നാല് മാസങ്ങള്‍ക്ക് ശേഷം അമ്മയെ കാണാന്‍ മോഹന്‍ലാല്‍ കൊച്ചിയില്‍ എത്തി; ഇനി സ്വകാര്യ ഹോട്ടലില്‍ ക്വാറന്റൈനില്‍
COVID-19
നാല് മാസങ്ങള്‍ക്ക് ശേഷം അമ്മയെ കാണാന്‍ മോഹന്‍ലാല്‍ കൊച്ചിയില്‍ എത്തി; ഇനി സ്വകാര്യ ഹോട്ടലില്‍ ക്വാറന്റൈനില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 24th July 2020, 10:39 pm

കൊച്ചി:സംസ്ഥാനത്ത് കൊവിഡ് ഭീഷണി തുടങ്ങിയ നാളുകളിലാണ് നടന്‍ മോഹന്‍ലാല്‍ അവധിക്കാലം ആഘോഷിക്കുന്നതിനായി ചെന്നൈയിലെ തന്റെ വസതിയിലെത്തിയത്. എന്നാല്‍ ഇതിനിടെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും കൊവിഡ് ഭീഷണി വര്‍ധിക്കുകയും ചെയ്തതോടെ താരം ചെന്നൈയിലെ വസതിയില്‍ തന്നെ താമസിക്കുകയായിരുന്നു.

എന്നാല്‍ താരത്തിന്റെ അമ്മ കൊച്ചിയിലായിരുന്നു. ഇതോടെ നാലുമാസങ്ങള്‍ക്ക് ശേഷം അമ്മയെ കാണുന്നതിനായി മോഹന്‍ലാല്‍ കൊച്ചിയില്‍ തിരികെ എത്തിയിരിക്കുകയാണ്. ചെന്നൈയില്‍ നിന്നും റോഡ് മാര്‍ഗമാണ് മോഹന്‍ലാല്‍ കൊച്ചിയിലെത്തിയത്.

14 ദിവസത്തെ ക്വാറന്റൈന്‍ കഴിഞ്ഞതിന് ശേഷമേ മോഹന്‍ലാല്‍ തേവരയിലെ വീട്ടിലേക്ക് പോകുകയുള്ളു. ഇതിനായി കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ആണ് സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

ചെന്നൈയില്‍ നിന്ന് തന്റെ ഡ്രൈവെരോടൊപ്പമാണ് മോഹന്‍ലാല്‍ കൊച്ചിയിലെത്തിയത്. അമ്മക്കൊപ്പം കുറച്ചു നാള്‍ തങ്ങിയതിന് ശേഷം മോഹന്‍ലാല്‍ ചെന്നൈയിലേക്ക് തിരികെ പോയേക്കും.

അതേസമയം കൊവിഡ് പ്രതിരോധത്തിനായി നിരവധി പ്രവര്‍ത്തനങ്ങളാണ് മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടത്തുന്നത്. കേരളത്തിന് പുറമെ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള കൊവിഡ് രക്ഷാ ഉപകരണങ്ങള്‍ വിശ്വശാന്തി ഫൗണ്ടേഷന്‍ എത്തിച്ചിരുന്നു.

കേരള പൊലീസിനും വിവിധ ആശുപത്രികള്‍ക്കും സുരക്ഷാ ഉപകരണങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപയും മോഹന്‍ലാല്‍ നല്‍കിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക