L ഫോര്‍ ലാലല്ല, ഇത് തരുണിന്റെ സ്വന്തം ലവ്‌ലജന്‍, L 366 ഫസ്റ്റ് ലുക്ക് പുറത്ത്
Malayalam Cinema
L ഫോര്‍ ലാലല്ല, ഇത് തരുണിന്റെ സ്വന്തം ലവ്‌ലജന്‍, L 366 ഫസ്റ്റ് ലുക്ക് പുറത്ത്
അമര്‍നാഥ് എം.
Thursday, 29th January 2026, 9:05 pm

ഇന്‍ഡസ്ട്രി ഹിറ്റ് കോമ്പോ വീണ്ടുമൊന്നിക്കുന്നു എന്ന ഒരൊറ്റ അനൗണ്‍സ്‌മെന്റിലൂടെ ഹൈപ്പിന്റെ കൊടുമുടി കയറിയ ചിത്രമാണ് L366. തുടരുമിന് ശേഷം തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ട് കഴിഞ്ഞദിവസം തൊടുപുഴയില്‍ ആരംഭിച്ചു. ഇപ്പോഴിതാ ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.

പൊലീസ് യൂണിഫോമിലുള്ള മോഹന്‍ലാലിന്റെ ചിത്രമാണ് പുറത്തുവിട്ടത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരും ഫസ്റ്റ് ലുക്കിനൊപ്പം കൊടുത്തിട്ടുണ്ട്. ടി.എസ് ലവ്‌ലജന്‍ എന്നാണ് മോഹന്‍ലാലിന്റെ പേര്. പേരിലെ വ്യത്യസ്തത സിനിമയിലുമുണ്ടാകുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ‘പരിശുദ്ധ സ്‌നേഹത്തിന്റെ മനുഷ്യരൂപത്തെ പരിചയപ്പെടുത്തുന്നു’ എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോ പങ്കുവെച്ചത്.

പൊലീസ് സ്റ്റോറിയാണെങ്കിലും പ്രേക്ഷകര്‍ കാണാനാഗ്രഹിക്കുന്ന രീതിയില്‍ മോഹന്‍ലാലിനെ അവതരിപ്പിക്കാന്‍ തരുണിന് സാധിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. തുടരും പോലെ ആദ്യപകുതി ഫീല്‍ ഗുഡും രണ്ടാം പകുതി ത്രില്ലര്‍ ട്രാക്കുമാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. മറ്റൊരു ഇന്‍ഡസ്ട്രി ഹിറ്റിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

ചിത്രത്തിനായി മോഹന്‍ലാല്‍ താടി വടിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഒടിയന് ശേഷം ഒരൊറ്റ സിനിമയിലും മോഹന്‍ലാല്‍ താടി വടിക്കാത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ താടി വാടിച്ചുകൊണ്ടുള്ള മോഹന്‍ലാലിന്റെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായി. പഴയ മോഹന്‍ലാല്‍ തിരിച്ചെത്തിയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

തുടരും, ദൃശ്യം 3 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മറ്റൊരു സിനിമക്കായി മോഹന്‍ലാല്‍ തൊടുപുഴയിലെത്തിയിരിക്കുകയാണ്. താരത്തിന്റെ ഭാഗ്യ ലൊക്കേഷനായി തൊടുപുഴ മാറിയെന്നാണ് പലരുടെയും കമന്റ്. 120 ദിവസത്തെ ഷൂട്ടാണ് L366ക്കായി മാറ്റിവെച്ചിരിക്കുന്നത്. ആഷിക് ഉസ്മാനാണ് ചിത്രത്തിന്റെ നിര്‍മാണം. മുമ്പ് ഓസ്റ്റിന്‍ ഡാന്‍ മോഹന്‍ലാലിനെ നായകനാക്കി L 365 എന്ന പ്രൊജക്ട് അനൗണ്‍സ് ചെയ്തിരുന്നു.

എന്നാല്‍ ആ പ്രൊജക്ടിന് പകരമാണ് ഇപ്പോള്‍ ഈ ചിത്രം വന്നിരിക്കുന്നത്. ഓസ്റ്റിന്റെ പ്രൊജക്ട് ഡ്രോപ്പായിട്ടില്ലെന്നും നിര്‍മാതാവ് അറിയിച്ചിട്ടുണ്ട്. 12th മാന് ശേഷം മോഹന്‍ലാല്‍ പൊലീസായെത്തുന്ന ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ ചലനമുണ്ടാക്കുമെന്ന് ഉറപ്പാണ്. ഈ വര്‍ഷം തന്നെ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.

ഇഷ്‌ക്, അടി തുടങ്ങിയ ചിത്രങ്ങള്‍ക്ക് കഥയൊരുക്കിയ രതീഷ് രവിയാണ് ഈ ചിത്രത്തിന്റെ സ്‌ക്രിപ്റ്റ്. മീരാ ജാസ്മിനാണ് ചിത്രത്തിലെ നായിക. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മീര ജാസ്മിന്‍ മോഹന്‍ലാലിന്റെ നായികയാകുന്നത്. 2026 ക്രിസ്മസിന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.

Content Highlight: Mohanlal’s character name in L 366 out now

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം