റാണിയ്ക്ക് മേക്കപ്പിട്ട് ഹാപ്പിയായി നടന്നാല്‍ മതി, ഉള്ളില്‍ നടക്കുന്ന സംഘര്‍ഷം ജോര്‍ജ് കുട്ടിക്ക് മാത്രമേ അറിയുള്ളൂ: മോഹന്‍ലാല്‍
Malayalam Cinema
റാണിയ്ക്ക് മേക്കപ്പിട്ട് ഹാപ്പിയായി നടന്നാല്‍ മതി, ഉള്ളില്‍ നടക്കുന്ന സംഘര്‍ഷം ജോര്‍ജ് കുട്ടിക്ക് മാത്രമേ അറിയുള്ളൂ: മോഹന്‍ലാല്‍
അശ്വിന്‍ രാജേന്ദ്രന്‍
Tuesday, 19th May 2026, 10:17 pm

ഇന്ത്യന്‍ സിനിമയിലെ ത്രില്ലര്‍ ഴോണറുകളുടെ ഗതി തന്നെ മാറ്റിമറിച്ച ചിത്രമാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങിയ ദൃശ്യം. ജോര്‍ജ് കുട്ടിയെന്ന നാലാം ക്ലാസുകാരന്റെ ബുദ്ധി കൊണ്ട്, തന്നെയും തന്റെ കുടുംബത്തെയും രക്ഷിക്കുന്ന മോഹന്‍ലാല്‍ കഥാപാത്രം സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സീറ്റ് എഡ്ജ് ത്രില്ലറാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. കണ്ടുശീലിച്ച സ്ഥിരം പൊലീസ്-കള്ളന്‍ രീതിയില്‍ നിന്നും മാറി പ്രേക്ഷകര്‍ ചിന്തിക്കാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ക്ക് ഒരുപടി മുന്നേ സഞ്ചരിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗവും മികച്ച അനുഭവമാണ് കാഴ്ച്ചക്കാര്‍ക്ക് നല്‍കിയത്.

ദൃശ്യം. Photo: IMDB

മെയ് 21 ന് ചിത്രത്തിന്റെ മൂന്നാം ഭാഗം തിയേറ്ററുകളിലേക്കെത്തുമ്പോള്‍ വരുണിന്റെ കൊലയാളികള്‍ പിടിക്കപ്പെടുമോ അതോ ജോര്‍ജ് കുട്ടിയുടെ സമര്‍ത്ഥമായ ബുദ്ധി കുടുംബത്തെ വീണ്ടും ജയിലിലകപ്പെടുന്നതില്‍ നിന്നും രക്ഷിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ചിത്രം പുറത്തിറങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ചിത്രത്തിന്റെ പ്രൊമോഷനുമായി തിരക്കിലാണ് അണിയറപ്രവര്‍ത്തകര്‍. ആശിര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന അഭിമുഖത്തില്‍ രസകരമായി ചിത്രത്തെ കുറിച്ച് സംസാരിക്കുന്ന മോഹന്‍ലാലിന്റെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

‘പൊലീസിന്റെ പിടിയില്‍ ജോര്‍ജ് കുട്ടി എപ്പോള്‍ വേണമെങ്കിലും അകപ്പെടാം. അതുകൊണ്ട് തന്നെ വളരെ സന്തോഷത്തോടെ ഇരിക്കുന്ന ജോര്‍ജ് കുട്ടിയല്ല ചിത്രത്തിലുള്ളത്. അകത്ത് ഭയങ്കരമായ സംഘര്‍ഷങ്ങള്‍ നടക്കുന്ന ആളു തന്നെയാണ് ജോര്‍ജ് കുട്ടി. ഈ ഭാര്യക്കും പിള്ളേര്‍ക്കും അതറിയില്ലെന്ന് പറഞ്ഞാല്‍ ഞാന്‍ എന്ത് ചെയ്യാനാണ്. ഈ റാണിക്ക് എപ്പോഴും മേക്കപ്പെല്ലാം ചെയ്ത് ഹാപ്പിയായി നടന്നാല്‍ മതി.

ആ വീടിന് പോലും അയാള്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. കാരണം എപ്പോള്‍ വേണമെങ്കിലും അകത്ത് പോകാം. പെയിന്റെല്ലാം ചെയ്ത് പൈസ വെറുതെ കളയേണ്ട എന്ന് കരുതിയിട്ടാകും അതൊന്നും ചെയ്യാത്തത്,’ മോഹന്‍ലാല്‍ പറഞ്ഞു.

അഭിമുഖത്തില്‍ നിന്നും. Photo: Screen Grab/ Aashirvadh cinemas/ youtube.com

ആഴ്ച്ചകള്‍ക്ക് മുമ്പ് തന്നെ അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. വിദേശ രാജ്യങ്ങളിലടക്കം ചിത്രത്തിന്റെ ആദ്യ ദിനങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ ഭൂരിഭാഗവും വിറ്റ് പോയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എമ്പുരാന് ശേഷം മലയാളത്തില്‍ നിന്നും 40 കോടിയിലധികം ഓപ്പണിങ് ഡേ കളക്ഷന്‍ നേടുന്ന ചിത്രമായി ദൃശ്യം 3 മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

 

Content Highlight: Mohanlal’s interview talks goes viral on social media relating drishyam 3

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.