ങൾക്ക് മുൻപ് മോഹൻലാൽ തന്നെയാണ് തന്റെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. അതോടെ ആരാധകർ ഏറെ ആവേശത്തിലായി.
ഇന്നിതാ മാതൃഭൂമി അക്ഷരോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ മോഹൻലാലിന്റെ പുതിയ ലുക്കാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗം സൃഷ്ടിക്കുന്നത്. പച്ച ജുബ്ബ അണിഞ്ഞ്, മീശ പിരിച്ചെത്തിയ ലാലേട്ടനെ കണ്ടതോടെ ആരാധകർ ആഘോഷമൂഡിലാണ്.
മുമ്പ് പങ്കുവെച്ച ചിത്രത്തിൽ ‘വിന്റേജ് ലാലേട്ടനെ തിരികെ കിട്ടി’ എന്നായിരുന്നു ആരാധകരുടെ പ്രതികരണം. ഇന്നത്തെ ഈ ലുക്കിലും അതേ ആവേശമാണ് ആരാധകരിൽ നിറയുന്നത്.
ഇതാരാ ഋഷിരാജ് സിങ്ങോ, നല്ല കിടിലൻ ലുക്ക്, ഇതാ ഞങ്ങൾ ആഗ്രഹിച്ച ലാലേട്ടൻ..എന്നിങ്ങനെ നിരവധി കമന്റുകളാണ് പുതിയ ലുക്കിന് പിന്നാലെ എത്തുന്നത്.
മോഹൻലാൽ–തരുൺ മൂർത്തി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘തുടരും’ വമ്പൻ വിജയമായതിന് പിന്നാലെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തൊടുപുഴയിൽ ആരംഭിച്ചിരുന്നു. അന്നത്തെ ലാലേട്ടന്റെ ലുക്കും സ്റ്റൈലും ആരാധകർ ഏറെ ആവേശത്തോടെ തന്നെയാണ് സ്വീകരിച്ചിട്ടിരുന്നത്.
ഒരു കാലത്ത് താടി എടുക്കാത്തതിനാൽ വിമർശിക്കപ്പെട്ട താരം, ഇന്ന് താടി വടിച്ചെത്തിയപ്പോൾ എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നതെന്നാണ് ആരാധകർ പറയുന്നത്.
താടി എടുത്താൽ ചേരില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് ഈ ലുക്ക് എന്നും മീശ പിരിച്ചാൽ മോഹൻലാലിനോളം ഓറ മറ്റാർക്കും അവകാശപ്പെടാനാവില്ല എന്നും സോഷ്യൽ മീഡിയയിൽ ആരാധകർ പങ്കുവെക്കുന്നു.
എന്തായാലും, മീശ പിരിച്ച് തോൾ ചെരിച്ച് നടന്നു വരുന്ന വിന്റേജ് ലാലേട്ടനെ വീണ്ടും കണ്ട സന്തോഷത്തിലാണ് ആരാധകർ. പുതിയ ചിത്രത്തിലെ ലുക്ക് പുറത്തുവന്നതോടെ, താടി വടിച്ച പഴയ ലാലേട്ടനെ വീണ്ടും വലിയ സ്ക്രീനിൽ കാണാമെന്ന പ്രതീക്ഷയും ശക്തമായിരിക്കുകയാണ്.
ചിത്രത്തിൽ മോഹൻലാൽ പൊലീസ് കഥാപാത്രമായാണ് എത്തുന്നത്. മീര ജാസ്മിൻ ആണ് നായിക വേഷം കൈകാര്യം ചെയ്യുന്നത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് ബാനറിൽ ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രതീഷ് രവിയാണ് ഒരുക്കുന്നത്.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.